---
title: "വിഷമല്ല വേണ്ടത് ഭക്ഷണം; ഭക്ഷ്യ വിഷബാധ നാദാപുരത്ത് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി"
english_title: "Food poisoning was tested in various establishments in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80244/food-poisoning-was-tested-in-various-establishments-in-nadapuram"
published_at: "2022-11-14T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637243e8929c9_Untitled-1.jpg"
keywords: []
---

# വിഷമല്ല വേണ്ടത് ഭക്ഷണം; ഭക്ഷ്യ വിഷബാധ നാദാപുരത്ത് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

> **Lead Summary:** **നാദാപുരം : **വിഷമല്ല കഴിക്കാൻ വേണ്ടത് ഭക്ഷണം. ഭക്ഷ്യ വിഷബാധയെ തുടർന്ന് നാദാപുരത്ത് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ചേലക്കാട് സ്വദേശികളായ രണ്ടു കുട്ടികൾക്കും മാതാവിനും നാദാപുരത്തെ ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സ് കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

## Article Content

**നാദാപുരം : **വിഷമല്ല കഴിക്കാൻ വേണ്ടത് ഭക്ഷണം. ഭക്ഷ്യ വിഷബാധയെ തുടർന്ന് നാദാപുരത്ത് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ചേലക്കാട് സ്വദേശികളായ രണ്ടു കുട്ടികൾക്കും മാതാവിനും നാദാപുരത്തെ ബേക്കറിയിൽ നിന്ന് വാങ്ങിയ പഫ്സ് കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

തുടർന്ന് ഇവർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരത്തെ എം ആർ എ ബേക്കറിയിൽ നിന്നുമാണ് പഫ്സ് കഴിച്ചതെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ അറിയിച്ചതിനെ തുടർന്ന് അധികൃതർ സ്ഥാപനത്തിൽ പരിശോധന നടത്തി.

പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. സ്ഥാപനത്തിലെ മലിനജല സംസ്ക്കരണ സംവിധാനം തൃപ്തികരമല്ലാത്തതിനാൽ ആയത് പരിഹരിക്കുന്നത് വരെ സ്ഥാപനത്തിലെ കൂൾബാർ, ചായ വിഭാഗം പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. രണ്ടുദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ നോട്ടീസും നൽകിയിട്ടുണ്ട്.

ഇതിന് പുറമേ സമീപത്തുള്ള ഹൈ ലുക്ക് ടീഷോപ്പ്, ബേക്ക് പോയിന്റ് എന്നീ സ്ഥാപനങ്ങൾക്കും കൂൾബാർ, ടിഷോപ്പ് പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകി. സ്ഥാപനങ്ങളിലെ മലിന ജല സംസ്കരണ സംവിധാനം മാറ്റി ശാസ്ത്രീയമായ സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.

പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ പ്രീജിത്ത്, സി പ്രസാദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80244/food-poisoning-was-tested-in-various-establishments-in-nadapuram)