---
title: "സസ്പെൻഷൻ; കെ പി കുമാരന്റെ സസ്പെൻഷൻ, ഉറ്റുനോക്കി ചെക്യാട്"
english_title: "suspension; Chekyat stares at KP Kumaran's suspension"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95152/suspension-chekyat-stares-at-kp-kumarans-suspension"
published_at: "2023-02-06T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e10c0752e3f_chekyad_pic.jpg"
keywords: []
---

# സസ്പെൻഷൻ; കെ പി കുമാരന്റെ സസ്പെൻഷൻ, ഉറ്റുനോക്കി ചെക്യാട്

> **Lead Summary:** **പാറക്കടവ്: **ഇന്ന് വൈകിട്ടാണ് കെ പി കുമാരനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതായുള്ള വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊരുതിയാണ് കെ പി കുമാരൻ വിജയിച്ചത്. രണ്ടാം വാർഡിൽ നടന്ന സൗഹൃദ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ തൊട്ടടുത്തുള്ള മുസ്ലിം ലീഗിലെ സ്ഥാനാർഥിയെക്കാളും ഏകദേശം 200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ ചരിത്ര വിജയം നേടിയ കെ പി കുമാരന് മാസങ്ങൾക്ക് ശേഷം പിന്നീടങ്ങോട്ട് വിവാദങ്ങളുടെ ദിവസങ്ങളായിരുന്നു.

## Article Content

**പാറക്കടവ്: **ഇന്ന് വൈകിട്ടാണ് കെ പി കുമാരനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതായുള്ള വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പൊരുതിയാണ് കെ പി കുമാരൻ വിജയിച്ചത്. രണ്ടാം വാർഡിൽ നടന്ന സൗഹൃദ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തിൽ തൊട്ടടുത്തുള്ള മുസ്ലിം ലീഗിലെ സ്ഥാനാർഥിയെക്കാളും ഏകദേശം 200 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഈ ചരിത്ര വിജയം നേടിയ കെ പി കുമാരന് മാസങ്ങൾക്ക് ശേഷം പിന്നീടങ്ങോട്ട് വിവാദങ്ങളുടെ ദിവസങ്ങളായിരുന്നു.

കുടുംബശ്രീ അംഗമല്ലാത്ത റംലയെ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ ജോയിന്റ് ലേബിലിറ്റി ഗ്രൂപ്പ് ലോണായി പാറക്കടവ് കനറാ ബാങ്കിൽ നിന്ന് നാലുലക്ഷം രൂപ വായ്പയായി എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. കുടുംബശ്രീ അംഗമല്ലാത്ത വീട്ടമ്മയിൽ നിന്നും വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി ലോൺ വാങ്ങി എന്നതാണ് പരാതി. 7 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്നും നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ വീട്ടമ്മ വളയം പോലീസ് പരാതി നൽകുകയായിരുന്നു.

2017ലായിരുന്നു സംഭവം നടന്നത്. എന്നാൽ ബാങ്ക് ലോണിന്റെയും സസ്പെൻഷനിന്റെയും വാർത്തയെ കുറിച്ച് കുമാരൻ പ്രതികരിച്ചത് വളരെ നിശിതമായിട്ടാണ്.ഇത് ചതിയാണെന്നാണ് കെ.പി കുമാരൻ്റെ വിശദീകരണം. പാർട്ടിയിൽ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതായുള്ള കത്തിൽ പല വിശദീകരണങ്ങളുമാണ് പാർട്ടി നൽകുന്നത്.

കെപിസിസി പ്രസിഡണ്ടിന്റെ സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കൊട്ടിയൂർ സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്തു, കൂടാതെ കെ പി കുമാരനെ കുറിച്ച് വേറെയും ചില പരാതികൾ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കെ പി കുമാരനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും അനിശ്ചിതകാലത്തേക്ക് കെപിസിസി പ്രസിഡണ്ട് സസ്പെൻഡ് ചെയ്തതായി അറിയിപ്പ് വന്നത്. കെപിസിസി സെക്രട്ടറിയും, മുൻ എംഎൽഎയുമായ ടി.യു ഒരു രാധാകൃഷ്ണനാണ് കത്ത് അയച്ചിട്ടുള്ളത്.

കത്തിന്റെ പകർപ്പ് കെ പി കുമാരനും, നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ: എ സജീവനും, ചെക്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി. ദാമോദരനും അയച്ചു. ഏതായാലും ചെക്യാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പുതിയൊരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടോ എന്നാണ് നാട്ടുകാർ ഉറ്റു നോക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95152/suspension-chekyat-stares-at-kp-kumarans-suspension)