---
title: "മയക്കുമരുന്ന് വിതരണം; എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കടമേരി സ്വദേശി അറസ്റ്റിൽ"
english_title: "MDMA Kadameri resident arrested with drugs including"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8632/mdma-kadameri-resident-arrested-with-drugs-including"
published_at: "2021-11-03T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61821365b0e75_kadameri.jpg"
keywords: []
---

# മയക്കുമരുന്ന് വിതരണം; എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കടമേരി സ്വദേശി അറസ്റ്റിൽ

> **Lead Summary:** **നാദാപുരം**: വാണിമേലിൽ മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയ യുവാവ് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി പിടിയിൽ. വില്യാപ്പള്ളി കടമേരി സ്വദേശി പാലോറ നൂർ മഹലിൽ നിയാസ് ആണ് വളയം പോലീസിന്റെ പിടിയിലായത്.

## Article Content

**നാദാപുരം**: വാണിമേലിൽ മയക്കുമരുന്ന് വിതരണം ചെയ്യാനെത്തിയ യുവാവ് എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി പിടിയിൽ. വില്യാപ്പള്ളി കടമേരി സ്വദേശി പാലോറ നൂർ മഹലിൽ നിയാസ് ആണ് വളയം പോലീസിന്റെ പിടിയിലായത്.

ഇയാൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കൈവശംവെച്ചതിന് നേരത്തേ ഇയാളുടെപേരിൽ നാദാപുരം പോലീസ് സ്റ്റേഷനിൽ കേസുണ്ട്. മൂന്നുവർഷമായി ഇയാൾ നാദാപുരം - കുറ്റ്യാടി - വടകര മേഖലയിൽ ലഹരിവസ്തുക്കൾ വിൽപ്പനനടത്തിവരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

വളയം എസ്.ഐ. അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ സി.പി.ഒ. പി.പി. ഷാജു, സുജേഷ് കുറ്റിയിൽ, അമൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ വളയം പോലീസ് സംഘം വാണിമേൽ പാലത്തിന് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ നിയാസ് വന്ന കാർ പോലീസ് കൈകാണിച്ചപ്പോൾ നിർത്താതെ ഓടിച്ചുപോയി. പോലീസ് വാഹനത്തെ പിന്തുടരുകയും വാണിമേൽ കൊപ്രാക്കള്ളത്തിന് സമീപത്തുവെച്ച് പിടികൂടുകയുമായിരുന്നു.

പരിശോധനയിൽ പോളിത്തീൻ കവറിൽ സൂക്ഷിച്ച 290 ഗ്രാം എം.ഡി.എം.എ., പതിമ്മൂന്ന് ബോട്ടിലുകളിലായി 52 ഗ്രാം ഹാഷിഷ് ഓയിൽ, 15 ചെറിയ കവറുകളിലായി 89 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ മൈസൂരിൽനിന്ന് നേരിട്ട് വാങ്ങിയതാണെന്ന് ഇയാൾ മൊഴിനൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8632/mdma-kadameri-resident-arrested-with-drugs-including)