---
title: "മാതൃകയായി ഗ്രന്ഥാലയം; നാടിന് അനുഗ്രഹമായി ലഹരി ബോധവൽക്കരണം "
english_title: "The library as a model; Drug awareness is a boon to the country"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/74860/the-library-as-a-model-drug-awareness-is-a-boon-to-the-country"
published_at: "2022-10-17T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ce6c1acb87_Untitled-1.jpg"
keywords: []
---

# മാതൃകയായി ഗ്രന്ഥാലയം; നാടിന് അനുഗ്രഹമായി ലഹരി ബോധവൽക്കരണം 

> **Lead Summary:** **എടച്ചേരി : **കച്ചേരി പൊതുജന വായനശാല & ഗ്രന്ഥാലയം കച്ചേരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി : **കച്ചേരി പൊതുജന വായനശാല & ഗ്രന്ഥാലയം കച്ചേരിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കച്ചേരി കുന്നുംപുറത്ത് വെച്ചായിരുന്നു ബോധവൽക്കരണ ക്ലാസ്. ഗ്രന്ഥാലയത്തിന്റെ കീഴിൽ നാല് ഹൗസിംഗ് സൊസൈറ്റി ഉണ്ട്, ഇതിൽ കുന്നുംപുറം ഹൗസിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊയിലോത്ത് രാജൻ ഉദ്ഘാടനം ചെയ്തു,വാർഡ് മെമ്പർ സതി മാരാംവീട്ടിൽ അധ്യക്ഷത വഹിച്ചു. ശിഖ.വി. കെ. ലഹരി വിരുദ്ധ കവിത ആലപിച്ചു.

എടച്ചേരി എ.എസ്.ഐ സുദർശൻ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേകിച്ച് ആയിരുന്നു പരിപാടി. വീണ്ടും,വീണ്ടും കാണണമെന്നോ, അനുഭവിക്കണമെന്നോ തോന്നുന്ന എല്ലാ വസ്തുക്കളും ലഹരിയാണ്. ഭക്ഷണ വസ്തുക്കൾ അല്ലാത്ത പ്രകൃതിജന്യമോ രാസപദാർത്ഥമോ പൊടിയായിട്ടോ ഇഞ്ചക്ഷൻ രൂപേനെയോ ഉപയോഗിക്കുന്നതിനെയാണ് ലഹരി എന്നു പറയുന്നത്.

ഇന്ന് സമൂഹത്തിലെ ഏറ്റവും വലിയ ലഹരി സ്മാർട്ട് ഫോൺ ആണെങ്കിൽ അതിനേക്കാളും വലിയ ലഹരിയാണ് മയക്കുമരുന്നും അനുബന്ധ പദാർത്ഥങ്ങളും എന്ന് എ.എസ്.ഐ പറഞ്ഞു. കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകുന്നുവെങ്കിൽ,കുട്ടികൾ കൃത്യസമയത്ത് ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം.

രക്ഷിതാക്കളാണ് കുട്ടികൾക്ക് മാതൃക കാണിക്കേണ്ടതെന്ന് രക്ഷിതാക്കളുടെ ബോധവൽക്കരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. വീട്ടിൽ എന്തെങ്കിലും സംശയമുണ്ടായാൽ പിതാവിനെയാണ് കുട്ടി ആദ്യം സമീപിക്കുക പക്ഷേ പിതാവ് ആ സമയത്ത് പുകവലിക്കുന്ന അല്ലെങ്കിൽ മദ്യപിക്കുന്ന അവസ്ഥയായാൽ പിന്നീട് കുട്ടികൾക്ക് സംശയം ഇല്ലാതാവുകയും അവൻ ചില കൂട്ടുകെട്ടുകളിൽ പെട്ടുപോവാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് വീട്ടിൽ കുട്ടികൾക്ക് പരിഗണന നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എ.എസ്.ഐ സുദർശന്റെ നേതൃത്വത്തിൽ നടന്ന പ്രതിജ്ഞ ശ്രദ്ധേയമായി. ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തു വിദ്യാർഥികളും രക്ഷിതാക്കളും.

യു. കുമാരൻ മാസ്റ്റർ, എം.കെ രാജീവൻ മാസ്റ്റർ, ടി കെ അജിത്ത്കുമാർ, സി. അജിത ടീച്ചർ, കെ.പി രമേശൻ, പ്രദീപ് കേളോത്ത്, ഷീബ പവിത്രൻ എന്നിവർ സംസാരിച്ചു. ബബിതാ രാജേഷ് സ്വാഗതവും രജിഷ.വി കെ നന്ദിയും പറഞ്ഞു.

ചടങ്ങിൽ രക്ഷിതാക്കൾ, കുട്ടികൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ബോധവൽക്കരണത്തിന്റെ തുടർച്ചയെന്നോളം 24ാം തീയതി വൈകിട്ട് മൂന്ന് മണിക്ക് ബഹുജന റാലി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/74860/the-library-as-a-model-drug-awareness-is-a-boon-to-the-country)