---
title: "ചോരാത്ത കൈകൾ; ഗോൾവല കാക്കാൻ കടത്തനാടൻ ആർച്ചമാർ."
english_title: "hands that don't bleed; Kadattanadan archers to guard the goal."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84930/hands-that-dont-bleed-kadattanadan-archers-to-guard-the-goal"
published_at: "2022-12-13T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63980c31108cd_athlet.jpg"
keywords: []
---

# ചോരാത്ത കൈകൾ; ഗോൾവല കാക്കാൻ കടത്തനാടൻ ആർച്ചമാർ.

> **Lead Summary:** **നാദാപുരം:** ചോരാത്ത കൈകൾ. ഗോൾ വല കാക്കാൻ കടത്തനാടൻ ആർച്ചമാർ. മഹാത്മാഗാന്ധി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ ഫുട്ബോൾ ഗോൾവല ഇനി കടത്തനാടൻ പെൺകുട്ടികളായ ഉണ്ണിയാർച്ചമാർ കാക്കും. 2022ലെ കേരളത്തിലെ മികച്ച വനിതാ താരം കെ.നിസരിയാണ് എംജി യൂണിവേഴ്സിറ്റി ഗോൾകീപ്പറായി തെരഞ്ഞെടുത്ത കടത്തനാട്ടുകാരി.

## Article Content

**നാദാപുരം:** ചോരാത്ത കൈകൾ. ഗോൾ വല കാക്കാൻ കടത്തനാടൻ ആർച്ചമാർ. മഹാത്മാഗാന്ധി, കാലിക്കറ്റ് യൂണിവേഴ്സിറ്റികളുടെ ഫുട്ബോൾ ഗോൾവല ഇനി കടത്തനാടൻ പെൺകുട്ടികളായ ഉണ്ണിയാർച്ചമാർ കാക്കും. 2022ലെ കേരളത്തിലെ മികച്ച വനിതാ താരം കെ.നിസരിയാണ് എംജി യൂണിവേഴ്സിറ്റി ഗോൾകീപ്പറായി തെരഞ്ഞെടുത്ത കടത്തനാട്ടുകാരി.

തിരുവല്ല മാർത്തോമാ കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ നിസരി കടത്തനാട് രാജാ ഫുട്ബോൾ അക്കാദമി താരം കൂടിയാണ്. കേരള ബെസ്റ്റ് പ്ലെയർ അവാർഡും നേടിയിട്ടുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ സഹോദരി നീലാംബരിയും എംജി യൂണിവേഴ്സിറ്റിയുടെ താരമാണ്. അഞ്ചാം ക്ലാസ് മുതൽ കടത്തനാട് രാജാ ഫുട്ബോൾ അക്കാദമിയിലാണ് നീലാംബരി കാൽപന്തുകളിയിൽ പരിശീലനം നേടിയത്.

കടത്തനാട് രാജാ ഫുട്ബോളിന്റെ സ്ട്രൈക്കർ, കേരള വിമൻസ് ലീഗിലടക്കം ഗോൾ വേട്ടക്കാരി എന്നീ നിലകളിലും തിളങ്ങാൻ നീലാംബരിക്ക് കഴിഞ്ഞിരുന്നു. പുറമേരി പുത്തലത്താം കണ്ടിയിൽ സുകു- സപ്ന ദമ്പതികളുടെ മക്കളാണ് ഇരുവരും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഗോൾകീപ്പറായി സെലക്ഷൻ നേടിയ മറ്റൊരു താരം കുനിങ്ങാട് സ്വദേശിനിയായ യദു പ്രിയയാണ്. തൃശ്ശൂർ സെന്റ്മേരിസ് കോളേജ് ബിരുദ വിദ്യാർത്ഥിനിയാണ്. ഡോൺ ബോസ്കോ ക്ലബ്ബിനുവേണ്ടി കേരള വിമൻസ് ലീഗിൽ ബൂട്ടണിഞ്ഞ യദു പ്രിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കടത്തനാട് രാജാ ഫുട്ബോൾ അക്കാദമിയിൽ ആരംഭിച്ച പരിശീലനം ഇപ്പോഴും തുടരുന്നു. കുനിങ്ങാട് വിളയാട്ടേരി പവിത്രൻ- സുമ ദമ്പതികളുടെ മകളാണ്. കടത്തനാട് ഫുട്ബോൾ അക്കാദമി പരിശീലകരായ എം.കെ പ്രദീപ്, സി സുരേന്ദ്രൻ എന്നിവരുടെ പരിശീലനത്തിലൂടെയാണ് താരങ്ങൾ നേട്ടങ്ങൾ കരസ്ഥമാക്കിയത്. കടത്തനാട് ഫുട്ബോൾ അക്കാദമിയുടെ പ്രശസ്തി ഉയർത്തിയതിൽ അഭിമാനിക്കുകയാണ് പരിശീലകരും, നാട്ടുകാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84930/hands-that-dont-bleed-kadattanadan-archers-to-guard-the-goal)