---
title: "അതൃപ്തി; വിശ്വാസ വഞ്ചിതരായി അടുപ്പിൽ കോളനിയിലെ ആദിവാസികൾ"
english_title: "dissatisfaction; Adivasis of the colony in the hearth, betrayed by their faith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87159/dissatisfaction-adivasis-of-the-colony-in-the-hearth-betrayed-by-their-faith"
published_at: "2022-12-25T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8693e6d624_colony_pic.jpg"
keywords: []
---

# അതൃപ്തി; വിശ്വാസ വഞ്ചിതരായി അടുപ്പിൽ കോളനിയിലെ ആദിവാസികൾ

> **Lead Summary:** **വാണിമേൽ**: സർക്കാർ ആദിവാസി വിഭാഗങ്ങൾക്ക് അനുവദിച്ച വീടുകളിൽ അതൃപ്തിയുമായി ഗുണഭോക്താക്കൾ. പെട്ടികളിൽ കഴിയുന്നതുപോലെ ശ്വാസം മുട്ടി കഴിയുന്ന രീതിയിലാണ് നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളിൽ കോളനി നിവാസികൾ . ഉരുൾപൊട്ടൽ ഭീഷണിയുള്ളവരെയാണ് ഇങ്ങനെ മാറ്റിപ്പാർപ്പിക്കുന്നത്.

## Article Content

**വാണിമേൽ**: സർക്കാർ ആദിവാസി വിഭാഗങ്ങൾക്ക് അനുവദിച്ച വീടുകളിൽ അതൃപ്തിയുമായി ഗുണഭോക്താക്കൾ. പെട്ടികളിൽ കഴിയുന്നതുപോലെ ശ്വാസം മുട്ടി കഴിയുന്ന രീതിയിലാണ് നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളിൽ കോളനി നിവാസികൾ . ഉരുൾപൊട്ടൽ ഭീഷണിയുള്ളവരെയാണ് ഇങ്ങനെ മാറ്റിപ്പാർപ്പിക്കുന്നത്.

9 ലക്ഷം രൂപയുടെ വീട് എന്നാണ് പറയുന്നത്, പക്ഷേ ഗുണഭോക്താക്കൾ പറയുന്നത് ഒമ്പതുലക്ഷം രൂപയ്ക്ക് രണ്ടു വീടുകൾ തന്നെ നിർമ്മിക്കാം എന്നാണ് . കിടപ്പുമുറിയിൽ ഒരു കട്ടിൽ പോലും ഇടാൻ പറ്റില്ല. അതിഥികൾക്ക് പോലും വീട്ടിൽ കയറി ഇരിക്കാൻ സൗകര്യമില്ല . വീടിന് വരാന്ത പേരിന് മാത്രമാണുള്ളത് . അടുക്കള, കക്കൂസ് എന്നിവയുടെ വലിപ്പം അത്ഭുതപ്പെടുത്തും വിധമാണ് .

തറയിൽ നിന്നും ടെറസിലേക്ക് രണ്ടു മീറ്റർ മാത്രമാണ് ഉയരം. വിലങ്ങാട് ആദിവാസികളെ പുനരധിവാസിക്കാനായുള്ള വീടുകളുടെ അവസ്ഥയാണിത്. വീടിനകത്ത് മനുഷ്യവാസം അസാധ്യമാണെന്നാണ് പരാതി ഉയരുന്നത്. ഏറ്റവും ചുരുങ്ങിയത് അടിസ്ഥാന സൗകര്യമെങ്കിലും വീടിന് ഒരുക്കണമെന്നാണ് ആദിവാസികൾക്ക് പറയാനുള്ളത്. ഇതിനെതിരെ ആദിവാസികൾ വീട് നിർമ്മാണ സ്ഥലത്ത് പ്രതിഷേധിച്ചു.

നിർമാണപ്രവർത്തി വാർഡ് മെമ്പറേയോ രാഷ്ട്രീയപാർട്ടി പ്രതിനിധികളെയോ അറിയിച്ചിട്ടില്ല. കോളനിവാസികളെ പറഞ്ഞു മനസ്സിലാക്കാനോ എത്ര സ്ക്വയർ ഫീറ്റ് ആണോ അവരുടെ വീട് എന്നത് വാർഡ് മെമ്പറോട് പോലും ജില്ലാ ഭരണകൂടം അറിയിച്ചിട്ടില്ല. 600 സ്ക്വയർ മീറ്റർ വിസൃതിയിലാണ് നിലവിൽ ആദിവാസികൾ വസിക്കുന്നത്. എന്നാൽ ഇവർക്കായി പുതുതായി പണിയുന്ന തറയുടെ വിസൃതി 425 സ്ക്വയർ മീറ്റർ മാത്രമാണ്. ഇത്തരത്തിലുള്ള വീടുകളെല്ലാം അന്തിമഘട്ടത്തിലാണ്.

സ്ഥലം ഏറ്റെടുക്കലിന് 6.50 കോടിയാണ് ചെലവിട്ടത്. വിലങ്ങാടിനടുത്തുള്ള പുനരധിവാസ ഭൂമിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഓരോ കുടുംബത്തിനും പത്തുലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 6 ലക്ഷം സ്ഥലം വാങ്ങാനായിരുന്നു. ബാക്കി നാല് ലക്ഷം രൂപയും, ആദിവാസി ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷവും കോർപ്പറേറ്റ് ഫണ്ട് വക ഒന്നര ലക്ഷം അടക്കം ഏഴര ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിച്ചത്.

2019 ലെ പ്രളയത്തിലും ഉരുൾപൊട്ടലിലും സുരക്ഷിതത്വം നഷ്ടമായ വിലങ്ങാട് അടുപ്പിൽ കോളനിയിലെ 65 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയത്. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് വീടെടുക്കുന്നതിനായി ഉരുട്ടി റോഡരികിലും, പയരക്കോട്ടത്തുമായി രണ്ടു പ്ലോട്ടുകളിലായി 12.5 ഏക്കർ സ്ഥലമാണ് തെരഞ്ഞെടുത്തത്. നിർമ്മാണം ആരംഭിക്കുന്നതിന്റെ സമയത്ത് പെയിന്റടിച്ചു മനോഹരമായ വീടിന്റെ ചിത്രം കാണിച്ച് തങ്ങളെ കബളിപ്പിച്ചതായി ആദിവാസികൾ പറഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന പ്രദേശത്ത് എത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടതായി അറിഞ്ഞത് എന്നും അവർ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87159/dissatisfaction-adivasis-of-the-colony-in-the-hearth-betrayed-by-their-faith)