---
title: "ശാദുലി സാഹിബ് സ്മാരക  പുരസ്കാരം എം കെ അഷ്റഫിന്"
english_title: "Shaduli Sahib Memorial Award To MK Ashraf"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74758/shaduli-sahib-memorial-award-to-mk-ashraf"
published_at: "2022-10-16T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bbb2e80280_shaduli.jpg"
keywords: []
---

# ശാദുലി സാഹിബ് സ്മാരക  പുരസ്കാരം എം കെ അഷ്റഫിന്

> **Lead Summary:** **നാദാപുരം : **സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുവരുന്ന മുർഷിദീ ഇശൽ ബിഷാറ കലാസാഹിത്യ സംഘം വർഷംതോറും നൽകി വരാറുള്ള മുർഷിദീ പുരസ്കാരത്തിനു ഈ വർഷം കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അർഹനായി.

## Article Content

**നാദാപുരം : **സംസ്ഥാനതലത്തിൽ പ്രവർത്തിച്ചുവരുന്ന മുർഷിദീ ഇശൽ ബിഷാറ കലാസാഹിത്യ സംഘം വർഷംതോറും നൽകി വരാറുള്ള മുർഷിദീ പുരസ്കാരത്തിനു ഈ വർഷം കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അർഹനായി.

കലാസാംസ്കാരിക രംഗങ്ങളിലും മാധ്യമ പ്രവർത്തന രംഗത്തും നൽകിയ മികച്ച സംഭാവന പരിഗണിച്ചാണ് അഷ്റഫിന് അവാർഡ് നൽകുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വടകര പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നേതാവും ആയിരുന്ന പി ശാദുലി സാഹിബിന്റെ സ്മരണയ്ക്ക് വേണ്ടിയാണ് ഇത്തവണ പുരസ്കാരം നൽകുന്നത്.

മാപ്പിള കവികളായ എം എച്ച് വള്ളുവങ്ങാട്, ഒ എം കരുവാരക്കുണ്ട്, മൊയ്തു മാസ്റ്റർ വാണിമേൽ, ശാദുലി സാഹിബിന്റെ മകൻ പി മുനീർ മാസ്റ്റർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 24ന് നാദാപുരം കക്കംവള്ളിയിൽ നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ സമ്മാനിക്കും.

രണ്ടര പതിറ്റാണ്ടിലേറെയായി ചന്ദ്രിക റിപ്പോർട്ടറായി പ്രവർത്തിച്ചുവരുന്ന അഷ്റഫ് കേരള പത്രപ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് പ്രസിഡണ്ട്, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം മണ്ഡലം ചെയർമാൻ, ലഹരി നിർമാർജന സമിതി നാദാപുരം മണ്ഡലം പ്രസിഡണ്ട്, മീഡിയ വിഷൻ ചീഫ് എഡിറ്റർ, വാണിമേൽ എം യു പി സ്കൂൾ പി ടി എ പ്രസിഡണ്ട്, വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ, ദാറുൽഹുദാ ടി ടി ഐ മാനേജിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.

ഗായകനും ഗാനരചയിതാവുമായ ഇദ്ദേഹം വിവിധ ജില്ലാ സബ്ജില്ല സ്കൂൾ കലോത്സവങ്ങളിൽ മാപ്പിള കലകളുടെ വിധി കർത്താവാണ്. നേരത്തെ വാണിമേൽ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74758/shaduli-sahib-memorial-award-to-mk-ashraf)