---
title: "അജ്മാനിലെ തീപിടുത്തം; നാദാപുരം സ്വദേശികൾക്കും കനത്ത നഷ്ടം"
english_title: "Fire in Ajman; The natives of Nadapuram also suffered heavy losses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/98440/fire-in-ajman-the-natives-of-nadapuram-also-suffered-heavy-losses"
published_at: "2023-02-20T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f3848f9fe4f_ajman_1.jpg"
keywords: []
---

# അജ്മാനിലെ തീപിടുത്തം; നാദാപുരം സ്വദേശികൾക്കും കനത്ത നഷ്ടം

> **Lead Summary:** **നാദാപുരം**: രണ്ടുദിവസം മുമ്പ് യുഎഇയിലെ അജ്മാനിൽ ഉണ്ടായ തീപിടുത്തത്തിൽ നാദാപുരം സ്വദേശികൾക്കും കനത്ത നഷ്ടം. ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. അജ്മാനിലെ വ്യവസായ മേഖലയിൽ ആണ് ആളുകൾ ഉറങ്ങിക്കിടക്കുന്നതിനിടെ പുലർച്ച മൂന്നുമണിക്ക് വലിയ തീപിടുത്തം ഉണ്ടായത്. 40 ഓളം വാഹനങ്ങളും, നിരവധി വ്യാപാര സ്ഥാപനങ്ങളുമാണ് ചാമ്പലായത്.

## Article Content

**നാദാപുരം**: രണ്ടുദിവസം മുമ്പ് യുഎഇയിലെ അജ്മാനിൽ ഉണ്ടായ തീപിടുത്തത്തിൽ നാദാപുരം സ്വദേശികൾക്കും കനത്ത നഷ്ടം. ഗ്രോസറി, കഫ്റ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. അജ്മാനിലെ വ്യവസായ മേഖലയിൽ ആണ് ആളുകൾ ഉറങ്ങിക്കിടക്കുന്നതിനിടെ പുലർച്ച മൂന്നുമണിക്ക് വലിയ തീപിടുത്തം ഉണ്ടായത്. 40 ഓളം വാഹനങ്ങളും, നിരവധി വ്യാപാര സ്ഥാപനങ്ങളുമാണ് ചാമ്പലായത്.

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏകദേശം മൂന്ന് ലക്ഷത്തോളം ദിർഹംസിന്റെ നഷ്ടമാണ് കഫ്റ്റീരിയാ നടത്തുന്ന നാദാപുരം സ്വദേശി സൈയ്ദിന് മാത്രം ഉണ്ടായത്. കൂടാതെ, കഫ്റ്റീരിയയിലെ മുഴുവൻ സാധനങ്ങളും കത്തിച്ചാമ്പലായി, ധരിച്ച വസ്ത്രം ഒഴികെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ എല്ലാം അഗ്നി വിഴുങ്ങി. ഇത്രയും കാലം മരുഭൂമിയിൽ വിയർപ്പൊഴുക്കി അധ്വാനിച്ച് നേടിയ സമ്പാദ്യത്തിന്റെ വലിയൊരു അളവാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്.

മാത്രമല്ല റൂമിൽ താമസിക്കുന്ന 7 പേരുടെയും എല്ലാ രേഖകളും നഷ്ടപ്പെട്ടു. ഇതിൽ പാസ്പോർട്ട്, ബാങ്ക് കാർഡ്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, മെഡിക്കൽ ഇൻഷുറൻസ് കാർഡ്, ആർ.ടി.എ. കാർഡ്, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, വാച്ച് ഉൾപ്പെടെയുള്ളവയുണ്ട് പലരും കെട്ടിടത്തിൽ നിന്നും ജീവനും കൊണ്ടാണ് ഓടിയത്. ഇരു നില മാത്രമുള്ള കെട്ടിടമായതുകൊണ്ട് ജനൽ വഴിയും പകുതി പേർ രക്ഷപ്പെട്ടു.

ആർക്കും പരിക്കേൽക്കാത്തത് വലിയ അത്ഭുതമാണ്. മറ്റൊരു നാദാപുരം സ്വദേശിയായ നൗഷാദിന്റെ 'ടിഡ' കാർ പൂർണമായും കത്തിച്ചാമ്പലായി. റൂമിൽ സൂക്ഷിച്ചിരുന്ന പതിനായിരം ദിർഹംസും കത്തി നശിച്ചു . കൂടാതെ റൂമിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളും നിരവധി രേഖകളും നഷ്ടപ്പെട്ടു. ഇപ്പോൾ ധരിച്ച വസ്ത്രം മാത്രമാണ് ബാക്കി.

പോലീസ് റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ എംബസിയിൽ പാസ്പോർട്ടിനായി അപേക്ഷ നൽകാൻ കഴിയൂ. വാഹനത്തിനും കടയ്ക്കുമായി ഇൻഷൂറൻസ് ക്ലൈമിനായുള്ള നെട്ടോട്ടത്തിലാണ് നാദാപുരത്തെ പ്രവാസികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/98440/fire-in-ajman-the-natives-of-nadapuram-also-suffered-heavy-losses)