---
title: "കക്കൂസ് മാലിന്യം  പുറത്തേക്ക് ഒഴുകുന്നു ; മൂക്കുപൊത്തി നാട്ടുകാരും അങ്കണവാടി കുട്ടികളും"
english_title: "Toilet waste flows out; The locals and the Anganwadi children covered their noses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99595/toilet-waste-flows-out-the-locals-and-the-anganwadi-children-covered-their-noses-newpost"
published_at: "2023-02-25T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f9e205325b1_toilet_waste.jpg"
keywords: []
---

# കക്കൂസ് മാലിന്യം  പുറത്തേക്ക് ഒഴുകുന്നു ; മൂക്കുപൊത്തി നാട്ടുകാരും അങ്കണവാടി കുട്ടികളും

> **Lead Summary:** **നാദാപുരം: **കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നത് പതിവാകുന്നു. നാദാപുരം കക്കംവെള്ളി തൃക്കല്ലൂർ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലെ കക്കൂസ് മാലിന്യത്താൽ സമീപവാസികൾ പൊറുതിമുട്ടുന്നു. പത്തു ദിവസത്തിലധികമായി കെട്ടിടത്തിന് പിറകിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് സമീപത്ത് പരന്നൊഴുകുകയാണ്.

## Article Content

**നാദാപുരം: **കക്കൂസ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നത് പതിവാകുന്നു. നാദാപുരം കക്കംവെള്ളി തൃക്കല്ലൂർ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലെ കക്കൂസ് മാലിന്യത്താൽ സമീപവാസികൾ പൊറുതിമുട്ടുന്നു. പത്തു ദിവസത്തിലധികമായി കെട്ടിടത്തിന് പിറകിലെ കക്കൂസ് ടാങ്ക് നിറഞ്ഞ് സമീപത്ത് പരന്നൊഴുകുകയാണ്.

വാടക കെട്ടിടവും ഒരു മതിലും തമ്മിലുള്ള വ്യത്യാസത്തിൽ ഇരുപതാം വാർഡിലെ അംഗണവാടിയും ഉണ്ട്. രൂക്ഷമായ ഈ ദുർഗന്ധം സഹിച്ചാണ് ഇരുപതോളം പിഞ്ചുകുട്ടികൾ ഇവിടെ പഠനം നടത്തുന്നത്. ദുർഗന്ധം കാരണം അകലെയുള്ള വീട്ടിൽ പോയാണ് കുട്ടികൾക്ക് ഭക്ഷണം നൽകുന്നതെന്ന് സമീപവാസി പറഞ്ഞു. കവിഞ്ഞൊഴുകുന്ന ടാങ്കിൽ നിന്ന് പുറത്തുവരുന്ന കക്കൂസ് മാലിന്യത്തിനു മുകളിൽ മണ്ണിട്ട് മൂടിയ നിലയിലാണ്.

കനാൽ തുറക്കുന്നതോടെ മാലിന്യം പരന്നൊഴുകി സമീപത്തെ കിണറുകളും, കുടിവെള്ളവും, മലിനീകരണത്തിന് വിധേയമാകും എന്നും വെള്ളം ഉപയോഗശൂന്യമാകും എന്നും സമീപവാസികൾ പറഞ്ഞു. ആരോഗ്യവകുപ്പിൽ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പരിമിത സൗകര്യം മാത്രമുള്ള കെട്ടിടത്തിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളെയാണ് പാർപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99595/toilet-waste-flows-out-the-locals-and-the-anganwadi-children-covered-their-noses-newpost)