---
title: "അധ്യാപികയെ ജാതിപ്പേര് വിളിച്ചെന്ന പരാതി; തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാന്റ് ചെയ്തു"
english_title: "Complaint that the teacher was called by a caste name; The court remanded the Thripangottur panchayat secretary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/7198/complaint-that-the-teacher-was-called-by-a-caste-name-the-court-remanded-the-thripangottur-panchayat-secretary"
published_at: "2021-10-25T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176ed5804cb8_TP MUSTHAFA.jpg"
keywords: []
---

# അധ്യാപികയെ ജാതിപ്പേര് വിളിച്ചെന്ന പരാതി; തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാന്റ് ചെയ്തു

> **Lead Summary:** **നാദാപുരം: **ജില്ലാ അതിർത്തി പഞ്ചായത്തായ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാന്റ് ചെയ്തു. അധ്യാപികയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസിലാണ് സെക്രട്ടറി ജയിലിയായത്. പൊലീസ്‌ കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ചെണ്ടയാട്ടെ ടി.പി മുസ്തഫയെയാണ് ജില്ലാ സെഷൻസ് കോടതി ഇന്ന് റിമാന്റ് ചെയ്തത്.

## Article Content

**നാദാപുരം: **ജില്ലാ അതിർത്തി പഞ്ചായത്തായ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറിയെ കോടതി റിമാന്റ് ചെയ്തു. അധ്യാപികയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസിലാണ് സെക്രട്ടറി ജയിലിയായത്. പൊലീസ്‌ കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ചെണ്ടയാട്ടെ ടി.പി മുസ്തഫയെയാണ് ജില്ലാ സെഷൻസ് കോടതി ഇന്ന് റിമാന്റ് ചെയ്തത്.

ഒളവിലായിരുന്ന ടി പി മുസ്തഫ കോടതിയിൽ കീഴടങ്ങുകയായിരുന്നു. നരിക്കോട് മല ഗവ.എൽ പി സ്ക്കൂൾ അധ്യാപിക എം.കെ.ബീനയാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൊളവല്ലൂർ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതോടെ മുഖ്യമന്ത്രിക്കും, കലക്ടർക്കും, പരാതി നൽകുകയായിരുന്നു.

ജാതി പേര് വിളിച്ച് പരസ്യമായി കളിയാക്കിയത് മാനസികമായി തളർത്തിയെന്ന ബീനയുടെ പരാതിയിൽ ഉടൻ നടപടിയെടുക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം കേസെടുത്തെങ്കിലും ഇയാൾ ഒളിവിൽ പോയി. തലശേരിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും, കേസ് പരിഗണിക്കാനിരിക്കെ പിൻവലിക്കുകയായിരുന്നു.

തിങ്കളാഴ്ച ജില്ലാ കോടതിയിൽ കീഴടങ്ങിയ മുസ്തഫയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കുന്നുണ്ട്. സ്ക്കൂൾ കെട്ടിടത്തിന്റെ അപകടാവസ്ഥ അറിയിക്കാനാണ് പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന ബീന പഞ്ചായത്ത് ഓഫീസിലെത്തിയത്. ഈ സമയത്ത് ജാതിപേര് വിളിച്ചുവെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. കേസ് ഒത്തുതീർപ്പാക്കാൻ അണിയറ നീക്കങ്ങൾ ശക്തമായി നടന്നെങ്കിലും അധ്യാപിക വഴങ്ങാതിരിക്കുകയായിരുന്നു എന്നും സൂചനയുണ്ട്.

ഇദ്ദേഹം നേരത്തെ തൂണേരി, ചെക്യാട് ഗ്രാമ പഞ്ചായത്തുകളുടെ സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. മുസ്ലിം ലീഗ് നേതാവ് സി പി അഹമ്മദലി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/7198/complaint-that-the-teacher-was-called-by-a-caste-name-the-court-remanded-the-thripangottur-panchayat-secretary)