---
title: "ഷവർമയിൽ പുഴു; നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിന് വിലക്ക് "
english_title: "Worms in shawarma; Bake Point cake shop in Nadapuram banned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/71610/worms-in-shawarma-bake-point-cake-shop-in-nadapuram-banned"
published_at: "2022-09-29T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63359d13c1a35_shawarma.jpg"
keywords: []
---

# ഷവർമയിൽ പുഴു; നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിന് വിലക്ക് 

> **Lead Summary:** നാദാപുരം: വിദ്യാർത്ഥികൾക്ക് കഴിക്കാൻ നൽകിയ ഷവർമയിൽ പുഴുക്കളെന്ന് പരാതി. നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിന് ആരോഗ്യ വകുപ്പിൻ്റെ വിലക്ക്. വിദ്യാർത്ഥികൾ ഷവർമ കഴിക്കുന്നതിനിടെ പുഴുവിനെ കിട്ടിയതിനെ തുടർന്ന് രക്ഷിതാവ് ആരോഗ്യവകുപ്പിന് പരാതി നൽകുകയായിരുന്നു.

## Article Content

നാദാപുരം: വിദ്യാർത്ഥികൾക്ക് കഴിക്കാൻ നൽകിയ ഷവർമയിൽ പുഴുക്കളെന്ന് പരാതി. നാദാപുരത്തെ ബേക്ക് പോയിന്റ് കേക്ക് ഷോപ്പിന് ആരോഗ്യ വകുപ്പിൻ്റെ വിലക്ക്. വിദ്യാർത്ഥികൾ ഷവർമ കഴിക്കുന്നതിനിടെ പുഴുവിനെ കിട്ടിയതിനെ തുടർന്ന് രക്ഷിതാവ് ആരോഗ്യവകുപ്പിന് പരാതി നൽകുകയായിരുന്നു.

തുടർന്നാണ് സ്ഥാപനത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും സ്ഥാപനം പ്രവർത്തിക്കുന്നതായി പരിശോധന നടത്തിയപ്പോൾ ബോധ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

തുടർന്ന് ഷവർമയും ശീതളപാനീയങ്ങളും ഉണ്ടാക്കുന്നതും വിൽപ്പന നടത്തുന്നതും ആരോഗ്യവിഭാഗം തടഞ്ഞു. ഷവർമ കഴിച്ച കുട്ടികളുടെ പരാതികൾ ഫോണിൽ ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെ വാട്സാപ്പ് വഴി ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എട്ട് മണിയോടുകൂടി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ. പ്രീജിത്ത്.പി.കെ, പ്രസാദ്.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രസാദ് എന്നിവർ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി.

സർക്കാർ ഉത്തരവ് പ്രകാരമുള്ള എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കാത്ത മുഴുവൻ ഷവർമ സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും എന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ എം ജമീല അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/71610/worms-in-shawarma-bake-point-cake-shop-in-nadapuram-banned)