---
title: "ഉടൻ പ്രകാശിക്കും; പ്രതീക്ഷയോടെ എടച്ചേരി ഗ്രാമം"
english_title: "will soon light up; Edachery village with hope"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91005/will-soon-light-up-edachery-village-with-hope"
published_at: "2023-01-18T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7a50ed7337_street_1.jpg"
keywords: []
---

# ഉടൻ പ്രകാശിക്കും; പ്രതീക്ഷയോടെ എടച്ചേരി ഗ്രാമം

> **Lead Summary:** **എടച്ചേരി:** ഇരുട്ടായാൽ എടച്ചേരിയിൽ കൂടെ നടന്നു പോകാൻ ഭയമാണ്. എടച്ചേരിയിലെ പ്രധാന പാതയായ പുതിയങ്ങാടി ഇരിങ്ങണ്ണൂർ റോഡിലാണ് ഈ ഒരു അവസ്ഥ. അടുത്ത കാലം വരെ പാതിയോരങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചിരുന്നു. പക്ഷേ അല്പം ആഴ്ചകളായി തെരുവു വിളക്കുകളൊന്നും കത്തുന്നില്ല. ആകെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണ് ഉള്ളത്.

## Article Content

**എടച്ചേരി:** ഇരുട്ടായാൽ എടച്ചേരിയിൽ കൂടെ നടന്നു പോകാൻ ഭയമാണ്. എടച്ചേരിയിലെ പ്രധാന പാതയായ പുതിയങ്ങാടി ഇരിങ്ങണ്ണൂർ റോഡിലാണ് ഈ ഒരു അവസ്ഥ. അടുത്ത കാലം വരെ പാതിയോരങ്ങളിൽ തെരുവ് വിളക്കുകൾ പ്രകാശിച്ചിരുന്നു. പക്ഷേ അല്പം ആഴ്ചകളായി തെരുവു വിളക്കുകളൊന്നും കത്തുന്നില്ല. ആകെ എടച്ചേരി ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണ് ഉള്ളത്.

ഓരോ വാർഡുകളിലും 12 സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് സ്ഥാപിക്കാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകും. കൂടാതെ പ്രധാന പാതയോരങ്ങളിൽ മുമ്പുണ്ടായിരുന്ന ലൈറ്റുകൾ അറ്റകുറ്റപ്പണി ചെയ്യാത്തതുകൊണ്ടാണ് ഇപ്പോൾ തെരുവു വിളക്കുകൾ പ്രകാശിക്കാത്തത്. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണിയും പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന ജോലിയും ഉടൻ പൂർത്തിയാക്കുവാനാണ് പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.

പ്രാഥമികമായി തെരുവു വിളക്കിനായുള്ള ലൈൻ വലിക്കൽ ജോലി പൂർത്തിയാക്കേണ്ടതുണ്ട്. ഈ പ്രവർത്തി കഴിഞ്ഞ ഉടനെ വിളക്കുകൾ സ്ഥാപിക്കും. എടച്ചേരി ഇരിണ്ണണ്ണൂർ പാതയിൽ പല വീട്ടുകാരും ഗേറ്റ് ലൈറ്റ് ഓൺ ചെയ്യുന്നതുകൊണ്ട് മാത്രമാണ് അല്പമെങ്കിലും പ്രകാശം റോഡിൽ പരക്കുന്നത്. അല്ലാത്തപക്ഷം കൂരിരുട്ടാണ്. ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് കാൽനട യാത്രക്കാരെ തന്നെയാണ്.

രാത്രികാലങ്ങളിൽ ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും പ്രകാശമില്ലാത്ത സൈക്കിളിലാണ് അവർ യാത്ര ചെയ്യുന്നത്. കൂടാതെ രാത്രികാലങ്ങളിൽ തെരുവ് കുറുക്കന്മാരുടെയും തെരുവ് നായകളുടെ ശല്യവും രൂക്ഷമാണ്. എട്ടു മണിയാകുമ്പോഴേക്കും ഭയാനകമായ കൂരിരുട്ടാണ് പാതയിൽ. തെരുവ് വിളക്കുകൾ ഇല്ലാത്തത് വാഹന യാത്രക്കാരുടെ ദൂരെ കാഴ്ചയെയും പ്രതികൂലമായി ബാധിക്കുന്നു. നേരത്തെ എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിനെ എയർപോർട്ട് റോഡായി പ്രഖ്യാപിച്ചിരുന്നു.

കടത്തനാട്ടിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്കുള്ള എളുപ്പവഴി കൂടിയാണ് ഈ ഒരു പാത. രാത്രികാലങ്ങളിൽ എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അനവധിയാണ്. തെരുവ് വിളക്കുകൾ ഇല്ലാത്തതും റോഡിന്റെ ഘടനയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർക്കും ഇത് വൻ ആഘാതമാണ് സൃഷ്ടിക്കുക. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയട്ടെ എന്ന പ്രത്യാശയിലാണ് എടച്ചേരിയിലെ നാട്ടുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91005/will-soon-light-up-edachery-village-with-hope)