---
title: "നിറയെ ചുവന്ന പൂക്കൾ; നാട് ചുകപ്പിച്ച വിപ്ലവ പോരാളി മടങ്ങി"
english_title: "full of red flowers; The revolutionary fighter who saved the country has returned"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88376/full-of-red-flowers-the-revolutionary-fighter-who-saved-the-country-has-returned"
published_at: "2023-01-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b1861f2fb69_pic_k_3.jpg"
keywords: []
---

# നിറയെ ചുവന്ന പൂക്കൾ; നാട് ചുകപ്പിച്ച വിപ്ലവ പോരാളി മടങ്ങി

> **Lead Summary:** **കോട്ടേമ്പ്രം**: ജീവിതത്തിൻ്റെ ഊടും പാവും ചേർത്ത തറിയുടെ മണ്ണിന് , ഇന്ന് പുരോഗതിയുടെ പുതുവസ്ത്രങ്ങളുടെ സുഗന്ധമാണ്. ഇവിടെ അരനൂറ്റാണ്ടിലേറെ കാലം മുമ്പ് അദ്ധ്വാനിക്കുന്നവർക്ക് അവകാശ ബോധം പകർന്ന് ഈ മണ്ണ് ചുകപ്പിച്ച പോരാളി, അതാണ് കെ.പി ചാത്തു മാസ്റ്റർ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. നെഞ്ചിൽ നിറയെ ചുവന്ന പൂക്കൾ ഏറ്റുവാങ്ങി ആ വിപ്ലവകാരി ഇന്ന് മടങ്ങി, സമത്വസുന്ദരലോകം തീർക്കാനുള്ള സ്വപ്നങ്ങളുടെ വിത്തുമുളപ്പിച്ച്.

## Article Content

**കോട്ടേമ്പ്രം**: ജീവിതത്തിൻ്റെ ഊടും പാവും ചേർത്ത തറിയുടെ മണ്ണിന് , ഇന്ന് പുരോഗതിയുടെ പുതുവസ്ത്രങ്ങളുടെ സുഗന്ധമാണ്. ഇവിടെ അരനൂറ്റാണ്ടിലേറെ കാലം മുമ്പ് അദ്ധ്വാനിക്കുന്നവർക്ക് അവകാശ ബോധം പകർന്ന് ഈ മണ്ണ് ചുകപ്പിച്ച പോരാളി, അതാണ് കെ.പി ചാത്തു മാസ്റ്റർ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. നെഞ്ചിൽ നിറയെ ചുവന്ന പൂക്കൾ ഏറ്റുവാങ്ങി ആ വിപ്ലവകാരി ഇന്ന് മടങ്ങി, സമത്വസുന്ദരലോകം തീർക്കാനുള്ള സ്വപ്നങ്ങളുടെ വിത്തുമുളപ്പിച്ച്.

അവസാന ശ്വാസം വരെ ചങ്ക് പൊട്ടുമാറ് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച സഖാവിന് അന്ത്യയാത്രാമൊഴി നൽകി ഇന്ന് വൈകിട്ട് നാലരയോടെ സഹപ്രവർത്തകരും നാടും മൗനമായി മടങ്ങി. ഇവർ ഒന്നുറക്കെ ഇൻക്വിലാബ് വിളിച്ചിരുന്നെങ്കിൽ ,ഒരു പക്ഷേ അദ്ദേഹം ആഗ്രഹിച്ചിരിക്കും . പുതുതലമുറ ആഴത്തിൽ അറിയാത്ത അത്രമേൽ അടിമുടി പോരാളിയാണ് അദ്ദേഹം. സി.പി.എം നേതാവും കച്ചേരി യു പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ കെ.പി ചാത്തു മാസ്റ്റർ (65) ഇന്ന് പുലർച്ചെയാണ് വിടവാങ്ങിയത്. സി.പി.എം മുൻ നാദാപുരം ഏരിയാ കമ്മറ്റി മെമ്പറും പ്രഥമ ഇരിങ്ങണ്ണൂർ എൽ.സി സെക്രട്ടറിയുമായി അദ്ദേഹം അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട്. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായി മികച്ച ജനസാരഥിയായി.

നിലപാടുകളിൽ കടുകിട വ്യത്യാസമില്ലാത കാർക്കശ്യ കാരനായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 10 മണിവരെ സി.പി.എം ഇരിങ്ങണ്ണൂർ ലോക്കൽ കമ്മറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ചു. നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. പിന്നീട് കോട്ടേമ്പ്ര ത്തെ വീട്ടിലെത്തിച്ചു. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4 മണിക്ക് കോട്ടേമ്പ്രത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണ സമിതി പ്രസിഡണ്ടായും , മാനേജർ ആയും പ്രവർത്തിച്ചിരുന്നു.

ഭാര്യ: ശ്യാമള (റിട്ട. അധ്യാപിക കച്ചേരി യു.പി സ്കൂൾ ) മക്കൾ ശരത് (കെ.എസ്.എഫ്.ഇ കല്ലാച്ചി ), അനശ്വര ( എൽ.എസ്.ജി.ഡി ഉള്ള്യേരി ) മരുമക്കൾ: അർച്ചന , പ്രണവ്. സഹോദരങ്ങൾ :ശാന്ത, ജാനു, നാരായണി, ദേവി, കൃഷ്ണൻ (മാതൃഭൂമി ഏജന്റ് കായപ്പനച്ചി). സിപിഐ എം ഏരിയാ സെക്രട്ടറി പി പി ചാത്തു, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി കുഞ്ഞികൃഷ്ണൽ ,കൂടത്താം കണ്ടി സുരേഷ് ,ലോക്കൽ സെക്രട്ടറി ടി. അനിൽകുമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജ, വൈ. പ്രസിഡൻ്റ് ടി.കെ അരവിന്ദാക്ഷൻ, കേരള പ്രവാസി സംഘം നേതാവ് കെ.സി കണ്ണൻ ,പഞ്ചായത്ത് പ്രസിഡൻ്റ് പത്മിനി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88376/full-of-red-flowers-the-revolutionary-fighter-who-saved-the-country-has-returned)