---
title: "എക്സ്-റേ സമയം വെട്ടിക്കുറച്ചു ; നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ എക്സ്-റേ സമയംവെട്ടിക്കുറച്ചത് വിവാദമാകുന്നു"
english_title: "X-ray time is reduced; Nadapuram Govt.: Controversy over the reduction of X-ray time in the taluk hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95315/x-ray-time-is-reduced-nadapuram-govt-controversy-over-the-reduction-of-x-ray-time-in-the-taluk-hospital"
published_at: "2023-02-07T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e205c3e090a_thaluk_hospital_nada_2.jpg"
keywords: []
---

# എക്സ്-റേ സമയം വെട്ടിക്കുറച്ചു ; നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ എക്സ്-റേ സമയംവെട്ടിക്കുറച്ചത് വിവാദമാകുന്നു

> **Lead Summary:** **നാദാപുരം: **നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ എക്സ്-റേ സമയം വെട്ടിക്കുറച്ച നടപടി വീണ്ടും വിവാദമാകുന്നു. നേരത്തെ ഞായറാഴ്ചകളിൽ ഉൾപ്പെടെ രാവിലെ 8 മണി മുതൽ രാത്രി 8 വരെ പ്രവർത്തിച്ചിരുന്ന എക്സ്-റേ സൗകര്യമാണ് പെടുന്നനെ സമയം വെട്ടിക്കുറച്ചത്. കൂടാതെ ഞായറാഴ്ചകളിൽ പൂർണ്ണ അവധിയും നൽകിയിരിക്കുകയാണ്.

## Article Content

**നാദാപുരം: **നാദാപുരം ഗവ: താലൂക്ക് ആശുപത്രിയിൽ എക്സ്-റേ സമയം വെട്ടിക്കുറച്ച നടപടി വീണ്ടും വിവാദമാകുന്നു. നേരത്തെ ഞായറാഴ്ചകളിൽ ഉൾപ്പെടെ രാവിലെ 8 മണി മുതൽ രാത്രി 8 വരെ പ്രവർത്തിച്ചിരുന്ന എക്സ്-റേ സൗകര്യമാണ് പെടുന്നനെ സമയം വെട്ടിക്കുറച്ചത്. കൂടാതെ ഞായറാഴ്ചകളിൽ പൂർണ്ണ അവധിയും നൽകിയിരിക്കുകയാണ്.

എച്ച്എംസിയുടെ കീഴിൽ ലാഭകരമായ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എക്സ്-റേ സമയം വെട്ടിക്കുറച്ചത് പരിസരങ്ങളിലെ സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണെന്നാണ് വ്യാപക പരാതിയുടെ ആരോപണം.

ഒ.പി സമയം കഴിഞ്ഞിട്ട് ഗവ: താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളും സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ കുറിപ്പടികളുമായി വൈകുന്നേരങ്ങളിൽ എത്തുന്ന സാധാരണക്കാരായവർക്കും ഗവൺമെൻറ് ഹോസ്പിറ്റലിൽ എക്സ്-റേ പ്രവർത്തിക്കാത്തത് മൂലം സ്വകാര്യ പരിശോധന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

രാത്രികാലങ്ങളിൽ അപകടം സംഭവിച്ചും, മറ്റും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളും എക്സ്-റേ പരിശോധനയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ക്ലിനിക്കുകളെയാണ്.

നാദാപുരം താലൂക്ക് ഹോസ്പിറ്റലിൽ 150 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന എക്സ്-റേ പരിശോധന ഫലങ്ങൾക്ക് സ്വകാര്യ ക്ലിനിക്കുകളിൽ 600 മുതൽ 800 രൂപ വരെയാണ് ഈടാക്കുന്നത്. 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് പൂർണ്ണ സൗജന്യമായും ആദിവാസികൾക്കും ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉടമകൾക്ക് ഇളവുകൾ നൽകുന്നുമുണ്ട്.

പ്രതിമാസം ഒരു ലക്ഷം രൂപയിലധികം ലാഭയിനത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിക്ക് കൈമാറിയിട്ടും രാത്രികാല സേവനം വെട്ടി ചുരുക്കാനുള്ള തീരുമാനത്തിന് പിന്നിൽ എച്ച്എംസിയിലെ ചിലരുടെ താൽപര്യം എന്നാണ് പറയപ്പെടുന്നത്.

ഇത് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം കമ്മിറ്റി സമരരംഗത്ത് ഇറങ്ങുകയും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യൂത്ത് ലീഗ് ഭാരവാഹികളുമായി സംസാരിക്കുകയും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസം ചേർന്ന ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ഈ വിഷയം ചർച്ചക്കെടുക്കുകയും ഈ മാസം ഒന്നാം തീയതി മുതൽ രാത്രി 8 മണി വരെ എക്സ്-റേ പ്രവർത്തിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ മാസം ഏഴാം തീയതി ആയിട്ടും എക്സ്-റേ യൂണിറ്റ് വൈകീട്ട് 4 മണി വരെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനം കേവലം പ്രഹസനമായി മാറിയിരിക്കുകയാണ്. സമരക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

എക്സ്-റേ സമയം വെട്ടി ക്കുറച്ച നടപടി അടിയന്തരമായി പുന പരിശോധിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് യുവജന സംഘടനകളുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95315/x-ray-time-is-reduced-nadapuram-govt-controversy-over-the-reduction-of-x-ray-time-in-the-taluk-hospital)