---
title: "തീപിടുത്തം; ബോധവൽക്കരണം തുടങ്ങി"
english_title: "fire Awareness has started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91000/fire-awareness-has-started"
published_at: "2023-01-18T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a0c032724_fire_1.jpg"
keywords: []
---

# തീപിടുത്തം; ബോധവൽക്കരണം തുടങ്ങി

> **Lead Summary:** **നാദാപുരം: **കക്കം വള്ളിയിലെ ജാക്ക് & കോസ്റ്റർ ഫുട്‍വെയർ കടയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് നാദാപുരത്ത് ബോധവൽക്കരണം. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാദാപുരം മർച്ചൻസ് അസോസിയേഷനിലായിരുന്നു യോഗം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കക്കം വള്ളിയിലെ ജാക്ക് & കോസ്റ്റർ ഫുട്‍വെയർ കടയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് നാദാപുരത്ത് ബോധവൽക്കരണം. നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാദാപുരം മർച്ചൻസ് അസോസിയേഷനിലായിരുന്നു യോഗം. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് പ്രസിഡണ്ട് ഏരത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നാദാപുരം സി.ഐ ഇ.ഫായിസ് അലി, ഫയർഫോഴ്‌സ് ആൻഡ് റെസ്ക്യൂ ഓഫിസർമാരായ  ഇ സി നന്ദകുമാർ, എ പി ശൈലേഷ്, കെഎസ്ഇബിയെ പ്രതിനിധീകരിച്ച് എഞ്ചിനീയർ ശ്രീലാൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് ബാബു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, റഹീം കോറോത്ത്, പ്രവീൺ, എ പി ജയേഷ്, സയ്യിദ് കോറോത്ത് സംസാരിച്ചു.

സദസ്സിൽ നാദാപുരത്തെ കച്ചവട വ്യാപാര രംഗത്തെ നിരവധി പേർ പങ്കെടുത്തു. കോടി ക്കടണക്കിന് രൂപ മുതൽമുടക്കിയാണ് പല വ്യാപാരികളും നാദാപുരത്ത് കച്ചവടം ചെയ്യുന്നത്. ചെറിയൊരു ഷോട്ട് സർക്യൂട്ട് മൂലമാണ് നേരത്തെ കടയിൽ തീപിടിത്തം ഉണ്ടാവുകയും ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുകയും ചെയ്തത്. 

വരും ആഴ്ചകളിൽ നാദാപുരത്ത് ചൂട് കനക്കും. പെട്ടെന്നുണ്ടാവുന്ന ഷോട്ട് സർക്യൂട്ട്, അമിതമായ ചൂടുകൊണ്ടുണ്ടാവുന്ന തീപിടുത്തം, തീപിടുത്തം ഉണ്ടായാൽ എങ്ങനെ പ്രതിരോധിക്കാൻ തുടങ്ങിയവയെ കുറിച്ച് വിശദമായ ചർച്ചയാണ് നടന്നത്.

ഇതുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ളവരുടെ ബോധവൽക്കരണ ക്ലാസ്സും മികച്ചതായി. ചെറിയൊരു അശ്രദ്ധ മതി വലിയ ഒരു തീപിടുത്തം ഉണ്ടാകുവാനും, അത് വഴി ആളപായം സംഭവിക്കാനും. ഇനിയൊരു തീപിടുത്തം നാദാപുരത്ത് ഉണ്ടാകാതിരിക്കട്ടെ എന്ന പ്രത്യാശയിലാണ് നാദാപുരത്തെ വ്യാപാരികളും ഉന്നത ഉദ്യോഗസ്ഥന്മാരും. 

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി അബ്ബാസ് കണയ്ക്കൽ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി ഹാരിസ് മാതോടത്തിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91000/fire-awareness-has-started)