---
title: "കാരണം വേഗത;പെൺകുട്ടികൾ ബസ്സിൽ നിന്നും പുറത്തേക്ക് വീഴാൻ  കാരണം വേഗതയെന്ന്  പൊലീസ് "
english_title: "Speed ​​is the reason; the police said the speed was the reason why the girls fell out of the bus"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94145/speed-is-the-reason-the-police-said-the-speed-was-the-reason-why-the-girls-fell-out-of-the-bus"
published_at: "2023-02-02T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbb82d4ca54_buss_pic.jpg"
keywords: []
---

# കാരണം വേഗത;പെൺകുട്ടികൾ ബസ്സിൽ നിന്നും പുറത്തേക്ക് വീഴാൻ  കാരണം വേഗതയെന്ന്  പൊലീസ് 

> **Lead Summary:** **നാദാപുരം: **രണ്ടു ദിവസങ്ങൾക്കു മുമ്പാണ് പുറമേരിയിൽ ബസ്സിൽ നിന്നും വീണു വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റത്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്കാണ് സാരമായി പരിക്കേറ്റത്. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ അങ്കിത തൃശ്ശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര കുറ്റ്യാടി റൂട്ടിലോടുന്ന പി പി മോട്ടോർസിന്റെ ബസ്സിലായിരുന്നു വിദ്യാർത്ഥിനികൾ കയറിയിരുന്നത്.

## Article Content

**നാദാപുരം: **രണ്ടു ദിവസങ്ങൾക്കു മുമ്പാണ് പുറമേരിയിൽ ബസ്സിൽ നിന്നും വീണു വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റത്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്കാണ് സാരമായി പരിക്കേറ്റത്. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ അങ്കിത തൃശ്ശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര കുറ്റ്യാടി റൂട്ടിലോടുന്ന പി പി മോട്ടോർസിന്റെ ബസ്സിലായിരുന്നു വിദ്യാർത്ഥിനികൾ കയറിയിരുന്നത്.

ഇവർ കയറിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. അഞ്ചുപേരും പുറത്തേക്ക് തെറിച്ചു വീണു. ഒരു വിദ്യാർത്ഥിനിയുടെ മൂന്നു പല്ല് കൊഴിഞ്ഞു പോയിട്ടുണ്ട്. വിദ്യാർത്ഥിനികൾ കയറിയ ഉടൻ ബസ് എടുത്തതാണ് അപകടത്തിന് കാരണമായത്. ബസ്സിനെ എടച്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുട്ടുങ്ങൽ- പക്രം തളം റോഡ് സംസ്ഥാനപാതയിൽ മുട്ടുങ്ങൽ- നാദാപുരം റീച്ച് നേരത്തെ വീതി കൂട്ടി ടാർ ചെയ്തതിനാൽ പല ബസുകളും അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. യാത്രക്കാർ കയറി സ്റ്റീൽ കമ്പിയിൽ പിടിക്കുന്നതിനു മുമ്പ് തന്നെ വേഗതയിൽ ബസ് എടുക്കുന്നതാണ് വിദ്യാർത്ഥിനികൾ ഉൾപ്പെടെ വീഴുവാനുള്ള കാരണം.

ഇപ്പോൾ ബസിന്റെയും മുൻവശത്ത് ക്ലീനർ ഇല്ല. അതുകൊണ്ടുതന്നെ ഇവർ കയറിയ ഉടനെ ബസ് നീക്കുന്നു. ഈ റൂട്ടിൽ ചെറുതും വലുതുമായ ഒത്തിരി അപകടങ്ങളാണ് ഇത് മൂലം യാത്രക്കാർക്ക് സംഭവിക്കുന്നത്. യാത്രക്കാർ കയറി സുരക്ഷിതമായി സ്റ്റീൽ കമ്പിയിൽ പിടിച്ചെന്ന് ഉറപ്പുവരുത്താതെയുള്ള ബസ് എടുക്കലാണ് ഇതിന്റെ പ്രധാന കാരണം. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതയാത്രക്കായി മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇടപെടും എന്നാണ് പ്രതീക്ഷ. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94145/speed-is-the-reason-the-police-said-the-speed-was-the-reason-why-the-girls-fell-out-of-the-bus)