---
title: "തുരത്തി ഓടിച്ചു ; കാട്ടാനക്കൂട്ടത്തെ ദ്രുതകർമസേന ഉൾവനത്തിലേക്ക് തുരത്തി ഓടിച്ചു "
english_title: "The rapid reaction force drove the herd into the forest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/744/the-rapid-reaction-force-drove-the-herd-into-the-forest"
published_at: "2021-10-02T07:25:00+05:30"
category: "Vanimel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6157bc7c958cb_druthakarmasena.jpg"
keywords: []
---

# തുരത്തി ഓടിച്ചു ; കാട്ടാനക്കൂട്ടത്തെ ദ്രുതകർമസേന ഉൾവനത്തിലേക്ക് തുരത്തി ഓടിച്ചു 

> **Lead Summary:** **വാണിമേൽ : **സർവ്വതു ചവിട്ടിമെതിച്ച് കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട് വനത്തിൽ വനംവകുപ്പിന്റെ ദ്രുതകർമസേനയുടെ യജ്ഞം വിജയം കണ്ടു. മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ കാട്ടാനക്കൂട്ടത്തെ കിലോമീറ്റർ ദൂരത്തുള്ള ചന്ദനത്താംകുണ്ട് ഭാഗത്തേക്ക് തുരത്തി. ഇന്നു പുലർച്ചെ അഞ്ചു മുതൽ വീണ്ടും ആരംഭിച്ച സേന നീക്കം തുടരുന്നു.

## Article Content

**വാണിമേൽ : **സർവ്വതു ചവിട്ടിമെതിച്ച് കാട്ടാനശല്യം രൂക്ഷമായ വിലങ്ങാട് വനത്തിൽ വനംവകുപ്പിന്റെ ദ്രുതകർമസേനയുടെ യജ്ഞം വിജയം കണ്ടു. മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ കാട്ടാനക്കൂട്ടത്തെ കിലോമീറ്റർ ദൂരത്തുള്ള ചന്ദനത്താംകുണ്ട് ഭാഗത്തേക്ക് തുരത്തി. ഇന്നു പുലർച്ചെ അഞ്ചു മുതൽ വീണ്ടും ആരംഭിച്ച സേന നീക്കം തുടരുന്നു.

അപകടഭീഷണി പൂർണമായും ഒഴിവാകുവരെ സംഘം മലയോരത്ത് ക്യാമ്പ് ചെയ്യും. വിലങ്ങാട് പൂവത്താംകണ്ടി ഭാഗത്താണ് ആഴ്ച്ചകളായി കാട്ടാനകൾ കൂട്ടത്തോടെയിറങ്ങി വൻതോതിൽ കൃഷി നശിപ്പിച്ചത്. ദ്രുതകർമസേന വ്യാഴാഴ്ച തന്നെ സ്ഥലത്തെത്തിയെങ്കിലും മഴമൂലം വനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. ഇത് കാരണം ദൗത്യം ഉപേക്ഷിച്ച് മടങ്ങി. ഇന്നലെ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും വൈകുന്നേരം നാലുമണിവരെ കാട്ടിൽ നിലയുറപ്പിച്ചു.

കാട്ടാനകളെ നേരിൽക്കണ്ട സംഘം ആയുധങ്ങളുപയോഗിച്ച് അവയെ തുരത്തി. വീണ്ടും ശക്തമായ മഴയും കോടമഞ്ഞുമായതോടെ സംഘം കാട്ടിൽനിന്നു തിരിച്ചു. കാട്ടിലെ തിരച്ചിൽ വൈകുന്നേരം നിർത്തിവെച്ചെങ്കിലും സംഘം രാത്രിയിൽ മലയോരത്ത് കാവൽനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം തിരച്ചിൽ നിർത്തിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ആനയെ തുരത്തിയില്ലെങ്കിൽ ജീവനക്കാരെ തടയാനായിരുന്നു യൂത്ത് കോൺഗ്രസിന്റെ തീരുമാനം. ദ്രുതകർമസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരായ കെ. സുരേഷ്, എൻ.കെ. അർജുൻ, യൂത്ത് കോൺഗ്രസ് സെക്രട്ടറി ജെയിംസ് ടോംസ്, നാട്ടുകാരൻ മുട്ടത്തുകുന്നേൽ സനീഷ് തുടങ്ങിയവരാണ് ആനയെ തുരത്താൻ രംഗത്തുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/744/the-rapid-reaction-force-drove-the-herd-into-the-forest)