---
title: "സ്വപ്നം യാഥാർത്ഥ്യമായി;കളിസ്ഥല നിർമ്മാണം ആരംഭിച്ചു."
english_title: "The dream came true; the construction of the playground began."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/82644/the-dream-came-true-the-construction-of-the-playground-began"
published_at: "2022-11-30T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386fbef51c28_PLAY_G.jpg"
keywords: []
---

# സ്വപ്നം യാഥാർത്ഥ്യമായി;കളിസ്ഥല നിർമ്മാണം ആരംഭിച്ചു.

> **Lead Summary:** ** നാദാപുരം:**നാദാപുരത്തെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു. ഇയ്യങ്കോട് പുഴയോരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥല നിർമ്മാണത്തിന് തുടക്കമായി.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്നാമത്തെ കളിസ്ഥല നിർമ്മാണമാണ് നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇയ്യങ്കോട് പുഴയോരത്ത് ആരംഭിച്ചത്.

## Article Content

** നാദാപുരം:**നാദാപുരത്തെ കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളച്ചു. ഇയ്യങ്കോട് പുഴയോരത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥല നിർമ്മാണത്തിന് തുടക്കമായി.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ മൂന്നാമത്തെ കളിസ്ഥല നിർമ്മാണമാണ് നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇയ്യങ്കോട് പുഴയോരത്ത് ആരംഭിച്ചത്.

ഒരു പഞ്ചായത്തിൽ ഒരു ഗ്രാമീണ കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 75 സെന്റ് പുഴ പുറമ്പോക്ക് സ്ഥലത്ത് ആധുനിക രീതിയിലുള്ള കളിസ്ഥലം നിർമ്മിക്കുന്നത്. കേന്ദ്രസർക്കാറിന്റെ പുതിയ നയം അനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പൊതു ആസ്തികൾ സൃഷ്ടിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി.

ആകെ 47.25 ലക്ഷം രൂപയുടെ അടങ്കൽ തുക ചിലവ് പ്രതീക്ഷിക്കുന്ന പ്രവർത്തികൾക്കാണ് തുടക്കം കുറിച്ചത്. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട സ്ഥലത്ത് കളിക്കള നിർമ്മാണത്തിന് ജില്ലാതല അനുമതി ലഭിക്കുകയും പഞ്ചായത്ത് അംഗീകൃത വെണ്ടറെ തിരഞ്ഞെടുത്തതിന് ശേഷമാണ് പ്രവർത്തി ആരംഭിച്ചത്.

തൊഴിലുറപ്പ് പദ്ധതിയിലെ മെറ്റീരിയൽ ഘടകത്തിലെ 30%ത്തിൽ ഉൾപ്പെടുത്തിയ സാമൂഹിക ആസ്തി നിർമ്മാണത്തിലാണ് പദ്ധതിയുടെ ഫണ്ട് കണ്ടെത്തുന്നത്. ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച നിറഞ്ഞ സദസ്സിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പ്രവർത്തി ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ തൊഴിലുറപ്പ് പദ്ധതി ജോയിൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ്‌ ഷാ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ എം സി സുബൈർ , ജനീദ ഫിർദൗസ് , അംഗങ്ങളായ പി പി ബാലകൃഷ്ണൻ , വി അബ്ദുൽ ജലീൽ , വാസു പറമ്പത്ത്, മസ്ബൂബ ഇബ്രാഹിം, റോഷ്‌ന പിലാക്കാട്ട് , സുമയ്യ പാട്ടത്തിൽ , ഇ .കെ.സുനിത, സി.ടി.കെ സമീറ, ബ്ലോക്ക് പഞ്ചായത്ത് ബി ഡി. ഒ ദേവിക രാജ് , ജോയിന്റ് ബി ഡി. ഒ സ്വപ്ന വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.എം രഘുനാഥ്‌ , ടി കണാരൻ ,മഠത്തിൽ അബ്‌ദുല്ലഹാജി , സി.എച്ച ദിനേശൻ ,കെ ടി കെ ചന്ദ്രൻ , കരിമ്പിൽ ദിവാകരൻ കോടുക്കണ്ടി മൊയ്‌ദു ,പി രാജൻ, വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പറും വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സി. കെ. നാസർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ നവനീദ് രാജഗോപാൽ നന്ദിയും പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/82644/the-dream-came-true-the-construction-of-the-playground-began)