---
title: "മരണം അപകടമല്ല; നരിക്കാട്ടേരി സംഭവം കൊലാപാതകമോ?"
english_title: "Death is not an accident; Narikatteri incident murder?"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82274/death-is-not-an-accident-narikatteri-incident-murder"
published_at: "2022-11-27T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638356c429780_death.jpeg"
keywords: []
---

# മരണം അപകടമല്ല; നരിക്കാട്ടേരി സംഭവം കൊലാപാതകമോ?

> **Lead Summary:** **നാദാപുരം:** നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ. ഇതിനിടെ വാഹനാപകടമല്ലെന്ന് ഉറപ്പിച്ച് പൊലീസും. കാസർക്കോട് ചീമേനി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത് ആണ് മരിച്ചത്. പലേരി കരുണാകരൻ്റെയും തമ്പായിയുടെയും മകനാണ്.

## Article Content

**നാദാപുരം:** നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ. ഇതിനിടെ വാഹനാപകടമല്ലെന്ന് ഉറപ്പിച്ച് പൊലീസും. കാസർക്കോട് ചീമേനി അരയാലിൻ കീഴിൽ പാലേരി വീട്ടിൽ ശ്രീജിത്ത് ആണ് മരിച്ചത്. പലേരി കരുണാകരൻ്റെയും തമ്പായിയുടെയും മകനാണ്.

സഹോദരൻ സജിത്ത്. അഴിയൂർ കല്ലാമലയിലെ സുബിനയാണ് ഭാര്യ. കിഷൻജിത്ത് മകനാണ്. ഇന്നലെ രാത്രിയാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് ഗുരുതരാസ്ഥയിൽ അടിവസ്ത്രം മാത്രം ധരിച്ച് റോഡിൽ കിടന്ന നിലയിൽ ശ്രീജിത്തിനെ നാട്ടുകാർ കണ്ടത്.

ഉടൻ പ്രദേശത്തെ യുവാക്കൾ ഓട്ടോറിക്ഷയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് ബോധം ഉണ്ടായിരുന്നു. ഇവിടെ നിന്ന് വടകര ഗവ.ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് രാവിലെ മോർച്ചറിയിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ എത്തിയ ശേഷമാണ് ശ്രീജിത്തിനെ തിരിച്ചറിഞ്ഞത്.

കണ്ണൂർ - കാസർക്കോട് ജില്ലാ അതിർത്തി സ്വദേശി ശ്രീജിത്താണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇയാൾ എന്തിന് നരിക്കാട്ടേരിയിൽ എത്തി എന്നും മരണകാരണം എന്താണെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ഉന്നയിക്കുന്നുണ്ട്. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. ഇതിനിടെ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പൊലീസ് സൈബർ വിഭാഗത്തിൻ്റെ സഹായം തേടിയിട്ടുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നരിക്കാട്ടേരിയിലേക്ക് പുറപ്പെട്ടു. തലയ്ക്ക് പിറക് വശം മുറിവും ശരീരത്തിൽ വ്യാപകമായി ക്ഷതമേറ്റ പാടുകളുമുണ്ട്. ഒരു കൈയ്യുടെ എല്ല് ഓടിഞ്ഞിട്ടുണ്ട്.നരിക്കാട്ടേരിയിൽ കനാൽ പരിസരത്ത് വിജനമായ കാട് മൂടിയ റോഡരികിലാണ് ശ്രീജിത്ത് സഞ്ചരിച്ച കാർ ചെറുതായി ഇടിച്ച നിലയിൽ കണ്ടെത്തിയത്. 25 ന് രാവിലെ ചീമേനിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ശ്രീജിത്തേന്ന് ബന്ധുക്കൾ പറഞ്ഞു.

അന്ന് രാത്രി സിനിമ കണ്ട് കഴിഞ്ഞ് രാത്രി വൈകി കല്ലാമലയിലെ ഭാര്യവീട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്ന് രാവിലെ 11 മണിയോടെ ചീമേനിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി. ഉച്ചയോടെ മറ്റൊരു യുവാവുമൊന്നിച്ച് ശ്രീജിത്ത് വീണ്ടും കല്ലാമലയിലെ വീട്ടിൽ എത്തിയിരുന്നു. ബന്ധുക്കൾ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്.

ഇതേ തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അല്പസമയം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പെയിൻ്റിംഗ് തൊഴിലാളിയാണ് ശ്രീജിത്ത്. മദ്യപിക്കുന്ന ശീലം ഉണ്ടെങ്കിലും സിഗരറ്റ് ശ്രീജിത്ത് വലിക്കാറില്ല .എന്നാൽ കാറിൽ സിഗരറ്റ് പാക്കുകൾ കണ്ടെത്തിയതായും ബന്ധുക്കൾ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82274/death-is-not-an-accident-narikatteri-incident-murder)