---
title: "ജോലിയിൽ കൃത്രിമം;കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി"
english_title: "Manipulation in work; contractor blacklisted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/95946/manipulation-in-work-contractor-blacklisted"
published_at: "2023-02-09T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5164872fcb_eramala_grampanchayth.jpg"
keywords: []
---

# ജോലിയിൽ കൃത്രിമം;കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തി

> **Lead Summary:** **നാദാപുരം: **ഗ്രാമപഞ്ചായത്തിലെ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദ്ദേശം. നാദാപുരം ഗ്രാമപഞ്ചായത്തിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തുന്ന വാണിമേൽ സ്വദേശി വാഴയിൽ മൂസക്കെതിരെയാണ് വിവിധ ജോലികളിലേക്ക് കൃത്രിമം അന്വേഷിച്ചു കണ്ടെത്തിയതിനു പിന്നാലെ തദ്ദേശസ്വയംഭരണ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ നടപടിക്ക് ശുപാർശ ചെയ്തത്.

## Article Content

**നാദാപുരം: **ഗ്രാമപഞ്ചായത്തിലെ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ നിർദ്ദേശം. നാദാപുരം ഗ്രാമപഞ്ചായത്തിൽ കരാർ പണികൾ ഏറ്റെടുത്ത് നടത്തുന്ന വാണിമേൽ സ്വദേശി വാഴയിൽ മൂസക്കെതിരെയാണ് വിവിധ ജോലികളിലേക്ക് കൃത്രിമം അന്വേഷിച്ചു കണ്ടെത്തിയതിനു പിന്നാലെ തദ്ദേശസ്വയംഭരണ ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ നടപടിക്ക് ശുപാർശ ചെയ്തത്.

തദ്ദേശസ്വയംഭരണ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പരാതി പരിഹാര സെല്ലിൽ ലഭിച്ച പരാതി പ്രകാരമാണ് നടപടി. നാദാപുരം ഗ്രാമപഞ്ചായത്തിലെ 21ാം വാർഡിൽ പണികഴിച്ച കിഴക്കേ മഠത്തിൽ സ്കൂൾ റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതി നൽകുകയായിരുന്നു.

ടാറിങ്ങിനും കോൺക്രീറ്റിനും ഉൾപ്പെടെ ഫണ്ടനുവദിച്ച റോഡിൽ നിർമ്മാണ സമയത്ത് സ്ഥലത്തുണ്ടാകേണ്ട ഓവർസിയർ, എൻജിനീയർ, എന്നിവരുടെ അസാന്നിധ്യവും മേൽനോട്ടവും ഇല്ലാതെ തന്നിഷ്ടപ്രകാരം റോഡ് പണി പൂർത്തിയാക്കിയെന്നും നിർമ്മാണത്തിൽ ക്രമക്കേട് നടന്നെന്നും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

ഇതേ തുടർന്ന് തകരാറുകൾ പരിഹരിച്ച് റോഡ് കുറ്റമുറ്റത്താക്കാൻ എൻജിനീയറിങ് വിഭാഗം നൽകിയ നിർദ്ദേശം കരാറുകാരൻ അവഗണിച്ചതോടെയാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഇയാളെ മറ്റു കരാറുകളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് റോഡിന് ഫണ്ട് അനുവദിച്ചത്. 2021 ഫെബ്രുവരി രണ്ടിനാണ് റോഡിന് നിർമ്മാണ കരാർ വെച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/95946/manipulation-in-work-contractor-blacklisted)