എടച്ചേരി: സർക്കാർ ഓഫീസിന് വാടകക്ക് കെട്ടിടം നൽകി. കെട്ടിടത്തിന് വാടക കുടിശ്ശിക ലഭിക്കാതെ വർഷങ്ങളായി അലയുകയാണ് എടച്ചേരി സ്വദേശി ശ്രീധരൻ. എടച്ചേരി സബ് രജിസ്ട്രാർ ഓഫീസിന് കെട്ടിടം വാടകക്ക് നൽകി എന്ന ചെറിയ അബദ്ധമാണ് ശ്രീധരൻ ചെയ്തത്. കഴിഞ്ഞ എട്ടു വർഷമായി വാടക കുടിശ്ശികയ്ക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ വൃദ്ധൻ.

വാടക വൈകുന്നതിൽ കൃത്യമായ ഒരു വിശദീകരണവും സർക്കാർ നൽകുന്നില്ല. മാത്രമല്ല ഇപ്പോൾ ശ്രീധരന്റെ ഫോൺ പോലും എടുക്കാത്ത സ്ഥിതിയായിട്ടുണ്ട്. വാടകക്കായി 2015 മുതൽ കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളിലില്ല. ശ്രീധരൻ പറയുന്നു. നിരവധി ഫയലുകളുണ്ട്, വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട്. ഡിസ്ട്രിക്ട് രജിസ്ട്രാർ ഓഫീസറോട് ചോദിച്ചാൽ പറയും, ഞാൻ തിരുവനന്തപുരം ഐ.ജിക്ക് അയച്ചിട്ടുണ്ട്.
എന്നാൽ ഐജി പറയും, എല്ലാം പ്രോസസ്സിങ്ങിൽ ആണെന്ന്. ഇപ്പോൾ ശ്രീധരന്റെ ഫോൺകോൾ കണ്ടുകഴിഞ്ഞാൽ ഐ.ജിയോ മറ്റ് ഓഫീസർമാരോ ഫോൺ എടുക്കാറില്ല. പക്ഷാഘാതം വന്ന തളർന്ന ശരീരവുമായി ശ്രീധരൻ കിട്ടാക്കടത്തിനായി അലയുകയാണ്. കണക്ക് പ്രകാരം 25 ലക്ഷം രൂപയിലേറെ വാടകയിനത്തിൽ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഉറപ്പുള്ള വരുമാനം പ്രതീക്ഷിച്ചാണ് എടച്ചേരി പുതിയങ്ങാടിയിൽ തൻ്റെ കെട്ടിടം 2011ൽ രജിസ്ട്രാർ ഓഫീസ് പ്രവർത്തനത്തിനായി വാടകക്ക് നൽകിയത്.
നേരത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള എടച്ചേരിയിലെ രജിസ്ട്രാർ ഓഫീസ് പൊളിച്ചുമാറ്റിയതിനെ തുടർന്നായിരുന്നു പുതിയ കെട്ടിടം എന്ന രീതിയിൽ വാടക കെട്ടിടത്തെ ആശ്രയിച്ചത്. എന്നാൽ, ആദ്യ മാസത്തെ വാടക തനിക്ക് ലഭിച്ചത് മൂന്ന് വർഷത്തിനുശേഷമാണ്. ഏറ്റവും ഒടുവിൽ വാടക ലഭിച്ചത് 2015 മാർച്ച് മാസത്തിലാണ്. ഇക്കാര്യത്തിൽ ശ്രീധരന് സർക്കാരിനോട് ചിലത് പറയുവാനുള്ളത് എന്തെന്നാൽ ഇത്തരത്തിലുള്ള കള്ളപ്പരിപാടികൾ ഉടനെ നിർത്തണം എന്നാണ്. എന്നാൽ രജിസ്ട്രേഷൻ വകുപ്പിനും ചില വിശദീകരണങ്ങൾ ബോധ്യപ്പെടുത്താനുണ്ട്.
കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം സംബന്ധിച്ച് തുടക്കത്തിൽ ചില ആശയ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇതു പരിഹരിച്ച് പുതിയ കരാറിൽ ഏർപ്പെട്ടപ്പോൾ, ഉണ്ടായ സാങ്കേതിക തടസ്സമാണ് വാടക മുടങ്ങുവാൻ കാരണം. രജിസ്ട്രേഷൻ വകുപ്പിന്റെ പദ്ധതി വിഹിതമില്ലാത്തതിനാൽ കുടിശ്ശിക സഹിതമുള്ള കണക്കുകൾ ധനവകുപ്പിന് കൈമാറിയിട്ടുണ്ട്.അടുത്ത സാമ്പത്തിക വർഷം പരിഹാരമാകുമെന്ന് രജിസ്ട്രേഷൻ വകുപ്പ് വിശദീകരിച്ചു.
leased; Old man who has not paid his dues for years newpost