---
title: "വാണിമേൽ ഫെസ്റ്റ് 20ന് തുടങ്ങും : ഒരുക്കങ്ങൾ പൂർത്തിയായി"
english_title: "Vanimel Fest to start on 20th: Preparations are complete"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85960/vanimel-fest-to-start-on-20th-preparations-are-complete"
published_at: "2022-12-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f1d56d5dcf__press_meet_pic.jpg"
keywords: []
---

# വാണിമേൽ ഫെസ്റ്റ് 20ന് തുടങ്ങും : ഒരുക്കങ്ങൾ പൂർത്തിയായി

> **Lead Summary:** **നാദാപുരം** : മുസ്ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടികയും ഗ്രീൻ ഫീൽഡ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാണിമേൽ ഫെസ്റ്റ് ( സീസൺ 4 ) 20ന് ആരംഭിക്കും.ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം** : മുസ്ലിം യൂത്ത് ലീഗ് നിരത്തുമ്മൽ പീടികയും ഗ്രീൻ ഫീൽഡ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വാണിമേൽ ഫെസ്റ്റ് ( സീസൺ 4 ) 20ന് ആരംഭിക്കും.ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

> ചലനാത്മകമായ മലയാളി ചെറുപ്പത്തെ നേര്‍വഴിയില്‍ നയിക്കുകയെന്ന ദൗത്യമാണ് യുവജന പ്രസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ജീവിതപരിസരങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഉള്‍ക്കരുത്ത് യുവജന സംഘടനകള്‍ക്കുണ്ടാവണം. അതിനുള്ള ശ്രമമാണ് ' യുവത്വം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി 2017 മുതൽ സംഘടിപ്പിക്കപ്പെട്ട് വരുന്ന വാണിമേൽ ഫെസ്റ്റ് .

അഖിലേന്ത്യാ വോളിബോൾ മേളയോട് കൂടിയാണ് ഫെസ്റ്റ് സമാപിക്കുന്നത്. ഇന്ത്യൻ നേവി, ഇന്ത്യൻ ആർമി, സർവീസസ്, ഐ ഒ ബി തുടങ്ങിയ ഡിപ്പാർട്ട്മെൻ്റ് ടീമുകളും റെയിൽവേ, കേരള പോലീസ്, കസ്റ്റംസ് തുടങ്ങിയ ടീം താരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിൻ്റെ പ്രഖ്യാപന തിയ്യതി മുതൽ പ്രചരണ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. നാടൻ തലമപ്പന്തുകളി ടൂർണമെന്റ്, കമ്പവലി മത്സരം തുടങ്ങിയവയിൽ വിവിധ പ്രദേശങ്ങളിലെ ടീമുകൾ മത്സരിക്കുക വഴി ആ പ്രദേശങ്ങളിലും കൂട്ടായ്മകൾ ശക്തിപ്പെട്ടിട്ടുണ്ട്.

ചെസ് , കാരംസ്, ജില്ലാ തല ഷട്ടിൽ ടൂർണ്ണമെൻ്റ്, എന്നിവയും നടന്നു. നിരത്തുമ്മൽ പീടിക പ്രദേശത്തെ മുന്നുറിലധികം ആളുകളെ ഉൾപ്പെടുത്തി വയനാട് വെച്ച് കുടുംബ സംഗമം നടത്തി. 89 വയസ്സ് പ്രായമുള്ള മുതിർന്ന അംഗം മുതൽ 6 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് അടക്കം മുഴുദിന സംഗമത്തിൽ പങ്കെടുത്തു. വയോജനങ്ങൾക്കായി സംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി നടത്തിയ മെഹന്തി ഫെസ്റ്റ്, സമാവർ ഫുഡ് ഫെസ്റ്റിവൽ എന്നിവ ഏറെ ജനകീയമായി. ലോകകപ്പ് ഫുട്ബോളിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

20ന് വൈകുന്നേരം പി തറുവൈ ഹാജി നഗറിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. പ്രഗൽഭ പ്രഭാഷകൻ ഹസീം ചെമ്പ്ര പങ്കെടുക്കുന്ന തലമുറ സംഗമം, സ്കൂൾ കുട്ടികൾക്കായി പി കെ അംജദ്‌ നേതൃത്വം നൽകുന്ന ചങ്ങാതിക്കൂട്ടം, കേരളത്തിലെ പ്രഗൽഭ ഗസൽ സൂഫി ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും നേതൃത്വം നൽകുന്ന ഗസൽ നൈറ്റ്, എം എസ്‌ എഫ്‌ സംസ്ഥാന പ്രസിഡൻ്റ് പികെ നവാസ് പങ്കെടുക്കുന്ന വിദ്യാർത്ഥി യുവജന സമ്മേളനം, നജ്മ തബ്ഷീറ, നൂർ ജലീല എന്നിവർ പങ്കെടുക്കുന്ന വനിതാ സമ്മേളനം എന്നിവയും വിവിധ തിയ്യതികളിൽ നടക്കും.

സി കെ സുബൈർ, സൂപ്പി നരിക്കാട്ടേരി, എൻ കെ മൂസ മാസ്റ്റർ, മൊയ്തു കുന്നത്ത്, എം കെ അഷ്റഫ് തുടങ്ങി നേതാക്കളും കലാകാരന്മാരും വിവിധ പരിപാടികളിൽ പങ്കെടുക്കും. നാലാമത് വാണിമേൽ ഫെസ്റ്റിൻ്റെ പ്രഖ്യാപനം മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബും ഫണ്ട് ഉൽഘാടനം റിയാസ് ലൂളിയിൽ നിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമാണ് നിർവഹിച്ചത്. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ സി ഷൗക്കത്ത്, കൺവീനർ സാദിക്ക് കളത്തിൽ, ട്രഷറർ സുബൈർ തയ്യുള്ളതിൽ, ഭാരവാഹികളായ ശരീഫ് കളത്തിൽ, ശമ്മാസ്, സമീർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85960/vanimel-fest-to-start-on-20th-preparations-are-complete)