---
title: "ഇത് ചരിത്ര സംഗമം; മലബാറിലെ മഹാ കുടുംബ സംഗമം തുടങ്ങി."
english_title: "This is a historic meeting; The Maha Kudumba Sangam in Malabar has started."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/87699/this-is-a-historic-meeting-the-maha-kudumba-sangam-in-malabar-has-started-newpost"
published_at: "2022-12-28T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac2b6da79b2_pic_sam_1.jpg"
keywords: []
---

# ഇത് ചരിത്ര സംഗമം; മലബാറിലെ മഹാ കുടുംബ സംഗമം തുടങ്ങി.

> **Lead Summary:** **നാദാപുരം**: മലബാറിലെ മഹാ കുടുംബ സംഗമത്തിന് വേദിയായി കല്ലാച്ചി. കുനിങ്ങാരത്ത് കുടുംബ മഹാസംഗമത്തിനാണ് കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയം വേദിയായത്. ഇന്ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ തുടങ്ങി, ശേഷം പത്തുമണിക്ക് മുതിർന്ന കുടുംബാംഗമായ കരുവങ്കുനി കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ചരിത്ര സംഗമത്തിന് തുടക്കം കുറിച്ചു.

## Article Content

**നാദാപുരം**: മലബാറിലെ മഹാ കുടുംബ സംഗമത്തിന് വേദിയായി കല്ലാച്ചി. കുനിങ്ങാരത്ത് കുടുംബ മഹാസംഗമത്തിനാണ് കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയം വേദിയായത്. ഇന്ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ തുടങ്ങി, ശേഷം പത്തുമണിക്ക് മുതിർന്ന കുടുംബാംഗമായ കരുവങ്കുനി കുഞ്ഞബ്ദുള്ള മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ ചരിത്ര സംഗമത്തിന് തുടക്കം കുറിച്ചു.

ഹാഫിള് മുഹമ്മദ് അസ്ലം ഖിറാഅത്ത് നടത്തി. ശേഷം കുന്നത്ത് ഗായകസംഘം വാണിമേലിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനം ആലപിച്ചു. 4000 ത്തോളം പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിന്റെ ഉദ്ഘാടനം നാദാപുരം എം.എൽ.എ. ഇ.കെ വിജയൻ നിർവഹിച്ചു. കേരളത്തിന് തന്നെ മാതൃകയാണ് കുനിങ്ങാരത്ത് കുടുംബം എന്ന് അദ്ദേഹം പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള മഹാസംഗമങ്ങൾ സംഘടിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു. എംഎൽഎയുടെ നല്ല വാക്കുകളെ സദസ്സിൽ നിന്ന് നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.  

കെ. മമ്മൂട്ടി ഹാജി (ചെയർമാൻ. കേന്ദ്ര കമ്മിറ്റി) അധ്യക്ഷത വഹിച്ചു. ഹാരിസ് മാസ്റ്റർ (ജോ: കൺവീനർ സ്വാഗതസംഘം) റിപ്പോർട്ട് അവതരിപ്പിച്ചു. സി കെ നാസർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാദാപുരം ഗ്രാമപഞ്ചായത്ത്) തറവാട്ടിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എം.കെ നൗഷാദ് (ജോ: കൺവീനർ സ്വാഗതസംഘം) കുടുംബ യൂണിറ്റുകളെ പരിചയപ്പെടുത്തി. കെ മുഹമ്മദ് സലീം (ചീഫ് എഡിറ്റർ കുടുംബ സുവനീർ) കുടുംബ സുവനീർ പരിചയപ്പെടുത്തുകയും, സുവനീർ പ്രകാശനം കുടുംബത്തിന്റെ അഭ്യുതകാംക്ഷി കൂടിയായ മുൻ എംഎൽഎ സി.മമ്മൂട്ടി നിർവഹിച്ചു. കുന്നോത്ത് അന്ത്രു ഹാജി (ട്രഷറർ സ്വാഗത സംഘം) സുവനീർ ഏറ്റുവാങ്ങി.

കുടുംബ കലണ്ടർ പ്രകാശനം കെസി കുഞ്ഞബ്ദുള്ള ഹാജി (ട്രഷറർ കേന്ദ്ര കമ്മിറ്റി) നിർവഹിച്ചു. എൻ പി അഹമ്മദ് ഹാജി (വൈസ് ചെയർമാൻ സ്വാഗതസംഘം) കുടുംബ കലണ്ടർ ഏറ്റുവാങ്ങി. കെഎം മൊയ്തു ഹാജി തരുവണയും (വൈസ് ചെയർമാൻ സ്വാഗതസംഘം) സി.വി കുഞ്ഞാലി സിലോണും ചേർന്ന് (ചെയർമാൻ ഫിനാൻസ് കമ്മിറ്റി) അവാർഡ് ദാനം നിർവഹിച്ചു. ഉസ്താദ് മുഹമ്മദ് ബഷീർ ഫൈസി നിലമ്പൂർ ഉദ്ബോധന പ്രഭാഷണം നടത്തി. 300 വർഷത്തിലേറെ പഴക്കമുള്ള പുരാതന കുടുംബമാണ് കുനിങ്ങാരത്ത് കുടുംബം. ഈ കുടുംബത്തിലെ പഴയതും പുതിയതുമായ പ്രതിനിധികളാണ് ഇന്ന് കല്ലാച്ചി ഓത്തിയിൽ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. 

വൈവിധ്യങ്ങളായ പരിപാടികളാൽ സമ്പന്നമായ പരിപാടി ഇന്ന് സന്ധ്യയോടെയാണ് സമാപിക്കുന്നത്. കുടുംബത്തിന്റെ രണ്ടാമത് മഹാസംഗമമാണിത്. വടക്കൻ മലബാറിലെ വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് പ്രധാനമായും കുനിങ്ങാരത്ത് കുടുംബം താമസിക്കുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഈ കുടുംബത്തിന്റെ കണ്ണികളെ യോജിപ്പിച്ചത്. 14 യൂണിറ്റ് കമ്മിറ്റിയും, ഇവർക്ക് നേതൃത്വം നൽകാൻ ഒരു കേന്ദ്ര കമ്മിറ്റിയും, ഇവരാണ് ഈ കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. കേരള സൊസൈറ്റി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കമ്മിറ്റിയാണ് കുനിങ്ങാരത്ത് കുടുംബത്തിന്റേത്.

ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ, കുടുംബത്തിലെ പാവങ്ങൾക്കുള്ള റിലീഫ് പ്രവർത്തനം, വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന കമ്മിറ്റി, രോഗികളെ സഹായിക്കൽ തുടങ്ങിയവ നടന്നു പോകുന്നു. വിദ്യാഭ്യാസ ട്രസ്റ്റ് എന്ന പേരിൽ പുതിയ ഒരു പ്രവർത്തനം കൂടി ആരംഭിക്കുന്നു. വിദ്യാഭ്യാസ ട്രസ്റ്റിന്റെ പ്രഖ്യാപനം കുടുംബാംഗം കൂടിയായ ഓത്തിയിൽ അമ്മദ് ഹാജി നിർവഹിച്ചു. വാണിമേലിൽ നിന്നും വയനാട് മലനിരകളിലേക്ക് കൃഷിയുമായി ബന്ധപ്പെട്ട് പോയ അബുള്ള എന്ന് പറയുന്ന ആളാണ് കുടുംബത്തിലെ ആദ്യത്തെ വ്യക്തി.

മകൻ ആലി, ആലിയുടെ മകനായ മായന്റെ അഞ്ചു മക്കളിൽ പെട്ട രണ്ടുപേർ നാദാപുരത്തും, മൂന്നുപേർ വാണിമേലിലുമായി താമസമാക്കി. അവരുടെ കുടുംബ പരമ്പരയിൽപ്പെട്ട ഇന്ന് ജീവിക്കുന്ന അഞ്ചാമത്തെ കണ്ണികൾ ആയിട്ടുള്ളവരാണ് ഇപ്പോഴത്തേത്. 10 തലമുറയിൽ പെട്ട പിതാക്കന്മാരെ രേഖാമൂലം തിരിച്ചറിഞ്ഞിട്ടുണ്ട്. ആധാരമുൾപ്പെടെ ലഭ്യമായ വിവരം ശേഖരിച്ചിട്ടുണ്ട്. കെ.സി മായിൻ ഹാജി, പി.അഹമ്മദ് കുട്ടി മാസ്റ്റർ, ഹുസൈൻ മാസ്റ്റർ കുന്നത്ത്, കോഴിക്കോടൻ കണ്ടി അമ്മദ് ഹാജി, അബൂട്ടി ഹാജി പൂനൂര്, കെ കെ മൊയ്തു മാസ്റ്റർ, ഇ കെ മുഹമ്മദലി ഹാജി പഴഞ്ചന സംസാരിച്ചു. കേന്ദ്ര കമ്മിറ്റി കൺവീനർ കെ.സി ആലി ഹാജി സ്വാഗതവും, സ്വാഗതസംഘം വൈസ് ചെയർമാൻ നാസർ അഞ്ചു കുന്ന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/87699/this-is-a-historic-meeting-the-maha-kudumba-sangam-in-malabar-has-started-newpost)