---
title: "കനൽ വഴികൾ താണ്ടി; ജീവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കി സുബൈദ"
english_title: "Crossing the Coal Routes; Zubaidah accomplished her life goals"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/97165/crossing-the-coal-routes-zubaidah-accomplished-her-life-goals"
published_at: "2023-02-15T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec8850e9e04_subaida_pic.jpg"
keywords: []
---

# കനൽ വഴികൾ താണ്ടി; ജീവിത ലക്ഷ്യങ്ങൾ പൂർത്തിയാക്കി സുബൈദ

> **Lead Summary:** **തൂണേരി: **ജീവിതത്തിലെ കനൽ വഴികൾ താണ്ടി ലക്ഷ്യങ്ങൾ പൂർത്തിയാക്കി സുബൈദ എ കെ. കഴിഞ്ഞ 20 വർഷമായി നോർക്ക റൂട്ട്സിന്റെ ഡോക്യുമെന്റ് ക്ലിയറൻസ് പ്രവർത്തികൾ ചെയ്തു വരുന്ന സുബൈദ ഔദ്യോഗികമായി പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി ഇന്ന് കോഴിക്കോട് ജില്ലയിലെ പാരാ ലീഗൽ വളണ്ടിയർ ആണ്.

## Article Content

**തൂണേരി: **ജീവിതത്തിലെ കനൽ വഴികൾ താണ്ടി ലക്ഷ്യങ്ങൾ പൂർത്തിയാക്കി സുബൈദ എ കെ. കഴിഞ്ഞ 20 വർഷമായി നോർക്ക റൂട്ട്സിന്റെ ഡോക്യുമെന്റ് ക്ലിയറൻസ് പ്രവർത്തികൾ ചെയ്തു വരുന്ന സുബൈദ ഔദ്യോഗികമായി പ്രാഥമിക വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി ഇന്ന് കോഴിക്കോട് ജില്ലയിലെ പാരാ ലീഗൽ വളണ്ടിയർ ആണ്.

നോർക്ക റൂട്ട്സ് സംബന്ധമായ സർക്കാർ ധന സഹായങ്ങൾ, വെൽഫെയർ സർവീസസ്, ക്ഷേമനിധി കാർഡ്, ക്ഷേമ പെൻഷൻ, തുടങ്ങിയ നിരവധി സേവനങ്ങളാണ് സുബൈദ എ കെ എന്ന 54കാരി ചെയ്തു വരുന്നത്.

സാധാരണക്കാർക്ക് നിയമസംബന്ധമായ കാര്യങ്ങളിൽ മികച്ച സേവനം നടത്തിയതിനാണ് വടകര കോടതിയിൽ വെച്ച് ജഡ്ജിയിൽ നിന്നും അംഗീകാരം ലഭിച്ചത്.നേരത്തെ വിദേശത്ത് ഹോസ്പിറ്റലിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തു വന്ന സുബൈദ അവിടെ നിന്നായിരുന്നു ആദ്യമായി ഡോക്യുമെൻസ് ക്ലിയറൻസിൽ ഏർപ്പെട്ടത്.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഈ വീട്ടമ്മ തൻ്റെ യാത്രകളിലൂടെയാണ് കൂടുതൽ വിവരങ്ങളും അറിവും കരസ്ഥമാക്കിയത്.തൂണേരി കോടഞ്ചേരി സ്വദേശിനിയായ സുബൈദ 30 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ബൈക്ക് ഓടിച്ച വനിത എന്ന ഖ്യാതി കൂടിയുണ്ട്.

ഇത് അക്കാലത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. സ്വന്തമായുള്ള യാത്രയാണ് തൻ്റെ വ്യക്തിത്വ പ്രഭാവത്തിന് മുതൽക്കൂട്ടായതെന്നും സഞ്ചാരത്തിലൂടെ നേടുന്ന അറിവുകൾ തനിക്കും സമൂഹത്തിനും മുതൽക്കൂട്ടാവുന്ന തരത്തിലേക്ക് പ്രയോജനപ്പെടുത്തുമെന്നും സുബൈദ പറഞ്ഞു.

അകാലത്തിൽ പൊലിഞ്ഞുപോയ സ്വന്തം ഭർത്താവിന്റെ വിയോഗം അല്പം ഒന്ന് തളർത്തിയെങ്കിലും സ്വപ്രയത്നത്താൽ ജീവിതലക്ഷ്യം കീഴ്പ്പെടുത്തുകയായിരുന്നു. സുബൈദയെ തേടി നിരവധി അവാർഡുകളാണ് വന്നുചേർന്നത്.

സാമൂഹിക സേവനരംഗത്ത് അതുല്യ പ്രകടനം കാഴ്ചവച്ചതിന് കോഴിക്കോട് വെച്ച് മുൻ മന്ത്രി നീലലോഹിതദാസ് നാടാറിൽ നിന്നും മികച്ച സാമൂഹ്യ പ്രവർത്തകയ്ക്കുള്ള അംഗീകരമായി പൊന്നാട സ്വീകരിക്കുവാനുള്ള ഭാഗ്യമുണ്ടായി. കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ യുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് സുബൈദ.

കഴിഞ്ഞദിവസം കോടഞ്ചേരി-കോട്ടേമ്പ്രം ശാഖാ യൂത്ത് ലീഗ് 'ഈ കാസ് 23' സംഗമത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമത്തിൽ കോഴിക്കോട് ജില്ലാ വനിതാ ലീഗ് അധ്യക്ഷ എ ആമിന ടീച്ചറിൽ നിന്നും കോഴിക്കോട് ജില്ലയിൽ പാരാ ലീഗൽ വളണ്ടിയറായതിനുള്ള പുരസ്കാരം ഏറ്റുവാങ്ങുകയുണ്ടായി.

പ്രതികൂല സാഹചര്യത്തിനിടയിലും മകളായ മഹ്സൂമയെ അഭിഭാഷകയാക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. മകൻ ഷംസീർ ഖത്തറിൽ വ്യാപാരിയാണ്.ഔദ്യോഗിക വിദ്യാഭ്യാസം മാത്രമുള്ള സുബൈദയെ പോലോത്ത വനിതകൾ, എന്നും സമൂഹത്തിന് മാതൃകയാണ് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/97165/crossing-the-coal-routes-zubaidah-accomplished-her-life-goals)