---
title: "യൂണിയൻ ഇടപെട്ടു ; ഗതാഗത പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം യൂണിയൻ."
english_title: "The union intervened; Union with students on transport issue."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85583/the-union-intervened-union-with-students-on-transport-issue"
published_at: "2022-12-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c46c72a8ca_pic_123.jpg"
keywords: []
---

# യൂണിയൻ ഇടപെട്ടു ; ഗതാഗത പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം യൂണിയൻ.

> **Lead Summary:** **കല്ലാച്ചി: **ഗതാഗത പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം എം ഇ ടി കോളേജ് യൂണിയൻ. കല്ലാച്ചിയിൽ നിന്ന് എംഇടി കോളേജ് ക്യാമ്പസിലേക്ക് ഓട്ടോറിക്ഷകൾ ചാർജ് വർധിപ്പിച്ചത് വിദ്യാർത്ഥികൾക്ക് വിനയായി. നിലവിൽ ഒരു വിദ്യാർത്ഥിക്ക് 10 രൂപ നിരക്കിലാണ് ഓട്ടോ ഡ്രൈവർമാർ ഈടാക്കിയിരുന്നത്.

## Article Content

**കല്ലാച്ചി: **ഗതാഗത പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം എം ഇ ടി കോളേജ് യൂണിയൻ. കല്ലാച്ചിയിൽ നിന്ന് എംഇടി കോളേജ് ക്യാമ്പസിലേക്ക് ഓട്ടോറിക്ഷകൾ ചാർജ് വർധിപ്പിച്ചത് വിദ്യാർത്ഥികൾക്ക് വിനയായി. നിലവിൽ ഒരു വിദ്യാർത്ഥിക്ക് 10 രൂപ നിരക്കിലാണ് ഓട്ടോ ഡ്രൈവർമാർ ഈടാക്കിയിരുന്നത്.

എങ്കിൽ, കഴിഞ്ഞദിവസം മുതൽ യാതൊരു മുന്നറിയിപ്പുമില്ലാതെ 15 രൂപയായി വർദ്ധിപ്പിക്കുകയായിരുന്നു. ഇത് വിദ്യാർത്ഥികൾക്ക് പ്രയാസമായതോടെ ചാർജ് വർദ്ധന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.

കഴിഞ്ഞ നാലുവർഷമായി കല്ലാച്ചി ടൗണിൽ നിന്നും കോളേജിലേക്ക് പോകാൻ വിദ്യാർഥികൾ പലരും ഓട്ടോറിക്ഷയാണ് ആശ്രയിക്കുന്നത്. കല്ലാച്ചിയിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള കോളേജിലേക്ക് മറ്റു യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് 50 രൂപയാണ്.

യഥാർത്ഥത്തിൽ മീറ്റർ ചാർജ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ 50 രൂപ വളരെ കൂടുതലാണ്. എന്നാൽ, നേരത്തെ കോളേജിലേക്കെത്താൻ നിർബന്ധിതരായ വിദ്യാർഥികൾ അഞ്ചു പേർ വെച്ച് പത്തുരൂപ വീതം എടുത്ത് 50 രൂപ കൊടുത്താണ് യാത്ര ചെയ്യുന്നത്. നിലവിലുള്ള ചാർജ് തന്നെ കൂടുതലായിട്ടും വീണ്ടും ഒരാൾക്ക് 5 രൂപ വീതം വർദ്ധിപ്പിക്കാനാണ് ഓട്ടോ ഡ്രൈവർമാർ തീരുമാനിച്ചിരിക്കുന്നത്.

ഇതേ തുടർന്ന് കോളേജ് വിദ്യാർഥികൾ ജീപ്പ് ഡ്രൈവർമാരുമായി സംസാരിക്കുകയും ഒരു വിദ്യാർത്ഥിക്ക് 10 രൂപ നിരക്കിൽ സർവീസ് നടത്താമെന്ന് ജീപ്പ് ഡ്രൈവർമാർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ അവരെ ഓട്ടോക്കാർ വിലക്കിയത് കാരണം ജീപ്പുകളും ഇപ്പോൾ കൈ മലർത്തുകയാണ്.

ഈ സാഹചര്യത്തിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരാനാണ് വിദ്യാർഥികളുടെ തീരുമാനം. ആദ്യഘട്ടമായി നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലിക്ക് കോളേജ് യൂണിയൻ ഭാരവാഹികൾ നിവേദനം സമർപ്പിച്ചു.

യൂണിയൻ ചെയർമാൻ മുഹമ്മദ് സുഹൈൽ, യുയുസി മാരായ ഷാമിൽ വാണിമേൽ, മിഥിലാജ്, യൂണിയൻ ഭാരവാഹികളായ ഷാഹിൻ ആലം, എംഎസ്എഫ് യൂണിറ്റ് ട്രഷറർ വി.പി അശ്മിൽ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85583/the-union-intervened-union-with-students-on-transport-issue)