Featured

കിഡ്നാപ്പിംഗ്; കല്ലാച്ചിയിൽ പരിഭ്രാന്തി പരത്തി

News |
Jan 21, 2023 04:09 PM

കല്ലാച്ചി: സഹോദരങ്ങൾ തമ്മിലുണ്ടായ വഴക്കിനിടെ കിഡ്നാപ്പിംഗ്. കല്ലാച്ചിയിൽ പരിഭ്രാന്തി പരത്തി. പിണങ്ങിപ്പോയ അനുജനെ ടവേര കാർ റോഡിന് പുറകെ നിർത്തി ബലമായി പിടികൂടി കാറിൽ കയറ്റിക്കൊണ്ട് പോയതാണ് കല്ലാച്ചിയിൽ പരിഭ്രാന്തി പരത്തിയത്. കല്ലാച്ചി പൈപ്പ് ലൈൻ റോഡിലാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

അമിതവേഗതിയിൽ എത്തിയ കാർ റോഡിന് കുറുകെ നിർത്തി കാൽനടയാത്രക്കാരനായ യുവാവിനെ ബലമായി പിടികൂടി കാറിൽ കയറ്റുകയും അതിവേഗതയിൽ കാർ ഓടിച്ചു പോയതായും ഓട്ടോ ഡ്രൈവർമാർ പോലീസിൽ അറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ ഉടനെ നാദാപുരം എസ് ഐ വിനീത് വിജയനും, കൺട്രോൾ റൂം പോലീസും കല്ലാച്ചിയിൽ എത്തി പരിശോധന തുടങ്ങി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാറും റോഡിലൂടെ നടന്നു വരികയായിരുന്ന യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങളും കണ്ടതോടെ പോലീസ് ജാഗ്രതയിലായി. തട്ടിക്കൊണ്ടുപോകൽ വാർത്ത പരന്നതോടെ നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ്, സി.ഐ. ഫായിസ് അലി തുടങ്ങിയവരും സ്ഥലത്തെത്തി.

പിന്നീട് കാറിന്റെ നമ്പർ മനസ്സിലാക്കാനായി കൂടുതൽ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനക്കായി സ്വീകരിച്ചു.

സമീപ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറി. വളയം സ്വദേശിയായ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വ്യാപക പ്രചരണം. കാർ തിരിച്ചറിഞ്ഞ പോലീസ് കാർ ഡ്രൈവറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതോടെയാണ് തട്ടിക്കൊണ്ടുപോകൽ പ്രചരണത്തിന് തിരശ്ശീല വീണത്.

വളയം സ്വദേശിയായ യുവാവ് ജ്യേഷ്ഠ സഹോദരനുമായി വഴക്കിട്ട് പിണങ്ങി വളയത്ത് നിന്ന് ജീപ്പിൽ കയറി കല്ലാച്ചിയിൽ എത്തിയപ്പോൾ സഹോദരൻ കാറിൽ എത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോയതാണെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായി. പക്ഷേ ഇതിനോടകം തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് ഇടപാട് കാരനെയാണെന്നും, കുഴൽപ്പണ ഇടപാട് കാരനെയാണെന്ന്മൊക്കെ വ്യാപക പ്രചരണം നടന്നിരുന്നു. ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വളയത്തെത്തി ജ്യേഷ്ഠനെ കണ്ടു വിവരങ്ങൾ ശേഖരിച്ചാണ് മടങ്ങിയത്. ഇതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായതും.

kidnapping; Panic spread in Kalachi

Next TV

Top Stories










GCC News