---
title: "പ്രതീക്ഷയോടെ; 2023നെ വരവേറ്റ്"
english_title: "with hope; Welcome to 2023"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/88432/with-hope-welcome-to-2023"
published_at: "2023-01-02T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b24723d97f6_NADA_PIC_1.jpg"
keywords: []
---

# പ്രതീക്ഷയോടെ; 2023നെ വരവേറ്റ്

> **Lead Summary:** **നാദാപുരം. **നാദാപുരം: പുത്തൻ പ്രതീക്ഷകളുടെ ചിറക് വിരിച്ചിരിക്കുകയാണ് നാദാപുരം. ഓരോ പുതുവർഷം കഴിയുമ്പോഴും പുത്തൻ മാറ്റങ്ങൾക്ക് വേണ്ടി കാതോർക്കുന്നു നാദാപുരത്തുകാർ. പദ്ധതികളും നിരവധി വാഗ്ദാനങ്ങളുമായി കാര്യങ്ങൾ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും പലതും യാഥാർത്ഥ്യമാകാത്തതിലുള്ള നിരാശ നാട്ടുകാർക്കുണ്ട്.

## Article Content

**നാദാപുരം. **നാദാപുരം: പുത്തൻ പ്രതീക്ഷകളുടെ ചിറക് വിരിച്ചിരിക്കുകയാണ് നാദാപുരം. ഓരോ പുതുവർഷം കഴിയുമ്പോഴും പുത്തൻ മാറ്റങ്ങൾക്ക് വേണ്ടി കാതോർക്കുന്നു നാദാപുരത്തുകാർ. പദ്ധതികളും നിരവധി വാഗ്ദാനങ്ങളുമായി കാര്യങ്ങൾ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും പലതും യാഥാർത്ഥ്യമാകാത്തതിലുള്ള നിരാശ നാട്ടുകാർക്കുണ്ട്.

മികച്ച ഒരു ആതുരാലയം നാദാപുരത്ത് ഇല്ലാത്തത് ഇന്നും ഒരു കുറവ് തന്നെയാണ്. മികച്ച ചികിത്സക്ക് വേണ്ടി നാദാപുരത്തുകാർ കോഴിക്കോടിനെയോ, കണ്ണൂർ ജില്ലയെയോ ആണ് ആശ്രയിക്കുന്നത്. കാലങ്ങളായുള്ള ഈ ഒരു ആശ്രയത്തിന് യാതൊരു കുറവും വന്നിട്ടില്ല.

സഹകരണ മേഖലയിൽ മികച്ച ഒരു സഹകരണ ആശുപത്രി വരും എന്ന ഒരു പ്രത്യാശ കുറച്ചു കാലം മുമ്പേ ചർച്ചയായിരുന്നു പക്ഷേ, എന്തുകൊണ്ടോ യാഥാർത്ഥ്യമായിട്ടില്ല. വിവരസാങ്കേതികവിദ്യ അതിന്റെ അത്യുന്നതങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. സംസ്ഥാനത്തും ജില്ലയിലും നിരവധി സൈബർ പാർക്കുകളാണ് നിലവിലുള്ളത്. പല കക്ഷിരാഷ്ട്രീയ നേതാക്കന്മാരും തെരഞ്ഞെടുപ്പ് സമയങ്ങളിൽ പ്രസ്താവന ഇറക്കാറുണ്ടെങ്കിലും ഇതുവരെ ഒരു സൈബർ പാർക്ക് നാദാപുരത്ത് യാഥാർത്ഥ്യമായിട്ടില്ല.

ഐടി വിദ്യാഭ്യാസം നേടിയ നാദാപുരം നിയോജക മണ്ഡലത്തിലെ നിരവധി വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിലോ അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലോ ആണ് തൊഴിൽ ചെയ്യുന്നത്. നമ്മുടെ നാടിന്റെ മനുഷ്യ വിഭവശേഷിയെ മറ്റു നാടുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇക്കാര്യത്തിൽ ഭരണ നിർവഹണ കേന്ദ്രങ്ങളുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. ഏറെ മുറിവിളിക്കുശേഷം നാദാപുരത്ത് ഗവൺമെന്റ് തലത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജ് സ്ഥാപിതമായിട്ടുണ്ട്. വ്യത്യസ്തങ്ങളായ കോഴ്സുകളും മികച്ച പഠനാന്തരീക്ഷവും ഉറപ്പ് തരുന്ന ഈ കോളേജ് എന്തുകൊണ്ടും പ്രശംസനീയമാണ്.

പ്ലസ് ടു കഴിഞ്ഞതിനുശേഷം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾ മെഡിസിൻ, എൻജിനീയറിങ് പഠനത്തിനായി അന്യസംസ്ഥാനങ്ങളെയോ പുറം രാജ്യങ്ങളെയോ ആണ് ഇന്നും ആശ്രയിക്കുന്നത്. ഈ ഒരു കീഴ്‌വഴക്കത്തിന് നിരവധി വർഷങ്ങളായിട്ടും ഒരു പരിഹാരമായിട്ടില്ല. ഐടി അധിഷ്ഠിത എൻജിനീയറിങ് കോളേജും, പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മെഡിക്കൽ കോളേജും നാടിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

പുതിയ തലമുറയുടെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കണം ആധുനിക കാലത്ത് പ്രവർത്തനം നടത്തേണ്ടത്. അത്തരത്തിൽ 2023 ഒരു പ്രതീക്ഷയോടെ വർഷമാകും എന്ന പ്രത്യാശയിൽ തന്നെയാണ് ഓരോ നാദാപുരത്തുകാരും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/88432/with-hope-welcome-to-2023)