---
title: "പകർച്ചവ്യാധി വ്യാപകം; നാദാപുരത്ത് ആടുകൾക്ക് പകർച്ചവ്യാധി പടരുന്നു."
english_title: "Epidemics are rampant; An epidemic is spreading among goats in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84447/epidemics-are-rampant-an-epidemic-is-spreading-among-goats-in-nadapuram"
published_at: "2022-12-10T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63946f405247d_aadu_1.jpg"
keywords: []
---

# പകർച്ചവ്യാധി വ്യാപകം; നാദാപുരത്ത് ആടുകൾക്ക് പകർച്ചവ്യാധി പടരുന്നു.

> **Lead Summary:** **നാദാപുരം: **നാദാപുരത്ത് ആടുകൾക്ക് പകർച്ചവ്യാധി വ്യാപകമാകുന്നതായി പരാതി. പ്രതിരോധ പ്രവർത്തനം നടത്താതെ മൃഗസംരക്ഷണ വകുപ്പ്. വളയം കുറുവന്തേരിയിലെ ആട് കർഷകരാണ് മൃഗസംരക്ഷണ വകുപ്പിനെതിരെ പരാതി ഉന്നയിക്കുന്നത്. രണ്ടു ദിവസങ്ങളിലായി കുറുവന്തേരി കല്ലുംപുറത്ത് ആമിനയുടെ രണ്ടാടുകളാണ് പെട്ടെന്നുള്ള രോഗം ബാധിച്ചു ചത്തത്.

## Article Content

**നാദാപുരം: **നാദാപുരത്ത് ആടുകൾക്ക് പകർച്ചവ്യാധി വ്യാപകമാകുന്നതായി പരാതി. പ്രതിരോധ പ്രവർത്തനം നടത്താതെ മൃഗസംരക്ഷണ വകുപ്പ്. വളയം കുറുവന്തേരിയിലെ ആട് കർഷകരാണ് മൃഗസംരക്ഷണ വകുപ്പിനെതിരെ പരാതി ഉന്നയിക്കുന്നത്. രണ്ടു ദിവസങ്ങളിലായി കുറുവന്തേരി കല്ലുംപുറത്ത് ആമിനയുടെ രണ്ടാടുകളാണ് പെട്ടെന്നുള്ള രോഗം ബാധിച്ചു ചത്തത്.

വിറയിലും തീറ്റ എടുക്കായ്മയും കൈകാൽ തളർച്ചയുമായിരുന്നു രോഗലക്ഷണങ്ങൾ. അവശനിലയിലാവുകയും ജീവൻ നഷ്ടപ്പെടുകയുമായിരുന്നു പിന്നീട്. ചികിത്സക്കായി വിവിധ മൃഗാശുപത്രികൾ കയറിയിട്ടും ആവശ്യമായ സഹായം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. വ്യാഴാഴ്ച വളയം മൃഗാശുപത്രിയിൽ നിന്നും സർജൻ സ്ഥലത്തെത്തി തീറ്റ എടുക്കുവാനുള്ള കുത്തിവെപ്പ് നൽകിയിരുന്നു.

പോസ്റ്റുമോർട്ടം നടത്തി രോഗകാരണം കണ്ടെത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ അനുബന്ധ ഉപകരണങ്ങൾ വാങ്ങി നൽകിയാൽ മാത്രമേ പോസ്റ്റുമാർട്ട നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചതോടെ ആടിനെ കുഴിച്ചുമൂടുകയായിരുന്നു.

വീട്ടിൽ അവശേഷിക്കുന്ന ബാക്കി 20 ഓളം ആടുകൾ കൂടി ഇല്ലാതായാൽ കുടുംബത്തിന്റെ ജീവനോപാധി തന്നെ ഇല്ലാതാകും. ആ ഭീതിയിലാണ് ആമിനയും, കുടുംബവും ഇപ്പോൾ. സമീപത്തെ മറ്റു വീടുകളിലും ആടുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി.

ഇക്കാര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് നാദാപുരത്തെ ആമിനയെ പോലോത്ത നിരവധി ആടു കർഷകർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84447/epidemics-are-rampant-an-epidemic-is-spreading-among-goats-in-nadapuram)