---
title: "നിശ്ചയദാർഢ്യം; ഒരു കടത്തനാടൻ വനിതാ വിസ്മയം "
english_title: "determination; A migrant woman wonder"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/91513/determination-a-migrant-woman-wonder"
published_at: "2023-01-20T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cacb98e5280_hair.jpg"
keywords: []
---

# നിശ്ചയദാർഢ്യം; ഒരു കടത്തനാടൻ വനിതാ വിസ്മയം 

> **Lead Summary:** **നാദാപുരം : **വേദനിക്കുന്നവർക്ക് വേണ്ടി നിലകൊള്ളുക എന്നത് കടത്തനാടിന്റെ കൂടപ്പിറപ്പാണ്. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ സേവന താല്പര്യരായ നിരവധി പ്രതിഭകളുടെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും.

## Article Content

**നാദാപുരം : **വേദനിക്കുന്നവർക്ക് വേണ്ടി നിലകൊള്ളുക എന്നത് കടത്തനാടിന്റെ കൂടപ്പിറപ്പാണ്. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ലാതെ സേവന താല്പര്യരായ നിരവധി പ്രതിഭകളുടെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും.

വേദനിക്കുന്ന ക്യാൻസർ രോഗികൾക്ക് എന്ത് സമ്മാനം നൽകാം എന്ന ആലോചനയിൽ ഉരി തിരിഞ്ഞതാണ് സ്വന്തം തല മുടി തന്നെ ദാനമായി നൽകാമെന്നത്. അത്തരത്തിൽ തലമുടി ദാനമായി നൽകി മാതൃകയായിരിക്കുകയാണ് ഫമിദ എന്ന 20 കാരി.

വളരെ സാധാരണ കുടുംബത്തിൽ ജനിച്ച ഫമിദ, ഒന്നാംതരം മുതൽ ഏഴാം തരം വരെ നാദാപുരം ഗവ യുപി സ്കൂളിലാണ് പഠിച്ചത്. തുടർന്ന് ഹൈസ്കൂളും ഹയർ സെക്കൻഡറിയും ടി.ഐ.എം. ഗേൾസിൽ. ഇപ്പോൾ കല്ലാച്ചിയിലെ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ക്യാൻസർ രോഗികൾക്ക് മുടി ദാനമായി നൽകുന്ന വിവരം മനസ്സിലാക്കിയത്. ഇത് കണ്ട ഉടനെ തന്റെ മനസ്സിലുള്ള സഹജീവി പ്രണയം പ്രത്യക്ഷപ്പെടുകയായിരുന്നു. എന്തുകൊണ്ട് എനിക്കും ഈ വിധത്തിൽ മറ്റുള്ളവരെ സഹായിച്ചു കൂടാ?.

ഒരു മുടി പോലും ഇല്ലാതെ വളരെ ദുരിതമായ ജീവിതം അനുഭവിക്കുന്ന അർബുദ രോഗികൾക്ക് വിശാലമായ മുടിയുള്ള എന്നെ സംബന്ധിച്ചിടത്തോളം തലമുടി ദാനം ചെയ്യുക എന്നത് എൻ്റെ കർത്തവ്യമാണ്. അത്തരത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് കോളേജിന് സമീപമുള്ള ലാക്മേ ബ്യൂട്ടിപാർലറിൽ ഇത്തരത്തിലുള്ള സംവിധാനമുണ്ട് എന്ന് അറിഞ്ഞത്.

വീട്ടിലേക്ക് അവർ വരാം എന്ന് പറഞ്ഞെങ്കിലും അസൗകര്യം മൂലം ഫമിദ തന്നെ അവിടെ പോയി ഭംഗിയുള്ള തൻ്റെ മുടി വെട്ടി നൽകുകയായിരുന്നു. ഫമിദയുടെ തലമുടി ഇനി വേദനിക്കുന്ന ക്യാൻസർ രോഗികളുടെ തലയിൽ പൊൻതൂവലായി എന്നും കൂടെയുണ്ടാകും.

ആഡംബര സുഖസൗകര്യങ്ങളിൽ ജീവിക്കുന്ന പലർക്കും ഒരുപക്ഷേ അന്യന്റെ വേദന അറിയാൻ സാധ്യമായി എന്ന് വരില്ല. പക്ഷേ നാദാപുരം ടൗണിലെ ചുമട്ടുതൊഴിലാളിയായ ആനക്കോയമ്മൽ ഹൗസിൽ ഷംസുദ്ദീന്റെ മകളായ ഫമിദ.എ.കെയ്ക്ക് സഹജീവി സ്നേഹം മനസ്സിലലിഞ്ഞു.

ഒരു വയസ്സ് മാത്രം അധികമുള്ള ഫാത്തിമ ഏക സഹോദരിയാണ്. ഫാത്തിമ പെരിങ്ങത്തൂരിലെ ബി.എൽ.ഇഡി കോളേജിലെ ടി.ടി.സി വിദ്യാർത്ഥിനിയാണ്. മാതാവ്: സൗദ. ഈയൊരു മഹത്തായ സേവനം ചെയ്ത ഫമിദക്ക് വേണ്ടി മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ സർട്ടിഫിക്കറ്റ് കൈമാറുകയുണ്ടായി.

ഗ്രാമപ്രദേശങ്ങളിൽ കേട്ട് കേൾവി ഇല്ലാത്തതാണ് തലമുടി ദാനം. പട്ടണ പ്രദേശങ്ങളിലും വൻ നഗരങ്ങളിലും മാത്രമറിയുന്ന തലമുടി ദാനം നാദാപുരത്തും യാഥാർത്ഥ്യമായതിൽ ആഹ്ലാദിക്കുകയാണ് നാട്ടുകാർ. അതും ഒരു പാവപ്പെട്ട പെൺകുട്ടിയിലൂടെ സാന്നിധ്യം അറിയിച്ചതിൽ. ആതുരസേവനരംഗത്ത് മഹനീയ കർമ്മപഥം തീർത്തതിൽ അതീവ സന്തുഷ്ടരാണ് നാട്ടുകാരും കുടുംബാംഗങ്ങളും.

വേദനിക്കുന്ന അർബുദ രോഗികളുടേത് കൂടിയാണ് ഈ ലോകം എന്ന സന്ദേശം കൈമാറുവാനും ഫമിദയിലൂടെ സാധിച്ചു. ഫമിദയെ മാതൃകയാക്കി കൂടുതൽ പേർ തലമുടി ദാനത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയിൽ കൂടിയാണ് സാധാരണക്കാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/91513/determination-a-migrant-woman-wonder)