---
title: "തുറന്നിട്ട അപകടം;  ഓവുചാലിൽ വീണ യുവാവിന് പരിക്ക്"
english_title: "open danger; A young man was injured after falling down the drain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/93444/open-danger-a-young-man-was-injured-after-falling-down-the-drain"
published_at: "2023-01-30T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d7c1e73cac1_ovuchal_pic_.jpg"
keywords: []
---

# തുറന്നിട്ട അപകടം;  ഓവുചാലിൽ വീണ യുവാവിന് പരിക്ക്

> **Lead Summary:** **കല്ലാച്ചി:** കല്ലാച്ചിയിൽ ആളെ വീഴ്ത്തി പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നിർമ്മാണം. റോഡ് നവീകരണത്തിന്റെ ഭാഗമായി തുറന്നിട്ട ഓവുചാലിൽ വീണ യുവാവിന് സാരമായി പരിക്കേറ്റു. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂർ നൗഫലിനാണ് പരിക്കേറ്റത്.

## Article Content

**കല്ലാച്ചി:** കല്ലാച്ചിയിൽ ആളെ വീഴ്ത്തി പൊതുമരാമത്ത് വകുപ്പിന്റെ ഓവുചാൽ നിർമ്മാണം. റോഡ് നവീകരണത്തിന്റെ ഭാഗമായി തുറന്നിട്ട ഓവുചാലിൽ വീണ യുവാവിന് സാരമായി പരിക്കേറ്റു. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂർ നൗഫലിനാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം ഉച്ചയോടെ നടക്കുമ്പോൾ തുറന്നിട്ട ഓവുചാലിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഇടതു കൈക്കും വാരിയെല്ലിനും പരിക്കേറ്റ നൗഫലിനെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലാച്ചി ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി കല്ലാച്ചി- വാണിയൂർ റോഡിൽ നേരത്തെയുള്ള ഓവുചാല്‍ വിപുലീകരണ പ്രവർത്തനം ആരംഭിച്ചിട്ട് മാസങ്ങളായി. തിരക്കേറിയ റോഡിൽ തുറന്നിട്ടിരിക്കുന്ന ഓവുചാല്‍ കാൽ നടക്കാർക്കും വാഹനങ്ങൾക്കും ഭീഷണി ആയിരിക്കുകയാണ്.

നിർമ്മാണത്തിന്റെ ഭാഗമായി അഴുക്കുചാലിൽ നിന്ന് നീക്കിയ മണ്ണും മറ്റും റോഡ് സൈഡിൽ തന്നെ കൂട്ടിയിട്ട നിലയിലാണുള്ളത്. ഇവ നീക്കം ചെയ്യാൻ നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്ഥലത്ത് തന്നെ കിടക്കുകയാണ്. ഇതിനുപുറമെയാണ് കല്ലാച്ചി സംസ്ഥാനപാതയിൽ പെട്രോൾ പമ്പിന് സമീപവും ഓവുചാല്‍ കൽനടക്കാർക്ക് ഭീഷണിയാകുന്നത്.

പുതിയ ഓവുചാൽ നിർമ്മാണത്തിന് വേണ്ടിയാണ് പഴയ ഓവു ചാലിലെ സ്ലാബുകൾ മാറ്റിയത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി കരാറുകാർ സ്ഥലം വിട്ടിട്ടും സ്ലാബ് ഇല്ലാത്ത വാരിക്കുഴി അപകട ഭീഷണി ഉയർത്തുകയാണ്. ഇവിടെ പലരും കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടതായി നാട്ടുകാർ ചൂണ്ടിക്കാട്ടി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/93444/open-danger-a-young-man-was-injured-after-falling-down-the-drain)