---
title: "അലങ്കോലമാക്കിയാൽ സമരം ചെയ്യും; കേരളോത്സവ നടത്തിപ്പ്, ചെക്യാട് പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ "
english_title: "DYFI against Chekyat Panchayat, Kerala festival management"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/80551/dyfi-against-chekyat-panchayat-kerala-festival-management"
published_at: "2022-11-16T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374abf731a12_dyfi.jpg"
keywords: []
---

# അലങ്കോലമാക്കിയാൽ സമരം ചെയ്യും; കേരളോത്സവ നടത്തിപ്പ്, ചെക്യാട് പഞ്ചായത്തിനെതിരെ ഡിവൈഎഫ്ഐ 

> **Lead Summary:** **പാറക്കടവ്:** കേരളോത്സവ നടത്തിപ്പിലെ ചെക്യാട് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിച്ച് ക്ലബ്ബുകളുടെയും യുവജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്ന് ഡിവൈഎഫ്ഐ.

## Article Content

**പാറക്കടവ്:** കേരളോത്സവ നടത്തിപ്പിലെ ചെക്യാട് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിച്ച് ക്ലബ്ബുകളുടെയും യുവജനങ്ങളുടെയും ആശങ്ക പരിഹരിക്കണമെന്ന് ഡിവൈഎഫ്ഐ.

മറ്റിടങ്ങളിൽ പഞ്ചായത്ത് തല മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ ചെക്യാട് പഞ്ചായത്തിലെ കേരളോത്സവുമായി ബന്ധപ്പെട്ട് യുവജനകൾക്കിടയിലും ക്ലബ്ബുകൾക്കിടയിലും മത്സരാർത്ഥികൾക്കിടയിലും വലിയ ആശങ്കകൾ നിലനിൽക്കുകയാണ്.

ബ്ലോക്ക് തല മത്സരം നവംബർ 28 ന് നടക്കാനിരിക്കെ പഞ്ചായത്ത്തല മത്സര നടത്തിപ്പിനായുള്ള യാതൊരു മുന്നൊരുക്കങ്ങളും ഇതുവരെ ഭരണസമിതി നടത്തിയിട്ടില്ല. തൊട്ടടുത്ത പ്രദേശമായ വളയത്ത് വച്ച് നടക്കുന്ന സബ് ജില്ലാ കലോത്സവ സമാപന ദിവസമായ നവംബർ 19 ന് അത്‌ലറ്റിക്സും ഗെയിംസും നടത്താനുള്ള ഭരണസമിതി തീരുമാനം പുന: പരിശോധിക്കണം.

മുൻവർഷങ്ങളെ പോലെ ആസൂത്രണമില്ലായ്മയും ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും കൊണ്ട് ഈ വർഷത്തെ കേരളോത്സവവും തട്ടിക്കൂട്ട് പരിപാടിയായി നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനമെങ്കിൽ യുവജനങ്ങളെ അണിനിരത്തി ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്ന് മേഖലാ കമ്മറ്റി മുന്നറിയിപ്പ് നൽകി.

സർക്കാരിന്റെയും യുവജനക്ഷേമ ബോർഡിന്റെയും നിർദേശങ്ങൾക്കനുസൃതമായി മത്സരാത്ഥികളുടെയും ക്ലബ്ബുകളുടെയും യുവജനങ്ങളുടെയും ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ കേരളോത്സവം സംഘടിപ്പിക്കണമെന്നും ഡിവൈഎഫ്ഐ കുറുവന്തേരി മേഖല എസ്‌സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/80551/dyfi-against-chekyat-panchayat-kerala-festival-management)