---
title: "കാട്ടാന ശല്യം; പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘം"
english_title: "Forest nuisance; The farmers' group is preparing for the agitation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83341/forest-nuisance-the-farmers-group-is-preparing-for-the-agitation"
published_at: "2022-12-04T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c77b155c3c_kaattana.jpg"
keywords: []
---

# കാട്ടാന ശല്യം; പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘം

> **Lead Summary:** **വിലങ്ങാട്:** വിലങ്ങാട് പാലൂര് മേഖലകളിൽ കഴിഞ്ഞ നാലു ദിവസമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഒറ്റയാനുൾപെടെ അഞ്ചംഗ കാട്ടാനക്കൂട്ടമാണ് ദിവസങ്ങളായി കൃഷിയിടങ്ങളിൽ മേയുന്നത്. തെങ്ങും, കവുങ്ങും, റബറും, വാഴയും ഉൾപെടെയുള്ള കാർഷികവിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്.

## Article Content

**വിലങ്ങാട്:** വിലങ്ങാട് പാലൂര് മേഖലകളിൽ കഴിഞ്ഞ നാലു ദിവസമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഒറ്റയാനുൾപെടെ അഞ്ചംഗ കാട്ടാനക്കൂട്ടമാണ് ദിവസങ്ങളായി കൃഷിയിടങ്ങളിൽ മേയുന്നത്. തെങ്ങും, കവുങ്ങും, റബറും, വാഴയും ഉൾപെടെയുള്ള കാർഷികവിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്.

പകൽ സമയങ്ങളിൽ പോലും കാട്ടാനകൾ കൃഷിഭൂമിയിലിറങ്ങുകയാണ്. ആനകളെ തുരത്തുന്നതിന് യാതൊരു നടപടിയും വനം വകുപ്പ് ചെയ്യുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ കാറ്റ് കൂടുമെന്നതിനാൽ കാട്ടിൽ നിന്ന് കൂടുതൽ കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുമെന്ന് കർഷകർ ആശങ്കപ്പെടുകയാണ്.ഈ വർഷം ത്തന്നെ നിരവധി തവണയാണ് വിലങ്ങാട് മേഖലയിൽ കാട്ടാനയിറങ്ങിയത്.

വനം വകുപ്പ് സത്വര നടപടി സ്വീകരിക്കാത്തതിൽ കർഷകർക്ക് പ്രതിഷേധമുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് കർഷകർക്കുണ്ടാകുന്നത്. ആനകളെ തുരത്തുന്നതിനും, പാലൂര് മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം കർഷകരെ അണിനിരത്തി വനംവകുപ്പിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കർഷക സംഘം വിലങ്ങാട് മേഖലാ കമ്മിറ്റി അറിയിച്ചു.

കാട്ടാനയിറങ്ങി കൃഷി നാശം സംഭവിച്ച പ്രദേശങ്ങൾ കർഷക സംഘം നേതാക്കൾ സന്ദർശിച്ചു. മേഖലാ സെക്രട്ടറി കെ.പി.രാജീവൻ, സാബു മുട്ടത്തു കുന്നേൽ, കെ.ജെ ജോസ്, മനോഹരൻ പി.കെ.,ഷാജൂ ,ഷിൻസ്, കർഷകനായ ബിജു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ബിജു കുറ്റിക്കാട്ട്, കുഞ്ഞാൻ പൊള്ളൻ പാറ, മാത്യം പുൽതകിടിയേൽ, ടി.എം തോമസ് തണ്ണിപ്പാറ, ജയ്സൺ തണ്ണിപ്പാറ എന്നിവർക്കാണ് കൃഷിനാശം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83341/forest-nuisance-the-farmers-group-is-preparing-for-the-agitation)