---
title: "ധനുവിലേക്ക് കാലത്തെ കുളിരിൽ വിറച്ച് മലയോര ഗ്രാമങ്ങൾ."
english_title: "Hillside villages shivering in the warmth of time to Sagittarius."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84164/hillside-villages-shivering-in-the-warmth-of-time-to-sagittarius"
published_at: "2022-12-09T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392c47f3f51f_dhanu.jpg"
keywords: []
---

# ധനുവിലേക്ക് കാലത്തെ കുളിരിൽ വിറച്ച് മലയോര ഗ്രാമങ്ങൾ.

> **Lead Summary:** **കക്കട്ടിൽ:** ധനുവിലേക്ക്. കാലത്തെ കുളിരിൽ വിറച്ച് മലയോര ഗ്രാമങ്ങൾ. വൃശ്ചിക മാസേ കുളിരാരംഭേ എന്ന ചൊല്ല് അന്വര്‍ത്ഥമാവും വിധം തണുപ്പ് അനുഭവപ്പെടുകയാണിപ്പോൾ. വൃശ്ചിക മാസത്തിൽ പ്രകൃതി കുളിര് കോരിയിട്ടു തുടങ്ങി.

## Article Content

**കക്കട്ടിൽ:** ധനുവിലേക്ക്. കാലത്തെ കുളിരിൽ വിറച്ച് മലയോര ഗ്രാമങ്ങൾ. വൃശ്ചിക മാസേ കുളിരാരംഭേ എന്ന ചൊല്ല് അന്വര്‍ത്ഥമാവും വിധം തണുപ്പ് അനുഭവപ്പെടുകയാണിപ്പോൾ. വൃശ്ചിക മാസത്തിൽ പ്രകൃതി കുളിര് കോരിയിട്ടു തുടങ്ങി.

കക്കട്ടിൽ, കുറ്റ്യാടി ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ അതി ഭയങ്കരമായ തണുപ്പാണ് രാവിലെ അനുഭവപ്പെടുന്നത്. പകൽ സമയത്തെ ചൂട് രാത്രിയിലുമുണ്ട്. എന്നാൽ നേരം വെളുക്കുമ്പോഴേക്കും അന്തരീക്ഷം കുളിരിനു വഴിമാറുകയാണ്. ക്ഷേത്ര വിശ്വാസികളെ സംബന്ധിച്ചിടത്തോളം കുളിരു പുണ്യമാണ്.

മാത്രവുമല്ല, ശബരിമല മണ്ഡലകാലവുമാണ് ഇപ്പോൾ. തണുപ്പിൽ കുളത്തിലിറങ്ങി കുളിച്ചാണ് ശബരിമല ദർശനത്തിന് വ്രതം എടുക്കുന്നവർ ക്ഷേത്രത്തിലെത്തി തൊഴുതു മടങ്ങുന്നത്. വൃശ്ചികം പിറന്നതിനു പിന്നാലെ പുലർകാലം മഞ്ഞണിഞ്ഞിരിക്കുകയാണ്. നാട്ടിൻപുറങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയാണ് അനുഭവപ്പെടുന്നത്.

അന്തരീക്ഷം മുഴുവൻ മഞ്ഞുമൂടി കിടക്കുന്നത് കാരണം ഒരു പ്രദേശത്ത് നിന്ന് മറ്റൊരു സ്ഥലം കാണുവാൻ പറ്റാത്ത അവസ്ഥയാണ്. സൂര്യനുദിച്ച ശേഷം ഏകദേശം 9 മണിയോടെയാണ് മഞ്ഞുപൂർണ്ണമായും മാറിക്കിട്ടുന്നത്. ഇങ്ങനെ മഞ്ഞു മൂടി കിടക്കുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് പഴമക്കാർ പറയുന്നത്.

വൃശ്ചികം പിറക്കുന്നതോടെ കുളിര് ആരംഭിക്കുകയും, ധനു കഴിഞ്ഞ് മകരം എത്തുമ്പോഴേക്കും സ്ഥിതി കൂടുതൽ കടുത്തതായിരിക്കും ചെയ്യുമെന്നാണ് പൊതുവേ കരുതുന്നത്.

ധനുമാസത്തിലേക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഇത്തവണ വൃശ്ചികം പിറന്നത് തന്നെ കടുത്ത തണുപ്പോടെയാണ്. ഇനി രണ്ടുമാസം പിന്നിടുമ്പോഴേക്കും സ്ഥിതി എന്തായിരിക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84164/hillside-villages-shivering-in-the-warmth-of-time-to-sagittarius)