---
title: "മയക്ക് മരുന്ന് കേസ്; പത്ത് മാസം ജയിലിൽ കിടന്ന നൗഫൽ നിയമനടപടിക്കൊരുങ്ങുന്നു "
english_title: "Drug case; Naufal, who spent ten months in jail, is preparing for legal action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91370/drug-case-naufal-who-spent-ten-months-in-jail-is-preparing-for-legal-action"
published_at: "2023-01-20T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ca09581ebb0_noufal.jpg"
keywords: []
---

# മയക്ക് മരുന്ന് കേസ്; പത്ത് മാസം ജയിലിൽ കിടന്ന നൗഫൽ നിയമനടപടിക്കൊരുങ്ങുന്നു 

> **Lead Summary:** **നാദാപുരം: **കള്ളക്കേസിൽ കുടുക്കി പത്ത് മാസം ജയിലിലടച്ച പൊലിസ് നടപടിക്കെതിരെ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. നാദാപുരം വാരിക്കോളിയിലെ ചമ്മത്തിൽ നൗഫലാണ് നാദാപുരം പൊലിസിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.

## Article Content

**നാദാപുരം: **കള്ളക്കേസിൽ കുടുക്കി പത്ത് മാസം ജയിലിലടച്ച പൊലിസ് നടപടിക്കെതിരെ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. നാദാപുരം വാരിക്കോളിയിലെ ചമ്മത്തിൽ നൗഫലാണ് നാദാപുരം പൊലിസിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ മാർച്ച് 11 ന് നാദാപുരം പൊലിസ് സബ് ഇൻസ്‌പെക്ടർ മമ്മുക്കുട്ടിയുടെ നേതൃത്വത്തിൽ തന്റെ വീട്ടിലെത്തിയ സംഘം വീട്ടിനുള്ളിൽ കയറി പരിശോധന നടത്തുകയും പുറത്തിറങ്ങിയപ്പോൾ മയക്കുമരുന്ന് ഇനത്തിൽ പെട്ട എൽ.എസ്.ഡി സ്റ്റാമ്പാണെന്ന് പറഞ്ഞ് ഒരു സ്റ്റിക്കർ കാണിക്കുകയും ചെയ്തതായി നൗഫൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നൗഫലിന്റെ സഹോദരൻ സൽമാൻ പണപ്പയറ്റ് കഴിച്ചു ലഭിച്ച 2.2 ലക്ഷം രൂപയും നൗഫലിന്റെ പേഴ്സിൽ നിന്ന് 88000 രൂപയും പൊലിസ് എടുത്തുകൊണ്ട് പോവുകയായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് 64455 രൂപയാണ്. ബാക്കി തുകയെ പറ്റി ഒരു വിവരവും ലഭിച്ചില്ല. 10 മാസത്തോളം നിരപരാധിയായ തന്നെ ജയിലിലടച്ചതായും നൗഫൽ പറയുന്നു.

പിന്നീട് 10 മാസങ്ങൾക്ക് ശേഷം കെമിക്കൽ എക്‌സാമിനേഷൻ റിപ്പോർട്ട് വന്നതോടെ പിടിക്കപ്പെട്ട വസ്തു എൽ.എസ്.ഡി അല്ലെന്ന് തെളിയുകയും തന്നെ കുറ്റവിമുക്തനാക്കുകയുമായിരുന്നെന്ന് നൗഫൽ പറഞ്ഞു. ഇതിനിടെ തനിക്കേറ്റ ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് നൗഫൽ.

വീട്ടിൽ നിന്ന് പിടിച്ചെടുത്ത പൈസ ലഭിക്കാത്തതിന് പുറമെ ഭാര്യയുടെ പേരിലുള്ള കാർ പിടിച്ചെടുത്ത് മാസങ്ങളോളം സ്റ്റേഷനിൽ ഇടുക വഴി സംഭവിച്ച കേടുപാടുകൾ അറ്റകുറ്റ പണികൾക്കായി ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്.

കൂടാതെ വീട്ടിലെത്തിയ പൊലീസുകാര് ഭാര്യയെയും മക്കളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി നൗഫൽ ആരോപിക്കുന്നു. തന്നോടും കുടുംബത്തോടും പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ അകാരണമായ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ, ഡി.ജി.പി, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91370/drug-case-naufal-who-spent-ten-months-in-jail-is-preparing-for-legal-action)