---
title: "നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ"
english_title: " The incident where a young man was found dead in Narikatteri; Accused in remand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83219/the-incident-where-a-young-man-was-found-dead-in-narikatteri-accused-in-remand"
published_at: "2022-12-03T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b458a4b19e_arrest.jpg"
keywords: []
---

# നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി റിമാൻഡിൽ

> **Lead Summary:** **നാദാപുരം :**നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ അറസ്റ്റിലായ പ്രതി സമീഷിനെ റിമാന്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേയ്ക്ക് പ്രതിയെ റിമാന്റ് ചെയ്തത് ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെയാണ് മരിച്ച ശ്രീജിത്തിന്റെ മകനും ഭാര്യമാതാവും നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞു .

## Article Content

**നാദാപുരം :**നരിക്കാട്ടേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ അറസ്റ്റിലായ പ്രതി സമീഷിനെ റിമാന്റ് ചെയ്തു. നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേയ്ക്ക് പ്രതിയെ റിമാന്റ് ചെയ്തത് ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെയാണ് മരിച്ച ശ്രീജിത്തിന്റെ മകനും ഭാര്യമാതാവും നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞു .

കണ്ണൂർ കേളകം സ്വദേശി സമീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ശ്രീജിത്തിന്റെ ചീമേനിയിലുള്ള വീട്ടുകാരുമായി പൊലീസ് ബന്ധപ്പെടുകയും തിരിച്ചറിയാനായി നാദാപുരത്തേയ്ക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇവർ ചീമേനി നിന്ന് പുറപ്പെട്ടു. മകനും ഭാര്യമാതാവും സഞ്ചരിച്ച വാഹനം പയ്യന്നൂരിൽ വെച്ച് തകരാറിൽ ആയതിനാൽ മറ്റൊരു വാഹനം വരുത്തിയാണ് യാത്ര തുടർന്നത്.

ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അപകടമാണെങ്കിൽ എന്തുകൊണ്ട് സമീഷ് ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ഒളിവിൽ പോയത് എന്തിനാണെന്നുമുള്ള ചോദ്യമാണ് ഭാര്യ സുബിന ഉന്നയിക്കുന്നത്. മകനും തന്റെ അമ്മയും ബന്ധുക്കളും പ്രതിയെ കണ്ടശേഷം അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിൽ കാണുമെന്നും ഇതിനുശേഷം താൻ പ്രതികരിക്കുമെന്നും ശ്രീജിത്തിന്റെ ഭാര്യ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം സമീഷിനെ ഇന്നലെതന്നെ നരിക്കാട്ടേരിയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. നാദാപുരം സി ഐ യുടെയും ഡി.വൈ എസ പിയുടെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ കേളകം സ്വദേശി സമീഷാണ്(27) അറസ്റ്റിലായത്. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാൽ പാലത്തിനു സമീപം കാറിൽനിന്നു വീണ നിലയിൽ കാസർകോട് ചെറുവത്തൂർ സ്വദേശി ശ്രീജിത്തിനെ കണ്ടത്.

തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. ശ്രീജിത്തിന്റെ സുഹൃത്ത് സമീഷ് ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണ് ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന.

കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത് കണ്ണൂര്‍ സ്വദേശിയാ‌ണെന്നു മനസിലായത്. തനിക്ക് അബദ്ധം പറ്റിയെന്നും അപകടത്തില്‍പ്പെട്ട കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ ശ്രീജിത്തിന്റെ ദേഹത്തുകൂടി കാര്‍ കയറി ഇറങ്ങിയെന്നുമാണ് ഇയാള്‍ യുവതിയെ ഫോണില്‍ അറിയിച്ചതെന്നാണു മൊഴി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83219/the-incident-where-a-young-man-was-found-dead-in-narikatteri-accused-in-remand)