---
title: "റോഡ് തകർന്നു; ബസ്സുകൾ നാളെ ഓട്ടം നിർത്തി പ്രതിഷേധിക്കും."
english_title: "The road is broken; Buses will stop running tomorrow and protest."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85219/the-road-is-broken-buses-will-stop-running-tomorrow-and-protest"
published_at: "2022-12-14T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399b7db8dafc_road.jpg"
keywords: []
---

# റോഡ് തകർന്നു; ബസ്സുകൾ നാളെ ഓട്ടം നിർത്തി പ്രതിഷേധിക്കും.

> **Lead Summary:** **വാണിമേൽ**: തകർന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചത് നാളെ ബസ് പണിമുടക്ക്. യാത്രാദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്ക് ഇരുട്ടുടിയാണ് ബസ്സുടമകളുടെ ഈ തീരുമാനം. തകർന്നുകിടക്കുന്ന മലയോര റോഡായ വിലങ്ങാട് -വാണിമേൽ റോഡ് എത്രയും പെട്ടെന്ന് നന്നാക്കുക എന്നതാണ് ബസ് ജീവനക്കാരുടെ ആവശ്യം.

## Article Content

**വാണിമേൽ**: തകർന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചത് നാളെ ബസ് പണിമുടക്ക്. യാത്രാദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്ക് ഇരുട്ടുടിയാണ് ബസ്സുടമകളുടെ ഈ തീരുമാനം. തകർന്നുകിടക്കുന്ന മലയോര റോഡായ വിലങ്ങാട് -വാണിമേൽ റോഡ് എത്രയും പെട്ടെന്ന് നന്നാക്കുക എന്നതാണ് ബസ് ജീവനക്കാരുടെ ആവശ്യം.

നാളെ സ്വകാര്യ ബസുകൾ വിലങ്ങാട് ഭാഗത്തേക്ക് സർവീസ് നടത്താതെ വാണിമേലിൽ ട്രിപ്പ് അവസാനിപ്പിക്കും. ക്രിസ്മസ് പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്കിത് വലിയ വിനയായിരിക്കും. വാണിമേലിൽ നിന്നും വിലങ്ങാട്ടേക്ക് 10 കിലോമീറ്റർ റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഉരുട്ടിപ്പാലം, വാളംതോട്, കരുകുളം, കന്നുകുളം, പുതുക്കയം എന്നിവിടങ്ങളിൽ കുഴികൾ നിറഞ്ഞു റോഡ് തകർന്നു തരിപ്പണമായി കിടക്കുകയാണ്.

പ്രധാനമായും രണ്ടു റീച്ചിലായാണ് റോഡ് ഉൾപ്പെടുന്നത്.ഭൂമിവാതുക്കൽ മുതൽ പുതുക്കയം വരെയുള്ള മൂന്നര കിലോമീറ്റർ ഒന്നാം റീച്ചിൽ 13 വർഷങ്ങൾക്കു മുമ്പാണ് അവസാനമായി അറ്റകുറ്റപ്പണികൾ നടത്തിയത്. പുതുക്കയം- വിലങ്ങാട് വരെയുള്ള ആറര കിലോമീറ്റർ രണ്ടാം റീച്ചിൽ റിപ്പയറിങ് നടത്തിയിട്ട് പത്തുവർഷവും പൂർത്തിയായി. തകർന്ന റോഡിലെ കുഴിയിൽ ചാടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായതോടെ ബസുകളുടെ ഗ്ലാസ്സുകൾ തകർന്നും, ആക്സിലുകൾ പൊട്ടിയും അപകടം ഏറിയെന്ന് ബസ് ജീവനക്കാർ പറഞ്ഞു. താൽക്കാലികമായി കുഴികൾ അടക്കണമെന്ന ആവശ്യം പോലും അധികൃതർ ചെവികൊണ്ടില്ലെന്നാണ് നാട്ടുകാരുടെയും പരാതി.

പത്തുവർഷത്തിലധികമായി എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ട്. ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല, റോഡിന്റെ ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. ഇതിനിടയിലാണ് തകർന്ന റോഡിലൂടെ സർവീസ് നടത്താൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ബസ് ഉടമകളും രംഗത്തെത്തിയത്. വടകര, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസ്സുകൾ 42 ട്രിപ്പുകളാണ് ഇതുവഴി നടത്തുന്നത്.

കാർഷിക മേഖലയിലെ വിലയിടിവിൽ നട്ടെല്ലൊടിഞ്ഞ മലയോര കർഷകർക്ക് വിപണി ആവശ്യത്തിനും മറ്റും സമീപ പട്ടണങ്ങളിൽ എത്താനുള്ള പ്രധാന ആശ്രയം സ്വകാര്യ ബസ്സുകളാണ്. ഇവ നിർത്തിവെക്കുവാനുള്ള തീരുമാനം കർഷകരോടൊപ്പം നാട്ടുകാരെയും പ്രതികൂലമായി ബാധിക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85219/the-road-is-broken-buses-will-stop-running-tomorrow-and-protest)