---
title: "നാദാപുരത്തെ വിശ്വാസ കച്ചവടം; ചായ കൊണ്ട് വെക്കുന്ന ഉപ്പിച്ചിയെ ഓർത്ത് പടിയിറങ്ങി പുഷ്പ ടീച്ചർ"
english_title: "Faith trade in Nadapuram; Teacher Pushpa came down to remember Uppichi who was serving tea"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/90547/faith-trade-in-nadapuram-teacher-pushpa-came-down-to-remember-uppichi-who-was-serving-tea"
published_at: "2023-01-16T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4c1a26b590_pushpa_aravind.jpg"
keywords: []
---

# നാദാപുരത്തെ വിശ്വാസ കച്ചവടം; ചായ കൊണ്ട് വെക്കുന്ന ഉപ്പിച്ചിയെ ഓർത്ത് പടിയിറങ്ങി പുഷ്പ ടീച്ചർ

> **Lead Summary:** **നാദാപുരം:** ഒരു സ്നേഹ കച്ചവടത്തിൻ്റെയും ഹൃദയനൈർമല്യമുള്ള കുടുംബ ബന്ധത്തെയും കോറിയിട്ട് അധ്യാപികയുടെ പടിയിറക്കം.

## Article Content

**നാദാപുരം:** ഒരു സ്നേഹ കച്ചവടത്തിൻ്റെയും ഹൃദയനൈർമല്യമുള്ള കുടുംബ ബന്ധത്തെയും കോറിയിട്ട് അധ്യാപികയുടെ പടിയിറക്കം.

നാദാപുരം ടി ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ ഔദ്യോഗിക ജീവിതം അവസാനിക്ക് അക്ഷരാലയത്തിൻ്റെ പടികൾ ഇറങ്ങുമ്പോൾ പുഷ്പ അരവിന്ദ് പറഞ്ഞുവെച്ചത് നന്മ വിതയ്ക്കുന്നവരുടെ ജീവിത കഥയാണ്. നാദാപുരത്തിൻ്റെ നന്മ നശിക്കാത്ത ഗ്രാമീണ മനസ്സിനെ തൊട്ടറിയുകയായിരുന്നു അവർ.

***

***

***
***

***പുഷ്പ അരവിന്ദിൻ്റെ കുറിപ്പ് വായിക്കാം..... ***

എൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അനുഭവപ്പെട്ട ഹൃദയസ്പർശിയായ ഒരനുഭവം ഓർത്തെടുക്കുകയായിരുന്നു ഞാൻ.1995ലെ ഒരു ജനുവരി മാസത്തിൽ ആയിരുന്നു എൻ്റെ ഔദ്യോഗിക ജീവിത പ്രവേശനം.

ആദ്യ നാളുകളിൽ,എല്ലാം നമുക്ക് പുതുമ തരുന്നത് ആയിരിക്കുമല്ലോ .അന്ന് ഒന്നും രണ്ടും പീരീഡുകൾ കഴിഞ്ഞാൽ സത്യത്തിൽ ക്ഷീണിച്ചു തളർന്നുവരുന്ന അധ്യാപിക അധ്യാപകരെ ആയിരിക്കും ആരും പ്രതീക്ഷിക്കുക, പക്ഷേ അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് കൂടുതൽ ഊർജ്ജസ്വലതയോടെ ഓടിയെത്തുന്ന അധ്യാപിക അധ്യാപകരെയാണ്.

വൈകാതെ തന്നെ എനിക്ക് കാര്യം പിടികിട്ടി. ഞങ്ങളുടെ സ്കൂളിൽ അന്ന് ഒരു കാന്റീനോ കടകളോ ഉണ്ടായിരുന്നില്ല. അവിടെ ഒരു വീട്ടിൽ നിന്നും കൊണ്ടുവരുന്ന ചായയും പലഹാരങ്ങളും ആയിരുന്നു ഏക ആശ്രയം. എത്രയും പെട്ടെന്ന് എത്തിച്ചേരുന്നവർക്കാണ് അതിൻ്റെ ഗുണഫലം അനുഭവിക്കാൻ കഴിയുമായിരുന്നുള്ളൂ.

വെക്കുന്ന പലഹാരത്തിന്റെ , സ്വാദിനനുസരിച്ച് ഓരോരുത്തരും എടുക്കുന്ന എണ്ണം കൂടുകയും ചെയ്യും. ഇത് അറിയുന്നവരാണ് നേരത്തെ ഞാൻ പറഞ്ഞ ഊർജ്ജസ്വലർ. അവിടെ അതൊന്നുമല്ല എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യം നിൽക്കുന്നത് . ഇടയ്ക്ക് ആഹാരം കഴിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടുതന്നെ ഞാൻ ആ പ്രക്രിയയിൽ ഭാഗഭാക്ക് ആയിരുന്നില്ല.

എന്നാലും ഞാൻ എന്നും അതൊരു തമാശയായി ആസ്വദിക്കുമായിരുന്നു. മാസങ്ങൾ കഴിഞ്ഞു, അപ്പോഴാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ചായ കൊണ്ട് വെക്കുന്ന ഉപ്പിച്ചി, (അയാളുടെ ശരിയായ പേര് എനിക്ക് ഇപ്പോഴും അറിയില്ല) അങ്ങനെയാണ് എല്ലാവരും വിളിച്ചിരുന്നത്, അതുതന്നെ ഞാനും ആവർത്തിക്കുന്നു,

ഒരിക്കൽപോലും ഒരു കണക്കു പുസ്തകം കയ്യിൽ കരുതിയിരുന്നില്ല. വലിയ വലിയ രാജ്യങ്ങളിൽ കടക്കാരും ഇല്ലാതെ കച്ചവടം നടക്കാറുണ്ടെന്ന് ഏതൊക്കെയോ പുസ്തകങ്ങളിൽ വായിച്ച പരിചയം എനിക്കുണ്ട്. ഞങ്ങളുടെ ശമ്പളം അന്ന് മാസത്തിന്റെ ആദ്യവാരത്തിൽ ഓഫീസിൽ നിന്നും വാങ്ങുകയാണ് പതിവ്.

അന്ന് കണക്ക് പുസ്തകം സൂക്ഷിക്കാത്ത ഈ വ്യവസായിയെ എല്ലാവരും ഓർക്കാറുണ്ട്. അവർ ഓർത്തെടുക്കുന്ന ചായയുടെയും പലഹാരങ്ങളുടെയും പൈസ ഈ വ്യവസായിയെ എല്ലാവരും സത്യസന്ധതയോടെ ഏൽപ്പിക്കുന്നതും ഞാൻ കാണാറുണ്ട്.

> അപ്പോഴും ഞാൻ അയാളെ ശ്രദ്ധിക്കാറുണ്ട് ഒരിക്കൽ പോലും , അതൃപ്തിയൊ സന്തോഷക്കുറവോ ആ മുഖത്ത് ഇല്ലാത്തതും ഒരു കണക്ക് പറച്ചിൽ ഉണ്ടാകാത്തതും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. ഞാൻ ആ വ്യവസായത്തെ മനസ്സിൽ കുറിച്ചത് "വിശ്വാസ കച്ചവടം" എന്നായിരുന്നു.

ആ വ്യക്തിയും കുടുംബവും എന്നെ ഒരുപാട് ആകർഷിച്ച വരാണ്. പിന്നീട് അയാളുടെ കാലശേഷം വന്ന തലമുറയും കച്ചവടത്തിന്റെ മാനം മാറ്റാതെ തന്നെ കൊണ്ടുപോയതും ഈ മാറിയ കാലഘട്ടത്തിൽ ഒരു അത്ഭുതം തന്നെ. നന്മ നശിക്കാത്ത ഗ്രാമീണ മനസ്സിനെ തൊട്ടറിയുകയായിരുന്നു ഞാൻ.

ആ കുടുംബത്തെ പ്രതിപാദിച്ചത് കൊണ്ട് ഒരു കാര്യം കൂടി പറയാതെ അവസാനിപ്പിക്കുന്നത് ശരിയാവില്ല. ഞാൻ സ്കൂളിൽ ചേർന്ന അവസരത്തിൽ ഇന്നത്തെ ഒരു അന്തരീക്ഷമായിരുന്നില്ല. ടോയ്‌ലറ്റ് പ്രശ്നം, വെള്ളത്തിൻറെ പ്രശ്നം, എല്ലാം രൂക്ഷമായിരുന്നു.

കുടിവെള്ളത്തിനും ആ വീട്ടുകാരെ ആശ്രയിക്കേണ്ടി വന്നിരുന്നു. അപ്പോഴും ഒരു കുടുംബത്തെ പോലെ സ്നേഹിച്ച് സ്വീകരിക്കുമായിരുന്നു അവിടെയുള്ള ഉമ്മയും കുട്ടികളും. എൻ്റെ ഔദ്യോഗിക ജീവിതവും നാദാപുരവും ഞാൻ ഓർക്കുന്നുണ്ടെങ്കിൽ എൻ്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഉപ്പിച്ചിയുടെ വീടായിരിക്കും ആയിരിക്കും.

അങ്ങനെ എൻ്റെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ഞാൻ അവിടെ നിന്നും പടിയിറങ്ങുമ്പോൾ, എന്റെ സഹപ്രവർത്തകരോടും മാനേജ്മെന്റിനോടും യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം എൻ്റെ ഹൃദയത്തിൽ എന്നും സൂക്ഷിച്ച ആ വീട്ടിലെ എൻ്റെ ഉമ്മയോട് യാത്ര ചോദിക്കാൻ അവിടെ പോയി.

> അതുവരെ സദസ്സിൽ എനിക്ക് അനുഭവപ്പെട്ടത് അനിവാര്യമായ വിടവാങ്ങലിന്റെ ഊഷ്മളമായ ഭാവപ്പകർച്ചയായിരുന്നുവെങ്കിൽ, എൻ്റെ എല്ലാ ധൈര്യവും ചോർന്നുപോയ ഒരു വിടവാങ്ങൽ ആയിരുന്നു ഉമ്മ എനിക്ക് തന്നത്. എന്നെ കെട്ടിപ്പിടിച്ച് വിതുമ്പി കരയുന്ന ആ ഉമ്മയോട് അതുവരെ വാചാലയായി പ്രസംഗിച്ച എനിക്ക് ഗദ്ഗദത്തോടെ "പോയി വരാം"എന്ന് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ.

എന്നും അതുവഴി കടന്നു പോകുമ്പോൾ ഞാൻ അവർക്ക് ആകെ സമ്മാനിച്ചത് ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. നമ്മുടെ നാട് ഇതുപോലുള്ള നല്ല മനുഷ്യരാൽ നിറയട്ടെ എന്ന് ആശംസിക്കുന്നു.

പുഷ്പ അരവിന്ദ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/90547/faith-trade-in-nadapuram-teacher-pushpa-came-down-to-remember-uppichi-who-was-serving-tea)