Categories
Breaking News

80 മാർക്ക്; വളയം ഗ്രാമ പഞ്ചായത്ത് മറ്റൊരു അംഗീകാരത്തിന്റെ നിറവിൽ

വളയം: ശുചിത്വ മേഖലയിൽ സുസ്ഥിര വികസനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ശുചിത്വ പദവിക്ക് 80 മാർക്കോടു കൂടി വളയം ഗ്രാമ പഞ്ചായത്ത് അർഹത നേടി. ശുചിത്വ പദവി ലഭിക്കുന്നതിന് 60 മാർക്കാണ് നേടേണ്ടിയിരുന്നത്.

തൂണേരി ബ്ലോക്ക് പരിധിയിൽ ശുചിത്വ പദവി കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി മാറിയിരിക്കയാണ് വളയം. കോഴിക്കോട് ജില്ലാ കലക്ടർ നിയമിച്ച ഹരിത കേരളം മിഷനിലേയും ശുചിത്വമിഷനിലേയും പഞ്ചായത്ത് വകുപ്പിലേയും ജില്ലാതല ഉദ്യോഗസ്ഥർ പഞ്ചായത്തിൽ സന്ദർശനം നടത്തി പരിശോധിക്കുകയും വളയം ഗ്രാമ പഞ്ചായത്ത് ശുചിത്വമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതായി വിലയിരുത്തുകയും ചെയ്തു.

ഹരിത കർമ്മ സേനയുടേ പ്രവർത്തനം, എം.സി.എഫ് സ്ഥാപിച്ചത്, ജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, പൊതു ഇടങ്ങളിലെ ശുചി മുറികളുടെ അവസ്ഥ, പൊതുനിരത്തുകളുടേയും ജലാശയങ്ങളുടേയും വൃത്തി, ഖര – ദ്രവ്യ മാലിന്യ പരിപാലന നിയമം നടപ്പിലാക്കൽ, പ്ലാസ്റ്റിക്ക് നിരോധനം, മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ തുടങ്ങിയവയ്ക്കെതിരെ സ്വീകരിച്ച നടപടികൾ, നിയമബോധവൽക്കരണ ക്ലാസ്സുകൾ, ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കൽ മുതലായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതി പരിശോധന നടത്തിയത്.

കൈവരിച്ച ശുചിത്വ പദവി നിലനിർത്തി കൊണ്ട് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ തുടർനടപടികൾ വളയം ഗ്രാമ പഞ്ചായത്ത് സത്വരമായി സ്വീകരിക്കുമെന്നും മാലിന്യങ്ങൾ വലിച്ചെറിയൽ, കത്തിക്കൽ, നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുടെ വിൽപന, ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തുന്നതുൾപ്പെടെയുള്ള കർശന നിയമ നടപടികൾ തുടർന്നും പഞ്ചായത്ത് സ്വീകരിക്കുമെന്നും പ്രസിഡണ്ട് എം. സുമതിയും സെക്രട്ടറി കെ.വിനോദ് കൃഷ്ണനും അറിയിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP