---
title: "സമ്പന്നർക്ക് പെൻഷൻ; നാദാപുരത്തെ തട്ടിപ്പിന് പിന്നിൽ ഓൺലൈൻ സേവന കേന്ദ്രം"
english_title: "Pensions for the rich; Online service center behind Nadapuram scam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99515/pensions-for-the-rich-online-service-center-behind-nadapuram-scam"
published_at: "2023-02-25T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f99f1a5786b_barcode.jpg"
keywords: []
---

# സമ്പന്നർക്ക് പെൻഷൻ; നാദാപുരത്തെ തട്ടിപ്പിന് പിന്നിൽ ഓൺലൈൻ സേവന കേന്ദ്രം

> **Lead Summary:** **നാദാപുരം: **വർഷങ്ങളായി സർക്കാറിനെ വഞ്ചിച്ച് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരെ സഹായിച്ച നാദാപുരത്തെ തട്ടിപ്പിന് പിന്നിൽ ഓൺലൈൻ സേവന കേന്ദ്രം. ഗ്രാമപ്പഞ്ചായത്തിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ വ്യാജൻ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.

## Article Content

**നാദാപുരം: **വർഷങ്ങളായി സർക്കാറിനെ വഞ്ചിച്ച് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരെ സഹായിച്ച നാദാപുരത്തെ തട്ടിപ്പിന് പിന്നിൽ ഓൺലൈൻ സേവന കേന്ദ്രം. ഗ്രാമപ്പഞ്ചായത്തിൽ ലഭിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ വ്യാജൻ കണ്ടെത്തിയ സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.

സാമൂഹിക സുരക്ഷാ പെൻഷൻപദ്ധതിയുടെ ഭാഗമായി നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റുകളിൽ 10 എണ്ണമാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. നാദാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം.

നാദാപുരം വില്ലേജ് ഓഫീസറുടെ പരാതിയിൽ നാദാപുരം പോലീസാണ്‌ അന്വേഷണം നടത്തുന്നത്. സംഭവത്തിന് പിന്നിൽ ഓൺലൈൻ സ്ഥാപനങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ഗ്രാമപ്പഞ്ചായത്തിൽ വരുമാനസർട്ടിഫിക്കറ്റുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് സംശയം തോന്നിയത്. 5056 പെൻഷൻകാരാണ് നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. 3193 എണ്ണം ഇതിനകം ഹാജരാക്കിയിട്ടുണ്ട്.

ഇവ മുഴുവൻ കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 28-നകം ക്ഷേമപെൻഷൻ ലഭിക്കാൻ ഗ്രാമപ്പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. പെൻഷൻപദ്ധതിയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിൽ ലഭിച്ച അപേക്ഷകൾ അപ്‌ലോഡ് ചെയ്യാനായി പരിശോധനയ്ക്കെടുത്തു. തുടർന്ന് ക്യൂ ആർ കോഡുകൾ സ്കാൻചെയ്യാൻ കഴിയാതെവന്നതാണ് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് സംശയം തോന്നിയത്.

ഒറിജിനൽ സർട്ടിഫിക്കറ്റാണെങ്കിൽ ക്യൂ ആർ കോഡിൽ അപേക്ഷകന്റെ പേരും മറ്റ് വിവരങ്ങളും ഓൺലൈൻവഴി ആ സമയത്ത് തന്നെ ലഭിക്കും. ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തില്ലെങ്കിൽ വ്യാജനാണെന്ന് മനസ്സിലാകില്ല. സാധാരണ എല്ലാ ഗ്രാമപ്പഞ്ചായത്തുകളും സർട്ടിഫിക്കറ്റുകൾ വാങ്ങി പിന്നീടാണ് അപ്‌ലോഡ് ചെയ്യാറുള്ളത്. എന്നാൽ കിട്ടിയ മുറയ്ക്ക് എല്ലാ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യാൻ സാധിച്ചതാണ് വ്യാജനെ പിടികൂടാൻ സഹായിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99515/pensions-for-the-rich-online-service-center-behind-nadapuram-scam)