---
title: "നടീൽ, ജനകീയ ഉത്സവമായി. പത്തു കണ്ടം പച്ചപ്പണിയും"
english_title: " Planting, as a popular festival. pathukandam become  green."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82202/planting-as-a-popular-festival-pathukandam-become-green"
published_at: "2022-11-27T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6382ec251e56c_nadeel_ultsavam.jpg"
keywords: []
---

# നടീൽ, ജനകീയ ഉത്സവമായി. പത്തു കണ്ടം പച്ചപ്പണിയും

> **Lead Summary:** **നാദാപുരം: ** കാൽനൂറ്റാണ്ടിലേറെയായി കർഷകസ്പർശമേൽക്കാതെ, കാടുമൂടിക്കിടന്ന മൂന്നര ഏക്കർ പാടശേഖരം ജനങ്ങൾ ഒന്നിച്ചിറങ്ങി വെട്ടി വെടിപ്പാക്കി കൃഷിയോഗ്യമാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പത്തു കണ്ടം വയലിലാണ് നാടിന് മാതൃകയായ ജനകീയ മുന്നേറ്റം നടന്നത്.

## Article Content

**നാദാപുരം: ** കാൽനൂറ്റാണ്ടിലേറെയായി കർഷകസ്പർശമേൽക്കാതെ, കാടുമൂടിക്കിടന്ന മൂന്നര ഏക്കർ പാടശേഖരം ജനങ്ങൾ ഒന്നിച്ചിറങ്ങി വെട്ടി വെടിപ്പാക്കി കൃഷിയോഗ്യമാക്കി. നാദാപുരം ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പത്തു കണ്ടം വയലിലാണ് നാടിന് മാതൃകയായ ജനകീയ മുന്നേറ്റം നടന്നത്.

  പാടത്ത് നെൽകൃഷി ആരംഭിക്കുന്നതിൻ്റെ തുടക്കമായ വിത്തിടൽ മഹോത്സവത്തിൽ ജനപ്രതിനിധികൾ,വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായി പാടത്തിറങ്ങി ഞാറു നട്ടപ്പോൾ, പത്തു കണ്ടം നെൽകൃഷി പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ സ്കൂൾ യൂണിഫോമിൽ തന്നെ ചേറിലും ചെടിയിലുമിറങ്ങി ഞാറു നട്ടപ്പോൾ കണ്ടുനിന്നവർക്ക് കൗതുകമുള്ള കാഴ്ചയായി. സമീപത്തെ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും അന്യമായിക്കൊണ്ടിരിക്കുന്ന നെൽകൃഷി കാഴ്ചകൾ കാണാൻ വരിവരിയായി എത്തിച്ചേർന്നത് മനോഹരമായ കാഴ്ചയായിരുന്നു.

വിദ്യാർത്ഥികൾക്കായി നെൽ കൃഷിയുമായി ബന്ധപ്പെട്ട പ്രദർശനവും നടീൽ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമെല്ലാം യഥാർത്ഥ കർഷകരായി ചേറിലിറങ്ങി ഞാറു നട്ടത് നാട്ടുകാരിൽ ആവേശം ഉണർത്തി. പഴയകാല പാട്ടുകൾ കൊപ്പം പത്തു കണ്ടം കൃഷിയുടെ ഭാഗമായി തയ്യാറാക്കിയ ഗാനവും വയലിൽ മുഴങ്ങിക്കേട്ടു.

നാദാപുരം ഗ്രാമപഞ്ചായത്ത് നെൽകൃഷി വികസന പ്രോജക്ടിന്റെ ഭാഗമായാണ് പതിമൂന്നാം വാർഡിലെ പത്തുകണ്ടം വയലിൽ നെൽകൃഷി ഇറക്കിയത്. നടീൽ ഉത്സവം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലിഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ, എം സി സുബൈർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ ടി ലീന, റോഷ്ന പിലാക്കാട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമാ റാണി, കൃഷി ഓഫീസർ സജീറ, എൻ എസ് എസ് കോഡിനേറ്റർ അജയകുമാർ, പി കെ കൃഷ്ണൻ, റിനീഷ് വി വി, എം ചന്ദ്രൻ, കെ നാരായണൻ, കെ സി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു. വെരിക്കോളി കർഷകക്കൂട്ടം കൺവീനർ എ കെഹരിദാസൻ സ്വാഗതവും, ചെയർമാൻ പി ശ്രീധരൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82202/planting-as-a-popular-festival-pathukandam-become-green)