---
title: "സ്റ്റേഡിയം വീണ്ടെടുക്കാൻ; ലീഗ് കമ്മിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "to reclaim the stadium; The league committee organized the tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/99649/to-reclaim-the-stadium-the-league-committee-organized-the-tournament"
published_at: "2023-02-25T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fa1aed41b65_ground.jpg"
keywords: []
---

# സ്റ്റേഡിയം വീണ്ടെടുക്കാൻ; ലീഗ് കമ്മിറ്റി ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **തെരുവമ്പറമ്പ് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ധന സമാഹരണാർത്ഥം മുസ്ലിം ലീഗ് ശാഖ കമ്മിറ്റി ക്രിക്കറ്റ്, ഫുട്‍ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ വാണിമേൽ പുഴ ദിശ മാറി ഒഴുകിയതിനെ തുടർന്നാണ് മൂന്നേക്കറിൽ സ്ഥിതി ചെയ്തിരുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പകുതി ഭാഗം പുഴയെടുത്തത്.

## Article Content

**നാദാപുരം: **തെരുവമ്പറമ്പ് പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ക്രിക്കറ്റ് സ്റ്റേഡിയം പുനരുദ്ധാരണ ധന സമാഹരണാർത്ഥം മുസ്ലിം ലീഗ് ശാഖ കമ്മിറ്റി ക്രിക്കറ്റ്, ഫുട്‍ബോൾ ടൂർണമെന്റുകൾ സംഘടിപ്പിച്ചു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ വാണിമേൽ പുഴ ദിശ മാറി ഒഴുകിയതിനെ തുടർന്നാണ് മൂന്നേക്കറിൽ സ്ഥിതി ചെയ്തിരുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പകുതി ഭാഗം പുഴയെടുത്തത്.

നഷ്ടപ്പെട്ട കളി സ്ഥലം വീണ്ടെടുക്കണമെന്ന ആവശ്യവുമായി കായിക പ്രേമികൾ നിരന്തരം അധികൃതരെ സമീപിച്ചെങ്കിലും കളി സ്ഥലം സർക്കാർ രേഖയിൽ ഇല്ലാത്തതിനാൽ ഭരണ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ നിർവാഹം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് മുസ്ലിം ലീഗ് നേതാക്കൾ മുന്നിട്ടിറങ്ങി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ടിന്റെ നിരന്തര ശ്രമ ഫലമായി റവന്യു ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ അന്യാധീനമാകുമായിരുന്ന കളി സ്ഥലം പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

നഷ്ടപ്പെട്ട കളി സ്ഥലം വീണ്ടെടുത്താൽ കയർ ഭൂ വസ്ത്രം വിരിച്ച് സംരക്ഷിക്കാമെന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിൽ ശാഖ ലീഗ് കമ്മിറ്റിയുടെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ നഷ്ടപ്പെട്ട ക്രിക്കറ്റ് ഗ്രൗണ്ട് തിരിച്ചു പിടിക്കുകയായിരുന്നു. മണ്ണെടുപ്പിനും മറ്റുമായി അഞ്ച്‌ ലക്ഷത്തിലേറെ രൂപയാണ് ശാഖ ലീഗ് കമ്മിറ്റി ചിലവഴിച്ചത്.

ശേഷം ഗ്രാമ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കയർ ഭൂ വസ്ത്രം വിരിച്ച് താൽക്കാലിക സംരക്ഷണവും നൽകി. പഞ്ചയത്തിലെ ഏറ്റവും വലിയ കളി സ്ഥലമായ തെരുവമ്പറമ്പ് ക്രിക്കറ്റ് സ്റ്റേഡിയം കരിങ്കൽ ഭിത്തി കെട്ടി പൂർണമായും സംരക്ഷിക്കപ്പെടണം എന്നാണ് കായിക പ്രേമികളുടെയും നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യം.

അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷയും. സ്റ്റേഡിയം പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ശാഖ ലീഗ് സംഘടിപ്പിച്ച ടൂർണമെന്റിൽ തിരുവനന്തപുരത്ത് നിന്നെത്തിയ ബ്രദേഴ്‌സ് ചുണ്ട വിന്നേഴ്സ് ട്രോഫിക്ക് അർഹരായി.

റെസ്ക്യു വടകര റണ്ണേഴ്‌സ് അപ് നേടി. ടൂർണമെന്റ് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ, അബ്ദുദാബി സീഷെൽ ഗ്രൂപ്പ് എം ഡി ടി ടി കെ അമ്മദാജി എന്നിവർ മുഖ്യാതിഥികളായി.

മികച്ച സാമൂഹ്യ സേവനത്തിന് നൽകുന്ന ടിപി അന്ത്രു സ്മാരക പുരസ്‌കാരം ഈന്തുള്ളതിൽ കുഞ്ഞാലിക്ക് സമ്മാനിച്ചു. ജൂഡോ സ്റ്റേറ്റ് ലെവൽ ചമ്പ്യാന്മാരായ കൃഷ്ണ കീർത്തന,കെ നഷാത്ത്, ഇ നിഹാൽ, പി എം സിനാദ് എന്നിവർക്ക് ഉപഹാരം നൽകി. എൻ കെ ജമാൽ ഹാജി, ഇ ഹാരിസ്, കെസി ശംസു, റിയാസ് ലൂളി, പികെ ശംസീർ, സമീർ കല്ലിൽ, നൗഷാദ് വീരൻ പ്രസംഗിച്ചു. ഇ കുഞ്ഞാലി സ്വാഗതവും സികെ സിറാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/99649/to-reclaim-the-stadium-the-league-committee-organized-the-tournament)