---
title: "ആർക്ക് വേണ്ടി? ആരോഗ്യ മന്ത്രി വരുന്നു ,നാദാപുരത്ത് ആശുപത്രി നിറഞ്ഞു"
english_title: "The health minister is coming, the hospital is full in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80477/the-health-minister-is-coming-the-hospital-is-full-in-nadapuram"
published_at: "2022-11-16T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63745c05edac2_taluk.jpg"
keywords: []
---

# ആർക്ക് വേണ്ടി? ആരോഗ്യ മന്ത്രി വരുന്നു ,നാദാപുരത്ത് ആശുപത്രി നിറഞ്ഞു

> **Lead Summary:** ** നാദാപുരം:** 'വേണമെങ്കിൽ ചക്ക വേറ്റിലും കായ്ക്കും' എന്ന പഴഞ്ചൊല്ലിൽ ഒട്ടും പതിരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നാദാപുരം താലൂക്ക് ഗവ.ആശുപത്രി ജീവനക്കാരും അധികൃതരും. ഇന്നലെ മുതൽ ആശുപത്രി നിറഞ്ഞു. വാർഡുകൾ സജീവം, പരിശോധനയും കിടത്തി ചികിത്സയും എല്ലാം ഉഷാർ, പരിസരം വൃത്തിയാകുന്നു, എല്ലാ വിഭാഗവും ഉണരുന്നു, എല്ലാവരും ഹാജർ.

## Article Content

** നാദാപുരം:** 'വേണമെങ്കിൽ ചക്ക വേറ്റിലും കായ്ക്കും' എന്ന പഴഞ്ചൊല്ലിൽ ഒട്ടും പതിരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നാദാപുരം താലൂക്ക് ഗവ.ആശുപത്രി ജീവനക്കാരും അധികൃതരും. ഇന്നലെ മുതൽ ആശുപത്രി നിറഞ്ഞു. വാർഡുകൾ സജീവം, പരിശോധനയും കിടത്തി ചികിത്സയും എല്ലാം ഉഷാർ, പരിസരം വൃത്തിയാകുന്നു, എല്ലാ വിഭാഗവും ഉണരുന്നു, എല്ലാവരും ഹാജർ.

അടിമുടി താലൂക്ക് ആശുപത്രി തന്നെയായി, ആരും കൊതിക്കുന്ന ഈ നേട്ടങ്ങൾ എങ്ങനെ മിന്നൽ വേഗത്തിൽ വന്നു, എല്ലാവരും മൂക്കിൽ വിരൾ വെച്ച് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം വളരെ അടുത്തു തന്നെയുണ്ട്. 18 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ വരുന്നു.

> "മന്ത്രി വരുമ്പോൾ എല്ലാം പർഫക്റ്റാകണം , അപ്പോൾ എല്ലാവരും മടി ഉപേക്ഷിച്ച് പണിയെടുക്കും ,"എന്നും... മന്ത്രി വന്നിരുന്നെങ്കിൽ " ആശുപത്രിയുടെ ദുരിതം കണ്ടു മടുത്ത ഒരു സുമനസ്സിൻ്റെ ഗദ്ഗതമാണിത്.

കഴിഞ്ഞ ദിവസം വരെ അഞ്ചും പത്തും രോഗികളെയാണ് കിടത്തി ചികിത്സിച്ചത്. ഒറ്റയടിക്ക് ഇന്നലെ നാല്പതാക്കി ഉയർത്തി, കാരണം അത് തന്നെ! ,കഴിഞ്ഞ മാസം ആശുപത്രികളുടെ ഗുണ നിലവാര പരിശോധന അവാർഡായ 'കായ കൽപത്തി ' നായുടെ വിദഗ്ദ പരിശോധനയ്ക്ക് അധികൃതർ എത്തുന്ന വേളയിലും ഈ ഉണർവ് കണ്ടിരുന്നതായി ഒരു സഹൃദയനും സാക്ഷ്യപ്പെടുത്തി.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്ന ഇ-ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് 18 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് എത്തുന്നത്. നേരത്തെ ആശുപത്രിയുടെ നേർ ചിത്രം അവതരിപ്പിച്ച ട്രൂ വിഷൻ ന്യൂസ് പരമ്പര 'ആരുണ്ടിവിടെ ചോദിക്കാൻ ' ഇവിടുത്തെ രോഗികളുടെ ദുരിതവും ജീവനക്കാരുടെ പരാധീനതകളും തുറന്നു കാട്ടിയിരുന്നു.

താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടും ആവശ്യത്തിന് ഡോക്ടർമാരും നേഴ്സ്മാരും ഇവിടെ ഇല്ലയെന്ന വസ്തുതയും അധികൃതർ പരമ്പരയിലൂടെ തുറന്ന് പറഞ്ഞു.

താളം തെറ്റിയ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ഈ സമയം പുന:രാരംഭിച്ചിരുന്നു. ഉള്ള ജീവനകാരുടെ ഏകോപന കുറവും ഈ ദുരവസ്ഥയ്ക്ക് മറ്റൊരു കാരണമാണ് എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80477/the-health-minister-is-coming-the-hospital-is-full-in-nadapuram)