---
title: "മുസ്ലിം ലീഗ് സമ്മേളനം; നാദാപുരത്ത് 15000 പ്രതിനിധികൾ പങ്കെടുക്കും"
english_title: "Muslim League conference; 15000 delegates will participate in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85376/muslim-league-conference-15000-delegates-will-participate-in-nadapuram"
published_at: "2022-12-15T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ad16880953_sammelanam.jpg"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളനം; നാദാപുരത്ത് 15000 പ്രതിനിധികൾ പങ്കെടുക്കും

> **Lead Summary:** **നാദാപുരം:** 'സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് ഒരുക്കമായി.

## Article Content

**നാദാപുരം:** 'സാമൂഹ്യ നീതിക്ക് സംഘബോധത്തിന്റെ കരുത്ത്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് ഒരുക്കമായി.

വിദ്യാർത്ഥി യുവജന സംഗമം,തൊഴിലാളി സംഗമം,പ്രവാസി സംഗമം,കർഷക സംഗമം,വനിത സംഗമം,സെമിനാർ,സ്മൃതി സായാഹ്നം,പുസ്തക പ്രകാശനം,കലാനിശ,പ്രകടനം,പൊതു സമ്മേളനം എന്നീ സെഷനുകളിലായി പതിനയ്യായിരം പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാവും.

നവീകരിച്ച നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 26 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ്‌ ബഷീർ എം പി, പി എം എ സലാം, ഡോ. എം കെ മുനീർ, പി വി അബ്ദുൽ വഹാബ് എം പി , പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,കെ എം ഷാജി, പി കെ ഫിറോസ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളത്തിന്റെ ഭാഗമായി കല്ലാച്ചി ലീഗ് ഹൗസിൽ ചേർന്ന രജിസ്ട്രേഷൻ കമ്മിറ്റി യോഗം സ്വാഗതസംഘം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ രജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ ടി കെ ഖാലിദ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.സമ്മേളന വിശദീകരണം എൻ കെ മൂസ്സ മാസ്റ്റർ നിർവഹിച്ചു.

രജിസ്ട്രേഷൻ ഉദ്ഘാടനം 20 ചൊവ്വ വൈകുന്നേരം 4 മണിക്ക് കല്ലാച്ചി ലീഗ് ഹൗസിൽ വെച്ച് ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല നിർവഹിക്കും.കൺവീനർ ഇ. ഹാരിസ് സ്വാഗതവും നജ്മുസാഖിബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85376/muslim-league-conference-15000-delegates-will-participate-in-nadapuram)