---
title: "ബാലേട്ടന്റെ മരണം; എടച്ചേരിയുടെ നൊമ്പരമായി."
english_title: "Death of the Ballet; According to Edachery."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85148/death-of-the-ballet-according-to-edachery"
published_at: "2022-12-14T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639977f0a0140_balan.jpg"
keywords: []
---

# ബാലേട്ടന്റെ മരണം; എടച്ചേരിയുടെ നൊമ്പരമായി.

> **Lead Summary:** **എടച്ചേരി**: ബാലേട്ടന്റെ മരണം എടച്ചേരിയുടെ നൊമ്പരമായി. രോഗപീഡനം കൊണ്ട് വേദന തിന്നുന്ന നിത്യരോഗികൾക്ക് സ്വന്തം ജീവിതം കൊണ്ട് സ്വാന്തനം പകർന്ന പാലിയേറ്റീവ് പ്രവർത്തകനായിരുന്നു ബാലൻ. എടച്ചേരിയിലെ കാക്കന്നൂർ പുനത്തിക്കണ്ടി ബാലേട്ടന്റെ മരണം ഒരു നാടിന്റെ തീരാദുഃഖമായി.

## Article Content

**എടച്ചേരി**: ബാലേട്ടന്റെ മരണം എടച്ചേരിയുടെ നൊമ്പരമായി. രോഗപീഡനം കൊണ്ട് വേദന തിന്നുന്ന നിത്യരോഗികൾക്ക് സ്വന്തം ജീവിതം കൊണ്ട് സ്വാന്തനം പകർന്ന പാലിയേറ്റീവ് പ്രവർത്തകനായിരുന്നു ബാലൻ. എടച്ചേരിയിലെ കാക്കന്നൂർ പുനത്തിക്കണ്ടി ബാലേട്ടന്റെ മരണം ഒരു നാടിന്റെ തീരാദുഃഖമായി.

തമിഴ്നാട് ആരോഗ്യവകുപ്പിലെ ജീവനക്കാരനായിരുന്നു ബാലൻ. റിട്ടയർമെന്റിന് ശേഷം വടകരയിലും, എടച്ചേരിയിലും പ്രവർത്തിക്കുന്ന തണൽ അഗതിമന്ദിരത്തിലെ അന്തേവാസികളെയും എടച്ചേരി പാലിയേറ്റീവിലെ രോഗികളെയും പരിചരിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു.

2006 മുതലാണ് എടച്ചേരിയിലെ പാലിയേറ്റീവ് കെയർ ആരംഭിച്ചത്. എടച്ചേരി കളിയാംവെള്ളിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആരംഭ കാലം മുതൽ തന്നെ ബാലേട്ടൻ സജീവമായിരുന്നു, അദ്ദേഹത്തിന്റെ വിയോഗം പാലിയേറ്റീവ് കെയർ രംഗത്തും, എടച്ചേരിക്കും തീരാ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പാലിയേറ്റീവ് കെയർ എടച്ചേരി പ്രസിഡണ്ട് കെ.സി രാജൻ പറഞ്ഞു.

എടച്ചേരി പെയിൻറ് ആൻഡ് പാലിയേറ്റീവ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന എല്ലാ കിടപ്പുരോഗി ക്യാമ്പുകളിലും കൈമെയ് മറന്ന് സഹായിച്ച ബാലേട്ടൻ എന്നും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് കിടപ്പുരോഗികൾക്ക് സ്വാന്തനമാകുന്ന സഹവാസ ക്യാമ്പുകൾ ഇല്ലാതായതിയിരുന്നു.

വീണ്ടും അത് തുടങ്ങുവാനുള്ള പരിശ്രമം ആരംഭിച്ചതും ബാലേട്ടനാണ്. അപകടത്തിൽ പെട്ടും, തെങ്ങിൻ മുകളിൽ നിന്നും വീണും, പക്ഷാഘാതം പിടിപെട്ടും, അപകടത്തിൽ പരിക്കേറ്റും പോയ നിരവധി കിടപ്പ് രോഗികൾക്ക് എന്നും ആശ്വാസമായിരുന്നു ബാലേട്ടൻ. ഭാര്യ: തങ്കമണി. മക്കൾ: ബേബി ഷീബ, ബേബി ഷീജ. മരുമക്കൾ: സുനിൽകുമാർ (എസ് ഐ), രാകേഷ് (തൊട്ടിൽപാലം കെഎസ്ആർടിസി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85148/death-of-the-ballet-according-to-edachery)