---
title: "പച്ച പിടിച്ചു; എടച്ചേരിയിലെ മത്സ്യ വില്പന റോഡരികിൽ"
english_title: "caught the green; Edachery fish selling in Roadside "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85422/caught-the-green-edachery-fish-selling-in-roadside"
published_at: "2022-12-15T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b0e1d5bb60_fish_market.jpg"
keywords: []
---

# പച്ച പിടിച്ചു; എടച്ചേരിയിലെ മത്സ്യ വില്പന റോഡരികിൽ

> **Lead Summary:** **എടച്ചേരി: **എടച്ചേരിയിലെ മത്സ്യ മാർക്കറ്റ് പച്ചപിടിച്ചു കിടക്കുന്നു. എടച്ചേരി പുതിയങ്ങാടി ടൗണിലെ മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റിയിട്ട് വർഷം ഒന്നു കഴിഞ്ഞെങ്കിലും പുതിയ കെട്ടിടം പണി ഇതുവരെ തുടങ്ങിയിട്ടില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് നിറയെ പുല്ലു പിടിച്ചു കിടക്കുകയാണ്.

## Article Content

**എടച്ചേരി: **എടച്ചേരിയിലെ മത്സ്യ മാർക്കറ്റ് പച്ചപിടിച്ചു കിടക്കുന്നു. എടച്ചേരി പുതിയങ്ങാടി ടൗണിലെ മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ചു മാറ്റിയിട്ട് വർഷം ഒന്നു കഴിഞ്ഞെങ്കിലും പുതിയ കെട്ടിടം പണി ഇതുവരെ തുടങ്ങിയിട്ടില്ല. പഴയ കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്ത് നിറയെ പുല്ലു പിടിച്ചു കിടക്കുകയാണ്.

ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം നവീകരണത്തിന് വേണ്ടി പൊളിച്ചു മാറ്റിയ സമയത്ത് തന്നെയാണ് ഏറെ ജീർണ്ണാവസ്ഥയിലായിരുന്ന മത്സ്യ മാർക്കറ്റും പൊളിച്ചുമാറ്റിയത്. വേണ്ടത്ര ശുചീകരണ സംവിധാനം ഇല്ലാത്തതിനാൽ മഴക്കാലത്ത് മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു പഴയ മാർക്കറ്റ്.

മാർക്കറ്റിലെ മാലിന്യങ്ങൾ കൃത്യമായി കഴുകി ഒഴുകിക്കളയാനുള്ള സംവിധാനം ഇല്ലാതിരുന്നത് കച്ചവടക്കാർക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. മത്സ്യ മാർക്കറ്റ് സമീപത്ത് തന്നെയായിരുന്നു റേഷൻ ഷോപ്പ്. തൊട്ടടുത്തുള്ള കോഴിക്കടകളിലെയും ബീഫ് സ്റ്റാളിലെയും മാലിന്യങ്ങൾ കൂടി മത്സ്യ മാർക്കറ്റിന് സമീപത്ത് തന്നെ കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു.

മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം ആളുകൾ മത്സ്യം വാങ്ങാനായി തൊട്ടടുത്ത ടൗണിലേക്ക് പോകാൻ തുടങ്ങിയതോടെയാണ് അധികൃതർ ഉണർന്നത്. ജനുവരിയിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിന്റെ പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത്.

ഇക്കാര്യത്തിൽ ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ വ്യക്തമാക്കി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് കെട്ടിട നിർമ്മാണത്തിനുള്ള ചുമതല. ഇപ്പോൾ പഴയ ഷോപ്പിംഗ് കോംപ്ലസ് നിന്നിരുന്ന സ്ഥലം ലോകകപ്പ് കാണുവാനുള്ള വേദിയാണ്.

എത്രയും പെട്ടെന്ന് പുതിയ ഷോപ്പിംഗ് കോംപ്ലക്സ് വരുമെന്ന പ്രതീക്ഷയിലാണ് എടച്ചേരിയിലെ നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85422/caught-the-green-edachery-fish-selling-in-roadside)