Oct 31, 2021 09:55 PM

നാദാപുരം : കിഴക്കൻ മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ സുപ്രധാനമായൊരു ചുവടുവെപ്പ്. പതിറ്റാണ്ടുകൾ പഴി കേട്ട ചരിത്രം ഇവിടെ വഴിമാറുന്നു. നാദാപുരത്ത് മുസ്ലിം ന്യൂനപക്ഷത്ത് നിന്നുള്ള ആദ്യ ലോക്കൽ സെക്രട്ടറിയായി ഏരോത്ത് ഫൈസൽ ചരിത്രത്തിൽ ഇടം നേടി.


ഇന്ന് വൈകിട്ട് കുമ്മങ്കോട് സമാപിച്ച സിപിഐ എം നാദാപുരം ലോക്കൽ സമ്മേളനമാണ് ഫൈസലിനെ സെക്രട്ടറിയായി ഐകകണ്ഠ്യേനെ തെരഞ്ഞെടുത്തത്.അടുത്തിടെയാണ് സിപിഐ എം നാദാപുരം ഏരിയാ കമ്മറ്റി അംഗമായത്.   ഇരുപത്തിരണ്ടാം പാർടി കോൺഗ്രസിൻ്റെ ഭാഗമായി നാലര വർഷം മുമ്പ് നടന്ന സമ്മേളനത്തിലാണ് നാദാപുരം ലോക്കൽ കമ്മറ്റി അംഗമായി തെരഞ്ഞെടുത്തത്.

2008 ലാണ് നാദാപുരം ടൗൺ ബ്രാഞ്ച് ഫൈസലിന് പാർട്ടി  അംഗത്വം നൽകുന്നത്. കോഴിക്കോട് തൻ്റെ ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനിടയിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയുമായ ടി.പി രാമകൃഷ്ണനുമായുള്ള അടുത്ത സൗഹൃദമാണ് അൻപതുകാരനായ ഫൈസലിനെ നഗരത്തിലെ പാർട്ടി പ്രവർത്തനത്തിൽ ആകർഷിച്ചത്.


പിന്നീട് നാദാപുരത്തുകാരൻ കൂടിയായ പി മോഹനൻ ജില്ലാ സെക്രട്ടറിയായതോടെ ഫൈസൽ ജന്മനാട്ടിലെ പാർട്ടിയുമായി കൂടുതൽ അടുത്തു .ആദ്യകാല പ്രവാസിയും നാദാപുരം എം ഇ ടി കോളേജ് സ്ഥാപക ചെയർമാനുമായിരുന്ന അന്തരിച്ച ഏരോത്ത് മൂസഹാജിയുടെ രണ്ടാമത്തെ മകനാണ് ഫൈസൽ .


ജീവിത അവസാന കാലത്ത് ഇടതുപക്ഷ സഹയാത്രികനായ മൂസ ഹാജിയുടെ കുടുംബം ഇന്ന് ചെങ്കൊടിക്കൊപ്പമാണ്. മൂത്ത മകൻ ഉസ്മാൻ കോഴിക്കോട് സി പി ഐ എം ലോക്കൽ സെക്രട്ടറിയാണ്. നദീറ യാണ് ഫൈസലിൻ്റെ ഭാര്യ. ലോ കോളേജ് വിദ്യാർത്ഥിനി ആയിശ ഹന്ന, കെൻസ എന്നിവർ മക്കളാണ്.

ജില്ലയിലെ മറ്റ് മേഖലകളിൽ നിന്ന് വ്യത്യസ്ഥമായി നാദാപുരം മേഖലയിൽ സിപിഐ എം അംഗങ്ങളിലും നേതൃത്വനിരയിലും മുസ്ലിം പ്രാതിനിധ്യം തുലോ തുച്ഛമായിരുന്നു. ഇതിന് ചരിത്ര പരമായി ഒട്ടേറെ കാരണങ്ങളുണ്ട്.


അടിമതുല്യരായി മണ്ണിൽ പണിയെടുപ്പിച്ചിരുന്ന കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് ജന്മി -ഭൂ പ്രമാണിത്വത്തോട് ഏറ്റുമുട്ടിയാണ് നാദാപുരം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നു വന്നത്. മറ്റ് മേഖലയിൽ നിന്ന് വ്യത്യസ്ഥമായി വാണിമേലിലേയും നാദാപുരത്തെയും ജന്മി പ്രമാണിമാരിൽ ഏറെയും മുസ്ലിം കുടുംബമായിരുന്നു.

വർഗ്ഗ സമരങ്ങൾക്ക് ചിലപ്പോൾ വർഗീയതയുടെ നിറം പകരാൻ ഇത് കാരണമായി. ഇതിനിടയിൽ നാദാപുരത്ത് ശക്തമായ സ്വാധീനം ഉറപ്പിക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞു.


കർഷക തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകിയ എ. കണാരൻ ഉൾപ്പെടെയുള്ള നേതാക്കൾ മുസ്ലിം വിരോധികളാണെന്ന ,പ്രചാരണത്തിലൂടെ കമ്മ്യൂണിസ്റ്റ്കാരുമായി മുസ്ലിം ജനവിഭാഗത്തെ അകറ്റി നിർത്താനും വലിയ അളവിൽ കഴിഞ്ഞു. എന്നാൽ വാണിമേലിൽ നേരത്തെ തന്നെ സാധാരണക്കാരായ മുസ്ലിംങ്ങൾ സിപിഐഎം അനുഭാവികളായി ഉണ്ടായിരുന്നു.


കലാപത്തിൻ്റെ നാടെന്ന നാദാപുരത്തിൻ്റെ ദുഷ്പേര് മാറ്റിയെടുക്കാൻ സിപിഐ എം വർത്തമാനകാലത്ത് നടത്തിയ ഇടപെടൽ വലിയ വിജയം കണ്ടു.


നാദാപുരത്ത മുസ്ലിം ജന വിഭാഗത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ച മുസ്ലിം എഡ്യുക്കേഷണൽ ട്രസ്റ്റ്  (MET ) യുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപന ഘട്ടത്തിൽ അന്ന് എം എൽ എ യായിരുന്ന എ കണാരനിൽ നിന്ന് ലഭിച്ച പിന്തുണയും സഹായവും ഏരോത്ത് മൂസ ഹാജിയെന്ന മുസ്ലിം ലീഗ്കാരനും ട്രസ്റ്റ് ചെയർമാൻ്റെയും തുറന്നു പറഞ്ഞത് ഒന്നര പതിറ്റാണ്ട് മുമ്പേ നാദാപുരത്ത് വലിയ ചർച്ചയായി.


മുസ്ലിം ലീഗ് ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന ചെക്യാട് ,വാണിമേൽ പഞ്ചായത്തുകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സി പി ഐ എമ്മിൻ്റെ പുതിയ നേതൃത്വത്തിന് കഴിഞ്ഞു. ചെക്യാട് രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ മുസ്ലിം ജനവിഭാഗത്തിൽ നിന്നുള്ളതാണ്.


നാദാപുരം മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിച്ചതിൻ്റെ ഗുണം സിപിഎമ്മിന് വലിയ ഫലം ചെയ്തിട്ടുണ്ടെന്ന് ഏവരും തല കുലുക്കി അംഗീകരിക്കുന്നുണ്ട്.


ചരിത്ര പ്രസിദ്ധമായ നാദാപുരം പള്ളിസ്ഥിതി ചെയ്യുന്ന മണ്ണിൽ ചെങ്കൊടി പ്രസ്ഥാനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ഫൈസൽ.

Historical step; Faisal became the first local secretary from a minority in Nadapuram

Next TV

Top Stories