---
title: "നിലങ്ങൾ പച്ചപ്പണിയുന്നു; കാർഷിക സമൃദ്ധിയിലേക്ക് അരൂർ"
english_title: "The lands are green; Aroor to agricultural prosperity"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/94591/the-lands-are-green-aroor-to-agricultural-prosperity"
published_at: "2023-02-04T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63de14c62c459_krishi_2.jpg"
keywords: []
---

# നിലങ്ങൾ പച്ചപ്പണിയുന്നു; കാർഷിക സമൃദ്ധിയിലേക്ക് അരൂർ

> **Lead Summary:** **അരൂർ:** തരിശുനിലങ്ങൾ പച്ചപ്പണിയുന്നു. കാർഷിക സമൃദ്ധിയിലേക്ക് അരൂർ.കാർഷിക മേഖലയിലെ വൈവിധ്യമാർന്ന പ്രതിസന്ധികളെ വകഞ്ഞുമാറ്റി പച്ചക്കറി കൃഷിയിൽ ആവേശകരമായ കുതിപ്പിനൊരുങ്ങുകയാണ് അരൂർ പ്രദേശം.

## Article Content

**അരൂർ:** തരിശുനിലങ്ങൾ പച്ചപ്പണിയുന്നു. കാർഷിക സമൃദ്ധിയിലേക്ക് അരൂർ.കാർഷിക മേഖലയിലെ വൈവിധ്യമാർന്ന പ്രതിസന്ധികളെ വകഞ്ഞുമാറ്റി പച്ചക്കറി കൃഷിയിൽ ആവേശകരമായ കുതിപ്പിനൊരുങ്ങുകയാണ് അരൂർ പ്രദേശം.

വാഴയും വെള്ളരിയും പടവലങ്ങയും പാവയ്ക്കയും മാത്രമല്ല, കേബേജും കോളിഫ്ലവറും പുതീനയുമൊക്കെ ഇനി അരൂരിലെ കൃഷിയിടങ്ങളിൽ വിളയും. ഒരു കാലത്ത് കണ്ണെത്താ ദൂരത്ത് പരന്ന് കിടന്ന നെൽപ്പാടങ്ങൾ ഇന്ന് നൊമ്പരപ്പെടുത്തുന്നൊരോർമ്മയാണ്.

നെൽവയലുകൾ സ്വർണ്ണക്കതിരണിഞ്ഞ പഴയ കാലം വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും അവശേഷിച്ച കൃഷിയിടങ്ങളിൽ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്യുകയാണ് അരൂരിലെ കർഷകരും തൊഴിലാളികളും. വർദ്ധിച്ച കൃഷിച്ചെലവും ഗുണമേൻമയുള്ള വിത്തുകളുടെ ദൗർലഭ്യവും കീടശല്യവുമൊക്കെ ഉൽപ്പാദനത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. എന്നാൽ ഇന്ന് ഏറ്റവും വലിയ പ്രശ്നമായി കർഷകർ ചൂണ്ടിക്കാട്ടുന്നത് കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യജീവി ശല്യമാണ്.

കർഷക ഗ്രൂപ്പുകളും കുടുംബശ്രീയും ചെറുപ്പക്കാരുടെ സ്വയം സഹായ സംഘങ്ങളുമൊക്കെ ആരംഭിച്ച കൃഷിഭൂമിയിൽ കാട്ടുപന്നികളുടെ വിളയാട്ടം പലപ്പോഴും കണ്ണീർ വീഴ്ത്തുന്നു. നിശ്ചയദാർഡ്യത്തോടെയുള്ള കർഷകരുടെ മുന്നോട്ടു പോക്കിന് കൂടെ നിൽക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. കാർഷിക മേഖലയിൽ വൈവിധ്യമാർന്ന പദ്ധതികളാണ് പുറമേരി ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ചത്.

'ശക്തി കാർഷിക ഗ്രൂപ്പിന്റെ' പച്ചക്കറി തൈ നടൽ ഹരിത വയലിൽ പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.കെ. ജ്യോതിലക്ഷ്മി ഉദ്ഘടനം ചെയ്തു. തൂണേരി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു പുതിയോട്ടിൽ , കൃഷി ഓഫീസർ കീർത്തന രാജ്, കർഷകർ, നാട്ടുകാർ ഉൾപ്പെടെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/94591/the-lands-are-green-aroor-to-agricultural-prosperity)