---
title: "നാടിൻ്റെ ഊട്ടുപുര; ഇരിങ്ങണ്ണൂർ ക്ഷേത്രത്തിലെ അന്നദാന കലവറ ശ്രദ്ധേയം "
english_title: "The food pantry in Iringannur temple is noteworthy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85059/the-food-pantry-in-iringannur-temple-is-noteworthy"
published_at: "2022-12-13T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398a1d6911e9_food.jpg"
keywords: []
---

# നാടിൻ്റെ ഊട്ടുപുര; ഇരിങ്ങണ്ണൂർ ക്ഷേത്രത്തിലെ അന്നദാന കലവറ ശ്രദ്ധേയം 

> **Lead Summary:** **ഇരിങ്ങണ്ണൂർ : **പതിനായിരങ്ങളെ ഊട്ടി നാടിൻ്റെ ഊട്ടുപുരയാകുകയാണ് ഇരിങ്ങണ്ണൂർ ക്ഷേത്രത്തിലെ അന്നദാന കലവറ. മണ്ഡലമാസാരംഭമായ വൃശ്ചികം 1 മുതൽ 41 ദിവസവും ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര നവീകരണ കമ്മറ്റി ക്ഷേത്രത്തിന് മുന്നിലായി പുതുതായി നിർമ്മിച്ച ഊട്ടുപുരയിൽ അന്നദാനം പ്രസാദ ഊട്ട് നടത്തിവരികയാണ്‌.

## Article Content

**ഇരിങ്ങണ്ണൂർ : **പതിനായിരങ്ങളെ ഊട്ടി നാടിൻ്റെ ഊട്ടുപുരയാകുകയാണ് ഇരിങ്ങണ്ണൂർ ക്ഷേത്രത്തിലെ അന്നദാന കലവറ. മണ്ഡലമാസാരംഭമായ വൃശ്ചികം 1 മുതൽ 41 ദിവസവും ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര നവീകരണ കമ്മറ്റി ക്ഷേത്രത്തിന് മുന്നിലായി പുതുതായി നിർമ്മിച്ച ഊട്ടുപുരയിൽ അന്നദാനം പ്രസാദ ഊട്ട് നടത്തിവരികയാണ്‌.

ക്ഷേത്ര നവീകരണ കമ്മറ്റി യുടെ നേതൃത്വത്തിൽ നടത്തുന്ന അന്നദാനത്തിൽ കമ്മറ്റിയംഗങ്ങൾ ശ്രമദാനമായാണ് ഭക്ഷണം ഒരുക്കുന്നത്. ഓരോ ദിവസവും ആയിരത്തിലേറെ ജനങ്ങളാണ് അന്നദാനത്തിൽ പങ്കാളികളാവുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ 1800 ൽ കൂടുതൽ പേർ എത്താറുണ്ട്. കൈക്കുഞ്ഞുങ്ങളായി വരുന്നവരെയും , സ്കൂളിൽ നിന്നും വരുന്ന കുട്ടികളെയും പ്രായമായവരെയും വരി നിൽക്കാതെ തന്നെ ഊട്ടുപുരയിലിരുത്തി ഭക്ഷണം നൽകാറുണ്ട്.

ഈ മാസം 22 ന് വൈകുന്നേരം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ ആധ്യാത്മിക പ്രഭാഷണവും 23 മുതൽ 30 വരെ വിനു ജി നിലമ്പൂരിന്റെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.

നേരത്തെ നാല് തവണ ഭാഗവത സപ്താഹം ഇവിടെ നടന്നിരുന്നു. മാതൃ സമിതിയംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ,സ്വാമിമാർ , മറ്റു ഭക്ത ജനങ്ങൾ എല്ലാവരുടെയും സഹകരണത്തോടെയാണ് അന്നദാനം പുരോഗമിക്കുന്നത്.

നവീകരണ കമ്മറ്റിയംഗങ്ങളായ പ്രദേശത്തെ പാചക വിദഗ്ദൻ സി.കെ മനോജ്, പി.കെ അശോകൻ , പി.കെ സജീവൻ , പുറേരി ബാലൻ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

അന്നദാനത്തിനാവശ്യമായ അരിയും പച്ചക്കറികളും ഊട്ടുപുരയിൽ എല്ലാ ദിവസവും സ്വീകരിക്കുന്നതാണന്നും ഓരോ ദിവസത്തെയും അന്നദാനം സ്പോൺസർ ചെയ്യാനും സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ക്ഷേത്ര നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ മാസ്റ്ററും സെക്രട്ടറി വത്സരാജ് മണലാട്ടും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85059/the-food-pantry-in-iringannur-temple-is-noteworthy)