---
title: "കാത്തിരിപ്പിന് വിരാമം; പോക്കറുടെ വീട്ടിലേക്ക് വഴിയായി."
english_title: "No more waiting; Way to the house of poker."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/83389/no-more-waiting-way-to-the-house-of-poker"
published_at: "2022-12-04T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638cd7e8a0c30_pokker.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; പോക്കറുടെ വീട്ടിലേക്ക് വഴിയായി.

> **Lead Summary:** **നാദാപുരം:** 15 വർഷത്തെ കാത്തിരിപ്പിന് വിരാമം. നാട്ടുകാരുടെ കൂട്ടായ്മയിൽ രോഗിയായ പോക്കറുടെ വീട്ടിലേക്ക് വഴിയായി. അസുഖം കാരണം ആശുപത്രിയിൽ പോകാൻ പോലും വഴിയില്ലാത്തതിന്റെ പേരിൽ പ്രയാസപ്പെട്ട കുടുംബത്തിന് വഴി നിർമ്മിച്ചു നൽകി നാട്ടുകാർ. കുമ്മങ്കോട് പുളിക്കൂൽ റോഡിലെ കുനിച്ചം വീട്ടിൽ താഴെപറമ്പൻ കുളങ്ങര പോക്കറുടെ വീട്ടിലേക്കാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വഴിയൊരുങ്ങിയത്.

## Article Content

**നാദാപുരം:** 15 വർഷത്തെ കാത്തിരിപ്പിന് വിരാമം. നാട്ടുകാരുടെ കൂട്ടായ്മയിൽ രോഗിയായ പോക്കറുടെ വീട്ടിലേക്ക് വഴിയായി. അസുഖം കാരണം ആശുപത്രിയിൽ പോകാൻ പോലും വഴിയില്ലാത്തതിന്റെ പേരിൽ പ്രയാസപ്പെട്ട കുടുംബത്തിന് വഴി നിർമ്മിച്ചു നൽകി നാട്ടുകാർ. കുമ്മങ്കോട് പുളിക്കൂൽ റോഡിലെ കുനിച്ചം വീട്ടിൽ താഴെപറമ്പൻ കുളങ്ങര പോക്കറുടെ വീട്ടിലേക്കാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ വഴിയൊരുങ്ങിയത്.

പൊതു റോഡിൽ നിന്നു 50 മീറ്റർ അകലെയാണ് പോക്കറുടെ വീട്. മൂന്നു മീറ്റർ നീളമുള്ള ഓവുചാൽ കടന്നാൽ വീട്ടിലേക്ക് വാഹനമെത്തും. ഇതിന് പരിസരവാസിയായ വീട്ടമ്മ തടസ്സം നിന്നതോടെയാണ് പോക്കറുടെ പാത വഴിമുട്ടിയത്. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒരു മാസത്തോളം കിടപ്പിലായിരുന്ന പോക്കറെ കൊണ്ടുപോകാൻ വീട്ടുകാർ ഏറെ പ്രയാസപ്പെട്ടിരുന്നു.

ഇപ്പോഴും അസുഖം പൂർണമായി ഭേദമായിട്ടില്ല. അഞ്ചുവർഷം മുമ്പ് ഓവുചാലിനു മുകളിലൂടെ കുടുംബം സഞ്ചരിക്കുന്നതിന് തടസ്സം വന്നതോടെയാണ് കാര്യങ്ങളുടെ തുടക്കം. പൊതുപ്രവർത്തകൻ കിഴക്കേ മഠത്തിൽ അബ്ദുള്ളയുടെ സഹായത്തോടെ അദ്ദേഹത്തിൻറെ പറമ്പിനോട് ചേർന്ന് അന്നത്തെ നാദാപുരം എസ് ഐ അഭിലാഷിന്റെ സാന്നിധ്യത്തിൽ രണ്ടടി വീതിയുള്ള കോൺക്രീറ്റ് പാലം നിർമ്മിച്ചിരുന്നു. കഴിഞ്ഞവർഷത്തെ മഴയിൽ പാലം തകർന്നതോടെയാണ് വീട്ടിലേക്കുള്ള വഴിക്ക് വേണ്ടി കുടുംബം പല വാതിലുകളും മുട്ടിയത്.

ഓവുചാലിനു മുകളിലൂടെ വീട്ടിലേക്ക് വഴി നിർമിച്ചു കൊടുക്കാൻ നാദാപുരം പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിലും തീരുമാനമെടുത്തിരുന്നു. ഇതിനിടയിൽ പരിസരവാസിയായ വീട്ടമ്മ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് വീട്ടിലേക്കുള്ള വഴിക്ക് നാട്ടുകാർ ഒന്നടങ്കം രംഗത്തിറങ്ങിയത്.

ദീർഘകാലമായുള്ള കുടുംബത്തിന്റെ ദുരിതം തീർക്കാൻ കഴിഞ്ഞതിനുള്ള സന്തോഷത്തിലാണ് നാട്ടുകാരും അയൽവാസികളും. കുനിച്ചും വീട്ടിൽ പോക്കർ തന്നെ നടപ്പാത ഉദ്ഘാടനം നിർവഹിച്ചു. 15 കൊല്ലമായി അനുഭവിക്കുന്ന പ്രയാസത്തിൽ നിന്നും മോചനം നൽകിയ നാട്ടുകാർക്ക് കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/83389/no-more-waiting-way-to-the-house-of-poker)