---
title: "ഫണ്ട് തട്ടിപ്പ് ; ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണം ; ഐ എൻ എൽ നാദാപുരം"
english_title: "Fraud of funds; There should be a thorough investigation into the embezzlement of funds; INL Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98358/fraud-of-funds-there-should-be-a-thorough-investigation-into-the-embezzlement-of-funds-inl-nadapuram"
published_at: "2023-02-20T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f32c1b10a7a_I_N_L_.jpg"
keywords: []
---

# ഫണ്ട് തട്ടിപ്പ് ; ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണം ; ഐ എൻ എൽ നാദാപുരം

> **Lead Summary:** **നാദാപുരം**: ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാദാപുരം ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ ഗവ: ആശുപത്രി- സെയ്ദ് മൻസിൽ റോഡ് കോൺക്രീറ്റ് പ്രവർത്തി ചെയ്തിട്ടില്ല എന്നത് പകൽപോലെ വ്യക്തമാണ്. എന്നാൽ റോഡ് കോൺക്രീറ്റ് ചെയ്തതായി കാണിച്ച് 3 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവം ഞെട്ടിക്കുന്നതാണ്.

## Article Content

**നാദാപുരം**: ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നാദാപുരം ഗ്രാമപഞ്ചായത്ത് 20ാം വാർഡിൽ ഗവ: ആശുപത്രി- സെയ്ദ് മൻസിൽ റോഡ് കോൺക്രീറ്റ് പ്രവർത്തി ചെയ്തിട്ടില്ല എന്നത് പകൽപോലെ വ്യക്തമാണ്. എന്നാൽ റോഡ് കോൺക്രീറ്റ് ചെയ്തതായി കാണിച്ച് 3 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവം ഞെട്ടിക്കുന്നതാണ്.

തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നാദാപുരം പഞ്ചായത്തിൽ നടത്തിയ റോഡ് കോൺക്രീറ്റ് പ്രവർത്തികളിൽ വൻ ക്രമക്കേട് നടക്കുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇത് ശരിവെക്കുന്ന ഉത്തരവാണ് ഓംബുഡ്‌സ്മാന്റെത് . റോഡുകൾ 20-30 വർഷം ഈടുനിൽക്കുകയെന്ന ഉദ്ദേശത്തോടെയാണ് ടാറിംഗിന്റെ ഇരട്ടി തുക റോഡ് കോൺക്രീറ്റ് ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നത്.

നാദാപുരം പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ റോഡ് പ്രവർത്തി കരാറെടുത്ത കരാറുകാരും ഒത്ത് കളിച്ച് ആവശ്യമായ സിമന്റും മണലും മെറ്റലും ഉപയോഗിക്കാതെ കോൺക്രീറ്റ് ചെയ്തതിനാൽ ടാറിംഗ് ചെയ്തത റോഡിന്റെ ലൈഫ് പോലും കോൺക്രീറ്റ് ചെയ്ത റോഡിന് ലഭിച്ചിട്ടില്ല. പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത മുഴുവൻ റോഡുകളും മാസങ്ങൾക്കുള്ളിൽ തന്നെ തകർന്ന് നടന്നു പോകാൻ പോലും പറ്റാതായിട്ടുണ്ട്.

നാദാപുരം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടന്ന റോഡ് പ്രവർത്തികളെ പറ്റി സമഗ്രാന്വേഷണം നടത്തി അഴിമതി പുറത്ത് കൊണ്ട് വരണമെന്നും, ഗവ: ആശുപത്രി - സെയ്ദ് മൻസിൽ റോഡ് പ്രവർത്തി ചെയ്യാതെ ഫണ്ട് തട്ടിയെടുത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും ഐ എൻ എൽ നാദാപുരം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ സെക്രട്ടറി കെ ജി ലത്തീഫ് ഉൽഘാടനം ചെയ്തു. വി എ കെ പോക്കർ ഹാജി അധ്യക്ഷത വഹിച്ചു, കെ.കെ കുഞ്ഞമ്മദ് കുട്ടി, അൻവർ കെ.കെ.സി, ടി അബ്ദുൾ നാസർ, അത്തിലാട്ട് കുട്ട്യാലി ഹാജി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98358/fraud-of-funds-there-should-be-a-thorough-investigation-into-the-embezzlement-of-funds-inl-nadapuram)